രചന : പൂജ. ഹരി കാട്ടാകാമ്പാൽ✍
വിഷാദത്തിലൂടെ പോകുന്നവർ
ആർദ്രത വറ്റിയ നദികളാണ്…
മുമ്പൊഴുകി പോയ ജലകണങ്ങൾ..
തുള്ളിതുളുമ്പിയ ഓളങ്ങൾ..
മഴയെ പുണർന്നലിഞ്ഞ അതിരുകൾ.,
എല്ലാം ഓർമ്മയിലുണ്ടെങ്കിലും…
ഉണങ്ങിയടർന്ന ഇല പോലെ
കൊഴിഞ്ഞു മണ്ണിൽ വീണടിയും..
മൂടികെട്ടിയ ആകാശം പോലെ
ഒന്ന് പെയ്യാൻ കൊതിച്ചു നിൽക്കും..
ചിരിയൊട്ടിച്ചു വെച്ച ചുണ്ടുകളിൽ
ഒരു കരച്ചിൽ മുട്ടി നിൽക്കുന്നുണ്ടാവും..
ഭൂമിയിൽ നടക്കുന്നുണ്ടെന്നാലും
മനസ്സിനെ ശൂന്യാകാശത്തോട്ടയക്കും..
ആൾക്കൂട്ടത്തിലെന്നാലും
ഒറ്റക്കൊരു ഗുഹയിലൊളിക്കും..
ഓടിത്തളർന്നു കുഴഞ്ഞൊടുവിൽ
അവസാനത്തെയുറക്കം കൊതിക്കും..
മണ്ണിലലിഞ്ഞു പോയവരെല്ലാം
സ്വപ്നത്തിൽ വന്നു ക്ഷണിക്കും..
കാറ്റും വെളിച്ചവും തലോടാതെ
ഇരുട്ടിന്റെയോരത്തു നിൽക്കുമ്പോൾ
ഉറക്കം പടർന്ന കണ്ണുകളിൽ
ഒരു ചെറുതിളക്കം ബാക്കിയാവും…
മറവിയുടെ ചെറുതിരയാൽ
മാഞ്ഞു പോകുന്ന ഓർമ്മകൾ..
വിഷാദമോ വെറും നാട്യമെന്ന് ചിലർ
മൗനം മുദ്രവെച്ചു പൂട്ടിയ വാചാലത..
ചിന്തയിൽ കൂടിയ കടന്നൽ കൂട്ടങ്ങൾ
ഇളകി മറിഞ്ഞു കുത്തി നീറുമ്പോൾ
ഇടറിയ പാദങ്ങളാൽ പിന്നെയും
ഏതോ വിജനതയിലേക്ക്..
ഏതോ വിഷാദ തീരത്തിലേക്ക്..