രചന : മുബീന നിള ✍️
സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാൻ കാരണവന്മാരും മതപുരോഹിതരും തീരുമാനിക്കുന്ന തരത്തിലുള്ള പരമ്പരാഗത വിവാഹരീതി തന്നെ വേണ്ടെന്ന് കരുതുന്നൊരു പുതുതലമുറ പെരുകി വരുന്ന സ്ഥിതിവിശേഷം നിലനിൽക്കെ, ഈ റംസാനിൽ കോഴിക്കോട്ട് ഇസ്ലാമിക ആത്മീയാചാര്യനായ മുസ്തഫ മൗലവി തന്റെ ‘അകംപൊരുൾ’ എന്ന ഇടത്തിൽ വെച്ച് ഹിന്ദു സമുദായത്തിൽ പിറന്ന പെൺകുട്ടിയും മുസ്ലിം സമുദായത്തിലെ ആൺകുട്ടിയും തമ്മിലുള്ള നിക്കാഹിന് കാർമികത്വം വഹിച്ച വാർത്ത കണ്ടത് കൗതുകമായി തോന്നി.
ജന്മം കൊണ്ട് ഹൈന്ദവ സമുദായത്തിൽ പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്വമനസ്സോടെ മുസ്ലിംകുടുംബത്തിൽ പെട്ട ചെറുക്കന് തന്റെ മകളെ കന്യാദാനം(അറബിയിൽ പറഞ്ഞാൽ നിക്കാഹ് ) ചെയ്തു കൊടുത്ത സന്ദർഭം.
ഇരുകൂട്ടരും രേഖയിൽ ജാതിയോ മതമോ പേരോ ഒന്നും മാറ്റാതെത്തന്നെ മതപരമായ ചടങ്ങിലൂടെഒന്നായെന്ന പ്രത്യേകത…
ഇത്തരത്തിൽ മിശ്രവിവാഹ രീതി എല്ലാ മതത്തിലെയും പുരോഹിതന്മാർ അനുവദിച്ചു നടത്തിയാൽ തീരുന്ന വേലിക്കെട്ടുകളേ മതങ്ങൾക്കിടയിലുള്ളൂ എന്ന് എപ്പോളും ചിന്തിക്കാറുള്ള കാര്യമാണ്..
ഈയിടെ ഇസ്ലാമിക ആത്മീയ വഴിയിൽ പാണ്ഡിത്യമേറെയുള്ള ഉസ്താദ് പറഞ്ഞു തന്നൊരു ചരിത്രമാണ് ഓർമ്മ വന്നത്.
ഇന്ത്യയിൽ പണ്ട് രാജ്യഭരണ കാലത്ത് മുഗൾ രാജകുടുംബത്തിൽ പ്രമുഖനായ ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത മകനും കിരീടാവകാശിയുമായ ദാരാ ഷിക്കോയെ മതവിരുദ്ധനെന്ന പേരിൽ സഹോദരനായ ഔറംഗസീബ് വധിച്ചു കളഞ്ഞ ദാരുന്ന സംഭവം.
ദാരാ ഷിക്കോ സൂഫിസത്തിലും വേദാന്തത്തിലും അഗാധമായ അറിവുള്ളവനും മതസഹിഷ്ണുത പുലർത്തുന്നവനുമായിരുന്നു. ഇസ്‌ലാമും ഹിന്ദുമതവും തമ്മിലുള്ള സമാനതകൾ കണ്ടെത്തുന്ന ‘മജ്മ-ഉൽ-ബഹറൈൻ’ (Majma-ul-Bahrain – രണ്ട് സമുദ്രങ്ങളുടെ സംഗമം) എന്ന കൃതി അദ്ദേഹം രചിച്ചിട്ടുണ്ട്. മാത്രമല്ല, അമ്പതോളം ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് അദ്ദേഹം വിവർത്തനം ചെയ്തിരുന്നു.
ഹിന്ദുവിനും മുസ്ലിമിനും മതം മാറാതെത്തന്നെ വിവാഹം കഴിക്കാൻ ഇസ്‌ലാമിൽ വിധിയുണ്ടെന്ന സത്യം തുറന്നെഴുതിയതും ഫത്‌വ പുറപ്പെടുവിക്കാൻ പോയതുമൊക്കെ മുആവിയ മതാധികാരത്തിന്റെ വക്താവായ ഔറംഗസീബിന് ഉൾകൊള്ളാൻ സാധിച്ചില്ലെന്നും സഹോദരനെയും അവിടുത്തെ ആത്മീയ ഗുരുവായ സദ്മദ് കഷാനിയേയും വധിച്ചു കളഞ്ഞതായി ചരിത്രം പറയപ്പെടുന്നു.
