രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍
ഇരുളിൽ മറച്ചു വിധി തീർത്തോരോമ്മകൾ,
മായാതെ നിൽക്കുന്നു കാലത്തിൻ ഭിത്തിയിൽ.
ഒരുനോവുപോലൊരുതീരാദുഃഖമായ്,
അടയാളമായ് മാറിയോരോർമ്മകൾ!
വിതുമ്പുന്ന ഹൃദയത്തിൽ തേങ്ങലായ് എന്നും,
ഒടുങ്ങാത്ത വേദന നൽകിയോരാദിനങ്ങൾ.
മിഴികളിൽ നിഴലായ് ചുണ്ടിലെ മൗനംപോൽ,
വടുക്കളായ് മാറിയോരോരോ അനുഭവങ്ങൾ!
ഒഴുകിപ്പോം പുഴപോൽ ജീവിതമെങ്കിലും,
കൊഴിഞ്ഞുപോകാത്തൊരാ നോവുകൾ മാത്രം.
ഉണങ്ങാത്ത മുറിവുകളായ്, മനസ്സിലെന്നും,
കനലെരിയും സ്മരണകളായവ!
മറക്കുവാൻ ശ്രമിക്കുമ്പോളോരോനിമിഷവും,
കൂടുതൽ തെളിവാർന്നുവരുന്നു.
മായാത്ത വടുക്കളായ് എന്നെന്നും നിലനിൽക്കും,
ജന്മത്തിൻ താളിലെഴുതിയൊരീ വേദനകൾ!
