രചന : ഡോ. ബിജു കൈപ്പാറേടൻ ✍
പ്രിയേ,
ഗുൽമോഹറുകൾ
അശോകവനം തീർത്ത
ക്യാമ്പസിൻ കുളിരേറ്റ്
വെഞ്ചാമരത്തണലിൽ,
മടികളന്യോന്യം
തലയിണകളാക്കി മയങ്ങവേ-
യന്നു നാം കണ്ട സ്വപ്നങ്ങളിൽ
പാടിയതൊക്കെയും
നീ മറന്നുവോ..!
വർഷങ്ങളെത്രയോ
കടന്നുപോയ്
വർഷമേഘങ്ങളെത്രയോ
പെയ്തുപോയ്…
ഹൃദയതാഴ്-
വരയിലെവിടെയോ നിന്ന്
ഇന്നും
ഗൽഗദമായുയരുന്നു,
ഏകാന്തപഥികനെൻ
പ്രണയസ്പന്ദനം!
നോക്കൂ…
സന്ധ്യയായ് ദേവീ
വെള്ളികെട്ടിത്തുടങ്ങി-
യെൻ നരച്ച യാമങ്ങൾ ….
ഇരവുകൾ ഉറക്കമില്ലാത്ത
പകലുകളായ് മാറവേ
നിന്റെ ഓർമ്മകളിലിന്നുമെൻ
കരൾ നൊന്തു വിങ്ങുന്നു.
ആർക്കുവേണ്ടി
പാടണം ഞാൻ,
പറയു നീ ദേവതേ,
ആരെയോർത്തു
മൂളണം ഞാൻ…!
ഇത്രനാൾ കാത്തുവെച്ച
മൺവീണ
നിന്നെയൊടുവിലൊന്നു
കാണായ്‌കിലൊരുവേള
താഴെവീണുടയുമോ ദേവികേ !
അശാന്തമാം രാവിലീ
സ്നേഹ ഗായകൻ
മീട്ടുവതൊക്കയും
അപശ്രുതിയാകുമോ
ദേവീ…
ഇനിയെന്ന് കാണും നാം.
പറയു നീ
മൃദുസ്വർണ്ണവീണേ
ഈ പാഴ്‌മുളം തണ്ടിൽ
ഞാൻ മൂളുവതൊന്നും
മമ മനതാരിലൊരുനാൾ
മഞ്ഞിൻ മന്ദാരമായ്
പെയ്യുകില്ലേ !