അധികാര താല്പര്യങ്ങൾക്ക് വേണ്ടി ഇസ്‌ലാമിന്റെ പേരിൽ നബി കുടുംബത്തെ വരെ കൊന്നു കളഞ്ഞ് അവരുടെ പേരിൽ അവരെത്തന്നെ അവഹേളിക്കുന്ന തരത്തിൽ വ്യാജ പ്രമാണങ്ങൾ നിർമ്മിച്ച് യഥാർത്ഥ മുസ്ലിങ്ങൾക്ക് തന്നെ വലിയ ശത്രുക്കളായ് മാറിയ സംഘടിത മതാധിക്കാരികൾ എല്ലാ കാലത്തും എവിടേയും സമാധാനത്തിലധിഷ്ഠിതമായ ആത്മീയ ധർമ്മ മാർഗ്ഗങ്ങൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്.
എല്ലാ മതത്തിലും ഉണ്ട് അത്തരത്തിൽ സത്യത്തിനും ധർമ്മത്തിനും നീതിക്കുമൊക്കെ എതിരായി നിലകൊള്ളുന്ന വർഗ്ഗീയവാദികളും ഭീകര പ്രവർത്തകരുമായ അധികാര മോഹികൾ.
ദൈവത്തിന്റെ പേരിൽ സാത്താന്റെ ഇച്ഛ നടപ്പിലാക്കി ഇവിടം നരകമാക്കുന്നവർ.
അവരെപ്പോളും സ്വന്തം പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന് വേണ്ടി മിശ്ര വിവാഹങ്ങളെ മോശപ്പെടുത്തുകയും എതിർക്കുകയും ചെയ്യും.
സ്വന്തം മത വിഭാഗത്തിൽ പെട്ട യുക്തിവാദിക്കും അവിശ്വാസിക്കും കപടവിശ്വസിക്കുമൊക്കെ മക്കളെ കെട്ടിച്ചു കൊടുക്കാൻ മടിയില്ലാത്തവർ അന്യമതത്തിൽ പെട്ട സത്യവിശ്വാസിയെ ഉൾകൊള്ളാൻ മടിക്കുന്നത് ദുനിയാവിന് വേണ്ടി മാത്രമുള്ള സംഘടിത മത താല്പര്യമല്ലാതെ മറ്റെന്താണ്…
അല്ലെങ്കിൽ തന്നെ പ്രവാചക കാലത്തെ ഇസ്ലാമിക ചരിത്രം പരിശോധിച്ചാൽ വ്യത്യസ്ത മതവും ഗോത്രവും സംസ്കാരവുമൊക്കെ വ്യക്തികൾ അതിൽ നിന്നുകൊണ്ട് തന്നെ വിവാഹിതരായി ഒന്നിച്ചു ജീവിച്ച മാതൃക ഒരുപാട് കാണാൻ സാധിക്കും.
മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള വിവാഹം തന്നെ ജാതി,മത, പ്രായഭേദമന്യേ നടന്ന മിശ്ര വിവാഹത്തിന് ഉത്തമ മാതൃകയാണ്.
വിവാഹത്തിലൂടെ മഹതിയുടെ പേരോ വിശ്വാസമോ ആചാരമോ ഒന്നും മാറ്റാൻ ശ്രമിച്ചില്ലെന്ന് മാത്രല്ല, അതിനെയെല്ലാം മാനിച്ചാണ് നബി അവരോടൊടൊപ്പം മാതൃകാ ദമ്പതികളായി ജീവിച്ചതും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും.
മക്കയിൽ ഇസ്ലാം മതം സ്ഥാപിതമാവുന്നതിന് മുൻപേ, മഹതിയുടെ യഹൂദ-ക്രൈസ്തവ പാരമ്പര്യമുള്ള ആത്മീയഗുരുവിൽ നിന്ന് നബിയും ഉപദേശം തേടിയിരുന്നതായി കാണാം.
