കേവലമായ ഒരു വ്യക്തിഗത ക്ഷമാപണമോ രാഷ്ട്രീയ മര്യാദയോ ആയി ഒതുക്കിത്തീർക്കാവുന്ന ഒന്നല്ല മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മമ്മൂട്ടിയോട് നടത്തിയ പ്രതികരണം. അതിനെ വൈകാരിക തലത്തിൽ നിന്ന് അടർത്തിയെടുത്ത് ഒരു മാക്സിയൻ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോൾ, പ്രത്യേകിച്ച് അന്റോണിയോ ഗ്രാംഷിയുടെ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ, അതിന്റെ പിന്നിലെ ദീർഘവീക്ഷണമുള്ള രാഷ്ട്രീയ തന്ത്രം വ്യക്തമാകും.

അടിത്തറയെ താങ്ങുന്ന സാംസ്കാരിക ഉപരിഘടന.

കാൾ മാർക്സ് മുന്നോട്ടുവെച്ച ‘അടിത്തറ-ഉപരിഘടന’ (Base and Superstructure) എന്ന സങ്കൽപ്പത്തെ ഗ്രാംഷി പുനർനിർവചിച്ചത് വിപ്ലവകരമായ മാറ്റങ്ങളോടെയാണ്. സാമൂഹ്യ അടിത്തറ എത്ര ശക്തമാണെങ്കിലും, കലയും സാഹിത്യവും സംസ്കാരവും അടങ്ങുന്ന ‘ഉപരിഘടന’ സുശക്തമല്ലെങ്കിൽ ഒരു പ്രത്യയശാസ്ത്രത്തിനും ദീർഘകാലം നിലനിൽപ്പില്ലെന്ന് ഗ്രാംഷി വാദിച്ചു. ഇവിടെ മമ്മൂട്ടി എന്ന കലാകാരൻ കേരളത്തിന്റെ സാംസ്കാരിക ഉപരിഘടനയിലെ പ്രബലമായ ഒരു കണ്ണിയാണ്. അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വത്തെ ചേർത്തുപിടിക്കുന്നത് ഇടത് പക്ഷത്തിന്റെ ആശയപരമായ മേൽക്കൂരയെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ജാഗ്രതയാണ്.

ഓർഗാനിക് ഇൻ്റലക്ച്വലുകളും ആശയ സംവേദനവും.

സമൂഹത്തിൽ സ്വാഭാവികമായി രൂപപ്പെട്ടുവരുന്ന ബുദ്ധിജീവികളെ (Organic Intellectuals) കുറിച്ച് ഗ്രാംഷി വിശദീകരിക്കുന്നുണ്ട്. കേവലം അക്കാദമിക് പണ്ഡിതന്മാരല്ല ഇവർ. മറിച്ച് ജനങ്ങളോട് നേരിട്ട് സംവദിക്കാനും അവരുടെ ചിന്തകളെ സ്വാധീനിക്കാനും കഴിയുന്നവരാണ്. മമ്മൂട്ടിയെപ്പോലെ ജനലക്ഷങ്ങൾ ആരാധിക്കുന്ന ഒരു സെലിബ്രിറ്റി, ഇടതുപക്ഷ മൂല്യങ്ങളോട് ചേർന്നുനിൽക്കുമ്പോൾ അത് വലിയൊരു ജനവിഭാഗത്തിനിടയിൽ ആ ആശയത്തിന് സാധുത (Legitimacy) നൽകുന്നു. അത്തരമൊരു കണ്ണിക്കുണ്ടാകുന്ന ചെറിയ പോറലുകൾ പോലും അടിത്തറയെ ബാധിക്കുമെന്ന ബോധ്യം രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

സാംസ്കാരിക ഹെജിമണിയും സമ്മതത്തിന്റെ നിർമ്മാണവും.

ഭരണകൂടം കേവലം പട്ടാളശക്തി കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ ‘സമ്മതം’ (Consent) നേടിയെടുക്കുന്നതിലൂടെയാണ് ഭരിക്കുന്നത്. ‘സാംസ്കാരിക ഹെജിമണി’ (Cultural Hegemony) എന്ന ആശയം ഇവിടെ പ്രസക്തമാണ്. കേരളത്തിലെ പൊതുമണ്ഡലത്തിൽ ഇടതുപക്ഷം പുലർത്തുന്ന സാംസ്കാരികമായ മുൻതൂക്കം നിലനിർത്തുന്നതിൽ ഇത്തരം സെലിബ്രിറ്റികൾക്ക് നിർണ്ണായക പങ്കുണ്ട്. സിനിമയും സാഹിത്യവും പോലുള്ള കലാ മാധ്യമങ്ങളിലൂടെ ജനമനസ്സുകളിൽ സ്വാധീനം ഉറപ്പിച്ചിട്ടുള്ള വ്യക്തികളെ ബഹുമാനിക്കുന്നതിലൂടെ, പ്രസ്ഥാനം ആ ജനകീയ സമ്മതത്തെയാണ് അരക്കിട്ടുറപ്പിക്കുന്നത്.

ബിംബവൽക്കരണവും പ്രതിരോധവും

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എക്കാലവും തങ്ങളുടെ ആശയപ്രചാരണത്തിനായി സാംസ്കാരിക നായകരേയും കലാകാരന്മാരേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തെരെഞ്ഞെടുപ്പുകളിൽ അവരെ മത്സരിപ്പിക്കുകയും ചെയ്യാറുണ്ട്. ഒരു കലാകാരൻ എന്നതിലുപരി ഒരു സാംസ്കാരിക ചിഹ്നമായി മാറിയ മമ്മൂട്ടിയോട് കാണിക്കുന്ന ബഹുമാനം, യഥാർത്ഥത്തിൽ ആ വ്യക്തിയോടുള്ളതല്ല, മറിച്ച് അദ്ദേഹം പ്രതിനിധീകരിക്കുന്ന ആ വലിയ സാംസ്കാരിക മൂലധനത്തോടുള്ളതാണ് (Cultural Capital). ഈ മൂലധനത്തെ കൈവിട്ടുപോകാതെ സൂക്ഷിക്കുക എന്നത് ഒരു കേഡർ പാർട്ടിയുടെ ആശയപരമായ ബാധ്യതയാണ്.

ചുരുക്കത്തിൽ, മുഖ്യമന്ത്രിയുടെ ഇടപെടൽ ഒരു കേവല വികാരപ്രകടനമല്ല, മറിച്ച് സൂക്ഷ്മമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടയാളമാണ്. പ്രത്യയശാസ്ത്രപരമായ മേധാവിത്വം (Ideological Hegemony) നിലനിർത്താൻ സാംസ്കാരിക നായകരുമായി ചേർന്നുനിൽക്കുക എന്നത് ഗ്രാംഷിയൻ കാലഘട്ടത്തിന് ശേഷമുള്ള മാർക്സിസ്റ്റ് പ്രായോഗിക രാഷ്ട്രീയത്തിന്റെ കാതലാണ്. സാംസ്കാരികമായ ഈ ‘മേൽക്കൂര’ ശക്തമാണെങ്കിൽ മാത്രമേ രാഷ്ട്രീയമായ ‘അടിത്തറ’ സുരക്ഷിതമായിരിക്കുകയുള്ളൂ എന്ന ചരിത്രപരമായ സത്യമാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയുന്നത്.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *