രചന : ടിന്റു ആന്റണി ✍️
ഇറ്റലിയിലെ ഒരു മരണം നടന്നാൽ ആ വ്യക്തിയെ അടക്കം ചെയ്യാൻ സാധാരണയായി മൂന്ന് ദിവസമെടുക്കും. എന്തുകൊണ്ടാണ് ഇത്രയും സമയം കാത്തിരിക്കുന്നത്?
🎯 ഇതിനു പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള, വിചിത്രവും എന്നാൽ അല്പം പേടിപ്പെടുത്തുന്നതുമായ ഒരു ചരിത്രമുണ്ട്.
⚰️ പത്തൊൻപതാം നൂറ്റാണ്ടിലും അതിനു മുൻപും യൂറോപ്പിൽ (ഇറ്റലി ഉൾപ്പെടെ) പല സ്ഥലങ്ങളിലും കല്ലറകൾ പുനരുപയോഗത്തിനായി തുറന്നപ്പോൾ ശവപ്പെട്ടിക്കുള്ളിൽ മൃതദേഹങ്ങൾ വിചിത്രമായ രീതിയിൽ കിടക്കുന്നതും, പെട്ടിയുടെ ഉൾവശത്ത് വിരലുകൾ കൊണ്ട് മാന്തിയതു പോലുള്ള പാടുകൾ കണ്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.
🪞 അക്കാലത്ത് മരണം സ്ഥിരീകരിക്കാൻ ഇന്നത്തെ പോലുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇല്ലായിരുന്നു. പകരം ശ്വാസമെടുക്കുന്നുണ്ടോ എന്ന് നോക്കാൻ മൂക്കിന് താഴെ കണ്ണാടി വെക്കുകയോ അല്ലെങ്കിൽ നാഡിമിടിപ്പ് നോക്കുകയോ മാത്രമാണ് ചെയ്തിരുന്നത്. ശരീരം സ്തംഭിച്ചുപോകുന്നതും നാഡിമിടിപ്പ് വളരെ കുറയുന്നതുമായ അവസ്ഥയിലുള്ള രോഗികളെ മരിച്ചുവെന്ന് കരുതി അടക്കം ചെയ്തിരുന്നു.
😷 കോളറയും മറ്റ് പകർച്ചവ്യാധികളും പണ്ട് പടർന്നുപിടിച്ച സമയത്ത്, രോഗം പടരാതിരിക്കാൻ മൃതദേഹങ്ങൾ വളരെ വേഗം അടക്കം ചെയ്യുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പലർക്കും ജീവനുണ്ടായിരുന്നിരിക്കാം.
😨 ജീവനോടെ അടക്കം ചെയ്യപ്പെടുമോ എന്ന ഭയം യൂറോപ്പിലെ ജനങ്ങൾക്കിടയിൽ അത്രയ്ക്ക് ശക്തമായിരുന്നു. ഇതിനെയാണ് ‘ടാഫോഫോബിയ’ എന്ന് വിളിക്കുന്നത്. പ്രശസ്ത റഷ്യൻ എഴുത്തുകാരൻ നിക്കോളായ് ഗോഗോൾ, അമേരിക്കൻ എഴുത്തുകാരൻ എഡ്ഗർ അലൻ പോ തുടങ്ങിയവരൊക്കെ ഈ പേടിയുണ്ടായിരുന്നവരാണ്.
⚰️ നഖങ്ങൾ കൊണ്ട് മാന്തിയത് പോലുള്ള പാടുകൾ കണ്ട സംഭവങ്ങൾ അക്കാലത്ത് വലിയ വാർത്തയായതുകൊണ്ടാണ് “Safety Coffins” എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം പെട്ടികൾ തന്നെ നിർമ്മിക്കപ്പെട്ടത്. ശവപ്പെട്ടിക്കുള്ളിൽ മൃതദേഹം അനങ്ങിയാൽ ഒരു ചരടിലൂടെ പുറത്ത് മണി മുഴങ്ങുന്ന സംവിധാനം ഇതിലുണ്ടായിരുന്നു. അതിനായി കാവലാളും ഉണ്ടായിരുന്നു. പക്ഷേ, ചരിത്രരേഖകൾ പ്രകാരം ഈ മണി മുഴക്കി ആരെങ്കിലും രക്ഷപ്പെട്ടതായി കൃത്യമായ തെളിവുകളില്ല.
🔎 ശാസ്ത്രീയമായ മറ്റൊരു സാധ്യത
മൃതദേഹം ദ്രവിക്കുമ്പോൾ (Decomposition) ഉണ്ടാകുന്ന ഗ്യാസുകൾ കാരണം ശരീരം പെട്ടിക്കുള്ളിൽ ചലിക്കാനോ കൈകാലുകൾ മാറിക്കിടക്കാനോ സാധ്യതയുണ്ട്. പണ്ട് കല്ലറ തുറന്നവർ അസ്ഥികൾ മാറി കിടക്കുന്നത് കണ്ടപ്പോൾ അത് മരണശേഷമുള്ള വെപ്രാളമാണെന്ന് തെറ്റിദ്ധരിക്കാനും സാധ്യതയുണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്നു.
എങ്കിലും, ആ കാലഘട്ടത്തിലെ ഇത്തരം പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇന്നത്തെ “മൂന്ന് ദിവസത്തെ നിരീക്ഷണം” എന്ന കർശനമായ നിയമത്തിലേക്ക് ഇറ്റലിയെ എത്തിച്ചത്.
👐 യേശുക്രിസ്തു കുരിശിലേറ്റപ്പെട്ട ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന ക്രൈസ്തവ വിശ്വാസവും ഈ മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ഒരു ആത്മീയ മാനം നൽകുന്നു.
🗞️ ഇന്ന് വൈദ്യശാസ്ത്രം ഒത്തിരി വളർന്നു. എങ്കിലും ഇറ്റാലിയൻ നിയമപ്രകാരം (DPR 285/90) മരണം നടന്ന് കുറഞ്ഞത് 24 മുതൽ 48 മണിക്കൂർ വരെ കർശനമായ നിരീക്ഷണം (Observation period) കഴിഞ്ഞേ സംസ്കാര നടപടികൾ തുടങ്ങാവൂ. മസ്തിഷ്ക മരണം പൂർണ്ണമായും സ്ഥിരീകരിക്കാനും, നിയമപരമായ നൂലാമാലകൾ തീർക്കാനും ഈ സമയം അത്യാവശ്യമാണ്
