നിങ്ങളുടെ സുഹൃത്തിനെ പങ്കാളിക്ക് ധൈര്യത്തോടെ പരിചയപ്പെടുത്താൻ കഴിയുന്ന എത്രപേരുണ്ട്?
ഈ കാലത്ത് അങ്ങനെയുണ്ടോ? കഴിയാത്ത എത്രപേരുണ്ട് എന്നല്ലേ ചോദിക്കേണ്ടത് എന്നായിരിക്കും ചിലർക്ക് തോന്നുക. എന്നാൽ നമ്മിൽ ബഹുഭൂരിപക്ഷവും പൊസ്സസ്സീവ്നെസ് കൂടിയ അളവിൽ വിളമ്പി ടോക്സിക് ആയ മനുഷ്യരാണ്, അത് സ്വീകരിക്കുന്ന മനുഷ്യരുമാണ്. അല്ലാത്തവരുണ്ടാകും എന്നത് തള്ളുന്നില്ല.
“സ്വയം അടച്ചിട്ട മുറിയിൽ നമുക്ക് എത്ര നേരം വേണമെങ്കിലും ഇരിക്കാം സാറേ,പക്ഷേ വാതിൽ അടയ്ക്കുന്നത് പുറത്ത് നിന്നൊരാളാണെങ്കിൽ ഒരു മിനിറ്റ് പോലും നമുക്ക് സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല. അതാണ്‌ ലിബെർട്ടിയുടെയും ലോക്കപ്പിന്റെയും മനഃശാസ്ത്രം…..
അകത്തായാലും പുറത്തായാലും വാതിൽ പുറത്ത് നിന്നടക്കാൻ ആരെയും അനുവദിക്കരുത് സാറേ…..”
അന്ന് കണ്ടപ്പോഴും ഇന്ന് ഒരു റീലിൽ കണ്ടപ്പോഴും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുപോയ വാക്കുകളാണിത്.

എത്രയേറെ സാഹചര്യങ്ങളിൽ നമ്മളൊക്കെയും മറ്റുള്ളവർ അടയ്ക്കുന്ന വാതിലിനകത്ത് ജീവിച്ചിട്ടുണ്ട്, ജീവിക്കുന്നുണ്ട്.
വാതിലൊക്കെ തുറന്നാകും മറ്റുള്ളവർ കാണുന്നത് അദൃശ്യമായ അനേകം പൂട്ടുകൾ ഓരോ മനുഷ്യർക്കും ഉണ്ടാകും.അത്രയും happy ആണെന്ന് നമുക്ക് തോന്നുന്ന മനുഷ്യരൊക്കെ എത്രയേറെ ആധികളുടെ, പാരതന്ത്ര്യങ്ങളുടെ ഇടയിൽ ശ്വാസമുട്ടുന്നവരായിരിക്കുമെന്നോ ‼️
രസം അതല്ല,നമ്മളാണ് ആ വീട്ടിലെ അല്ലെങ്കിൽ ആ ഇടത്തെ അധിപ, അധിപൻ എന്നൊക്കെയാണ് നാം കരുതുന്നത്.എങ്കിലും അവിടെ നമുക്ക് സ്വന്തമായ വ്യക്തിത്വം ഉണ്ടാകില്ല. അതായത് നമ്മുടെ ഇഷ്ടങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയില്ല.
കുടുംബത്തിനോ മറ്റാർക്കുമോ ദോഷമില്ലാത്ത ആ പൂട്ടുകൾ പൊളിക്കാൻ പേടിക്കുന്നത് വീട്ടിലെ ലഹള ഓർത്താകും. ഇത് നിങ്ങൾ എത്രയേറെ എതിർത്താലും ചിലരെങ്കിലും സ്വയം പറയും സത്യമാണെന്ന്…..