വിവാഹം കഴിഞ്ഞ് പതിനഞ്ചു വർഷത്തിന് ശേഷം ബോധോദയം പ്രാപിച്ച നബിയുടെ ആത്മീയ വഴിയെ ആദ്യം അംഗീകരിച്ചതും പുൽകിയതും മഹതി തന്നെ.
ഇസ്ലാം ദീൻ സ്ഥാപിതമായ ശേഷവും നബിയുടെ മൂത്തപുത്രി സൈനബിനെ വിവാഹം ചെയ്തു കൊടുത്തത് ഇസ്‌ലാമിൽ വിശ്വസിക്കാത്ത മുശ്രിക്കിനായിരുന്നു.
കുറേ കാലം സൈബബ് വിശ്വാസിയായും പങ്കാളിയായ അബുൽ ആസ് ഇബ്നു റബീഹ് ആവിശ്വാസിയായും ഒന്നിച്ചു ജീവിച്ചു.
അവിടെയും ഇരു കൂട്ടർക്കും പേരോ ആചാരമോ മാറ്റാതെ അവരവരായിരിക്കാൻ അവസരമുണ്ടായിരുന്നു.
ഖദീജയുടെ മരണ ശേഷം നബി ശിഷ്യത്വവും ആശ്രയത്വവും നൽകാനായി ഇണയാക്കിയവരിലും അമുസ്ലിം വിഭാഗക്കാരിയുണ്ട്…
നബിയിൽ വിശ്വസിച്ച സത്യവിശ്വാസികളോടൊന്നും അവരുടെ അവിശ്വാസികളായ ഇണകളെ ഒഴിവാക്കാനോ വിശ്വസിക്കാത്ത മാതാപിതാക്കളെ ഉപേക്ഷിക്കാനോ കുടുംബബന്ധം മുറിക്കാനോ ആവശ്യപ്പെട്ടില്ലെന്ന് മാത്രല്ല, കൂട്ടിയിണക്കാനാണ് നിർദേശിച്ചത്.
നബിയുടെ ആത്മീയ വഴിയിൽ വിശ്വസിച്ചവരുടെ പേരടക്കം ജന്മനാലുള്ള ഐഡന്റിറ്റിയൊന്നും മാറ്റുകയുണ്ടായിട്ടില്ല…
ലോകത്ത് വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ മാത്രമല്ല,ഒരേ മതത്തിൽ തന്നെ വ്യത്യസ്ത ജാതിയിലും വിഭാഗത്തിലുമൊക്കെ പെട്ടവർക്ക് തന്നെ വിവാഹം കഴിക്കാൻ കഴിയാത്ത സാമൂഹിക പശ്ചാത്തലമാണുള്ളത്…
രാഷ്ട്രീയ പാർട്ടി നോക്കി പോലും പാർട്ണറെ തെരഞ്ഞെടുക്കുന്ന അവസ്ഥയുണ്ട്.
അവിടെ വ്യക്തികൾക്കിടയിലുള്ള പൊരുത്തമോ പ്രണയമോ ഒന്നും മാനദണ്ഡമേയല്ല.
വ്യത്യസ്ത ജാതിയിലും മതത്തിലും ആശയ സംഘടനകളിലുമൊക്കെ വളർന്നവർക്കിടയിൽ പ്രണയമുണ്ടായാൽ ഇരുവീട്ടുകാരെയും നഷ്ടപ്പെടുത്താതെ വിവാഹം കഴിക്കുകയെന്നത് നടക്കാത്ത സ്വപ്നമായി മാറിയിട്ടുണ്ട്.
വിവാഹത്തിനായ് മാത്രം നിവൃത്തികേട് കൊണ്ട് പ്രത്യേക മതം സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട ഗതികേട് വേറെയും.
മൊയ്തീൻ-കാഞ്ചനമാല പ്രണയ ബന്ധം പോലെ, മതം വേറെയായതിന്റെ പേരിൽ വീട്ടുകാരെ വിട്ട് പരസ്പരം ഒരുമിക്കാൻ കഴിയാതിരുന്ന നിർഭാഗ്യ ജന്മങ്ങളെത്രയാണ്…!
ശരിക്കും പറഞ്ഞാൽ ‘മതം’ എന്നാൽ നിലപാട് എന്നേ അർത്ഥമുള്ളൂ, തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പാണത്.
ദീനിൽ അഥവാ ധർമ്മത്തിൽ ഒരിക്കലും നിർബന്ധ ബുദ്ധി അരുതെന്നാണ് ഖുർആൻ വ്യക്തമാക്കിയിട്ടുള്ളത്.
