രചന : ഷാ അലി ✍
ഉള്ളിലൊരാകാശം
ഇടിഞ്ഞു തുടങ്ങുന്നുണ്ട്
ഏത് നിമിഷവും
വെളുത്ത മേഘങ്ങളുടെ
കെട്ടു പൊട്ടിയേക്കാം
ആദ്യത്തെ കുലുക്കത്തിൽ തന്നെ
അഴിഞ്ഞു പോയ മഴവില്ല്
കുപ്പിവള പോലെ ചിതറി
ചങ്കോളം തറച്ചു നിൽപ്പുണ്ട്..
അനന്തതയിൽ നോക്കിയിരിക്കാനിനി
ആകാശമില്ലായ്കയാൽ
ആശകളുടെ അസ്ഥിവാരത്തിന്
തീയിടുകയാണ്..
ചെരിഞ്ഞ മുറത്തിലെന്ന പോലെ
അടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെ
തെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്
ജീവിതത്തിന്റെ ആകാശം
ഇപ്പോഴും മേഘാവൃതമെന്നൊരു
കുളിര് ഉള്ളാകെ നിറഞ്ഞു
നിൽക്കുന്നവർക്ക് ലേലത്തിനിരിക്കാം..
പിന്നെയുള്ളത് എന്റെ
രാക്കിനാക്കൾക്ക് വഴികാട്ടാൻ
ഉരുകിയൊലിച്ചു നിറം മങ്ങിപ്പോയ
പഴയൊരു നിലാറാന്തലും
എന്റെ കടലിൽ
എന്റെ പുഴകളിൽ
എന്റെ ചോലകളിൽ
എന്റെ നീർച്ചാലുകളിലൊക്കെയും
നിരന്തരം പെയ്തു നരച്ചുപോയ
കാർമേഘ വള്ളിയുമാണ്…
രണ്ടും ഞാൻ
കൊണ്ടു പോവുന്നു..
എംബാം ചെയ്തു
വെക്കാനുദ്ദേശിക്കുന്ന
വിഖ്യാത പ്രണയത്തിന്റെ
ശേഷിപ്പുകൾക്കൊപ്പം
അടക്കം ചെയ്തു സൂക്ഷിക്കാൻ
എന്റെ മാത്രമെന്ന
എന്തെങ്കിലും
വേണമെന്നിരിക്കയാൽ
കൊണ്ടുപോവുന്നു…!