നോക്കൂ,നമുക്ക് സംസാരിക്കണമെന്ന് തോന്നുന്ന സുഹൃത്തിനോട് പങ്കാളിയുടെ മുന്നിൽവെച്ച് സംസാരിക്കാൻ കഴിയാത്തവർ ഇന്നുമുണ്ടാകും. തമ്മിൽ സൗഹൃദമല്ലാതെ മറ്റൊന്നും കാണില്ലെങ്കിലും, അപ്പുറത്ത് നിൽക്കുന്ന ആളിന് (അത് ഭാര്യയോ ഭർത്താവോ സ്വന്തം വീട്ടുകാരോ സംബന്ധവീട്ടുകാരോ ആയ്ക്കോട്ടെ…..)
പരിചയപ്പെടുത്താൻ എത്ര പേർക്ക് അത് സാധിക്കും?

കൂട്ടായ തീരുമാനങ്ങൾ എടുക്കേണ്ട പലതിനുമൊഴികെ പുറത്തേക്ക് ഇറങ്ങാൻ, യാത്ര പോകാൻ, ഡ്രസ്സ്‌ വാങ്ങാൻ, പുസ്തകം വാങ്ങാൻ, വായിക്കാൻ, നന്നായി ഒരുങ്ങാൻ, കഴിക്കാൻ, സുഹൃത്തിനോട് മിണ്ടാൻ, ഒരു തീരുമാനം എടുക്കാൻ ഒക്കെയും മറ്റുള്ളവർ പൂട്ടിയ പൂട്ടുകളുടെ ചാവി തെരഞ്ഞുകൊണ്ടിരിക്കുന്നവരാണ് നമ്മളിൽ പലരും.
എങ്കിലും വീട്ടിലുള്ളവരുടെ അറിവിലേക്കായി നമ്മൾ പോകുന്ന സ്ഥലവും ഇത്ര മണിക്ക് തിരികെ വരുമെന്നും വാക്ക് പറഞ്ഞിട്ട് ഇറങ്ങാൻ, അത് സ്വയം പാലിക്കാൻ തോന്നാൻ ആരെയെങ്കിലും ശേഷിപ്പിക്കണം,

അങ്ങനെയുള്ളവർക്ക് മനസ്സിന്റെയും ജീവിതത്തിന്റെയും താളം നഷ്ടമാകില്ല.
അവരവർ ഇഷ്ടപ്പെടുന്നത് തടയാൻ ആർക്കും സ്വാതന്ത്ര്യമില്ല എന്നത് സത്യമാണ്.സ്വാതന്ത്ര്യം എന്നത് പിറവിയിൽ തന്നെ ഓരോ മനുഷ്യർക്കും കിട്ടിയതാണ്.അതിനെ മറ്റാർക്കും തനിക്ക് തന്നെയും ദോഷം ഉണ്ടാക്കാത്ത തരത്തിൽ ഉപയോഗിക്കണമെന്ന് മാത്രം.
കുടുബത്തിന് പ്രശ്നമാകുന്ന തരത്തിലുള്ള സ്വാതന്ത്ര്യങ്ങൾക്ക് അദൃശ്യമായ പൂട്ടുകൾ നമുക്ക് ഇടാം.എന്നാൽ വ്യക്തിപരമായ കാര്യങ്ങളുടെ തീരുമാനങ്ങൾ വരെ മറ്റൊരാൾ എടുക്കുന്നത് കാണാറുണ്ട്. അവരവരുടെ personal space ൽ മറ്റൊരാൾ പൂട്ടുകൾ ഇടുന്നത് വരെയാണ് വേറൊരാളെ ലോക്ക് ചെയ്യാൻ അങ്ങനെയുള്ളവർക്കും കഴിയുക, കാരണം അതിന്റെ വേദനയും ശ്വാസം മുട്ടലും ഒരാൾ പറഞ്ഞറിയുന്നതും അനുഭവിക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടല്ലോ…..💔

By ivayana

Leave a Reply

Your email address will not be published. Required fields are marked *