‘ലക്കും ദീനുകും വലിയ ദീൻ’ എന്ന ശ്രദ്ധേയ ഖുർആൻ വചനം ഓർമ്മപ്പെടുത്തുന്നത് തന്നെ നിങ്ങൾക്ക് നിങ്ങളുടെ മതത്തിലും എനിക്കെന്റെ മതത്തിലും തുടരാൻ അവകാശമുണ്ടെന്നും അതിന്റെ പേരിൽ തർക്കം വേണ്ടെന്നുമാണ്…
ഒരേ മാതാവിൽ നിന്നും പിതാവിൽ നിന്നും വളർന്നു വന്ന മനുഷ്യ സമൂഹത്തെ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് വ്യത്യസ്ത ഗോത്രങ്ങളും സമുദായങ്ങളുമൊക്കെയാക്കി തിരിച്ചതെന്ന് ഖുർആനിൽ പറയുന്നുണ്ട്.
അതോടൊപ്പം ഏത് വിശ്വാസ വിഭാഗത്തിൽ പെട്ടാലും ഏകമായ പ്രപഞ്ചശക്തിക്കും പ്രകൃതിക്കും വഴിപ്പെട്ട് സത്കർമ്മങ്ങൾ ചെയ്‌ത് സന്മാർഗ്ഗത്തിൽ ജീവിക്കുന്നവർക്കൊപ്പമാണ് പടച്ചോനെന്ന് ഓർമ്മപ്പെടുത്തുന്നുമുണ്ട്.
അല്ലെങ്കിൽ തന്നെ ജന്മം കൊണ്ട് കൈവരുന്ന ജാതി-മത സങ്കല്പത്തിലെന്ത് യുക്തിയാണുള്ളത്.
ഒരേ വായു ശ്വസിച്ച് ഒരേ നിറത്തിലുള്ള രക്തം വഹിക്കുന്ന മനുഷ്യരുടെ മനസ്സിലാണ് വർഗ്ഗീയ വിഷമുള്ളത്.
പേര് കൊണ്ടോ ആചാരം കൊണ്ടോ ആരും ഒന്നുമാവുന്നില്ല, വിശ്വാസവും ഭക്തിയുമൊക്കെ ഹൃദയത്തിലാണ് വേണ്ടത്.
കാലകാലങ്ങളായി ഭർത്താവ് പോലും അറിയാതെ സംഭവിക്കുന്ന അവിഹിത ഗർഭങ്ങളിലൂടെ ഇവിടെ എല്ലാ ജാതിയിലും മതത്തിലും സങ്കരയിനം മനുഷ്യരുണ്ടായിട്ടുണ്ടെന്ന വാസ്തവം ബോധപൂർവം മറന്നാണ് രക്തബന്ധത്തിൽ നാം അഹങ്കാരം കൊള്ളുന്നത്.
അത്തരത്തിൽ പെണ്ണൊരുമ്പെട്ടാൽ തീരുന്ന പരമ്പരാഗത ജാതിമത ബോധമേ മനുഷ്യ സമൂഹത്തിനുള്ളൂ എന്നോർമ്മിപ്പിക്കാതെ നിവൃത്തിയില്ല….
വ്യക്തിപരമായ അനുഭവമെടുത്താൽ, പിജിക്ക് പഠിക്കുന്ന കാലത്ത് ഹിന്ദു മതത്തിൽ പെട്ടൊരു സുഹൃത്ത് എന്നോടുള്ള ഇഷ്ടം കൊണ്ട് മതം മാറി വന്ന് നിക്കാഹ് ചെയ്യാനും സന്നദ്ധനെന്ന കാര്യമറിയിച്ചപ്പോൾ വീട്ടിലുണ്ടായ കോളിളക്കം ചെറുതൊന്നുമല്ലായിരുന്നു. മുസ്ലിം തറവാട്ടിൽ പിറന്ന എത്രയോ ചെറുക്കന്മാരുള്ളപ്പോൾ ദീനിൽ കൂടിയ ഒരുത്തനെ കെട്ടാൻ മാത്രം എന്ത് ഗതികേടാണെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം .
ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ അവനെന്തോ കൈവിഷം തന്നതാണെന്നും പറഞ്ഞ് ഫോണൊക്കെ പിടിച്ചു വാങ്ങി വീട്ടു തടങ്കലിലാക്കി മന്ത്രവാദവും തകൃതിയായുള്ള വിവാഹലോചനയുമൊക്കെയായി നട്ടപ്പിരാന്ത് പിടിപ്പിച്ച സാഹചര്യമുണ്ടായി.
അന്ന് സ്വന്തമായൊരു ജോലി ചെയ്ത് തന്നിഷ്ടത്തിന് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എനിക്ക് ഒളിച്ചോട്ടക്കാരിയെന്ന പേരുദോഷം കിട്ടിയത് മെച്ചം.
ശേഷം വീട്ടുകാരുടെ സന്തോഷവും കൂടെപ്പിറപ്പുകളുടെ ഭാവിയും കണക്കിലെടുത്ത് അവർക്ക് ബോധിക്കുന്ന മതത്തിലും ആശയത്തിലുമൊക്കെ പെട്ടൊരു സുന്നി മുസ്ലിം ചെറുപ്പക്കാരനെ മാട്രിമോണി വഴി തെരഞ്ഞെടുത്ത് വിവാഹം കഴിച്ചിട്ടും പൊരുത്തക്കേടായി പിരിയേണ്ടി വന്നു.
അന്യമതക്കാരനെ പ്രേമിച്ച പെണ്ണിനെ തലയിൽ കെട്ടി വെച്ചെന്ന പകയും പരാതിയും ഭർതൃ ഭാഗത്ത് നിന്ന് എന്റെ വീട്ടുകാർക്കും നേരിടേണ്ടി വന്നു.
വിവാഹത്തിന് മുൻകയ്യെടുക്കുന്ന വീട്ടുകാരും നാട്ടുകാരുമൊന്നും അതിലുണ്ടാവുന്ന പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരം കാണാനോ നരകാവസ്ഥയിലുള്ള ദാമ്പത്യ കുരുക്കിൽ നിന്ന് രക്ഷിക്കാനോ ഉണ്ടാവില്ലെന്ന സത്യം നല്ലോണം ബോധ്യമായി.
നൊന്തു പെറ്റ കുഞ്ഞുങ്ങളെ കൂടെ നിർത്താനുള്ള അവകാശം പോലും കാരണവന്മാരും പള്ളി കമ്മറ്റിക്കാരും അനുവദിച്ചു തന്നില്ല.
മക്കളുടെ കസ്റ്റഡിക്കും സുരക്ഷക്കുമൊക്കെയായ നിയമ നടപടിക്കായ് കുടുംബത്തിൽ നിന്ന് ഒരാളുടെയും സഹായമില്ലാതെ സുഹൃത്തുക്കളുടെ സഹകരണത്താൽ ഒറ്റക്ക് പോരാടേണ്ടി വന്നു…
അതെല്ലാം കഴിഞ്ഞ് നിരാശക്കും രോഗത്തിനുമൊക്കെ അടിമപ്പെട്ട് ജീവിതവും മരണവും ഇല്ലാതെ നരകിക്കുമ്പോൾ, രക്ഷകനായ് മുന്നിലെത്തിയ അന്യമതത്തിൽ പെട്ട സുഹൃത്തുമായുള്ള സഹവാസത്തിന്റെ പേരിൽ വീട്ടിൽ നിന്ന് തന്നെ മാറി നിൽക്കേണ്ട അവസ്ഥയുമായി…
ജാതിയും മതവും നോക്കാതെ പടപ്പുകളെ പടച്ചോനായി കണ്ട് സ്നേഹിച്ചതിന്റെ പേരിൽ വഴി പിഴച്ചവളും ദുശ്ശകുനവുമായി കാണുന്ന വീട്ടീന്നും സമുദായത്തിൽ നിന്നും പുറത്ത് കടന്ന് മനുഷ്യനായി മനുഷ്യർക്കൊപ്പം ജീവിക്കുന്നു…
റസൂൽ നേരിട്ട് സ്വപ്നത്തിൽ വന്ന് വ്യക്തതയറിയിച്ച വഴികാട്ടിയായിട്ടും, ഭ്രാന്താശുപത്രിയിൽ നിന്നും ഈയുള്ളവൾക്കൊരു പുനർജ്ജന്മം നൽകിയ ദൈവിക സാന്നിധ്യമായിട്ടും, ജന്മം കൊണ്ട് അമുസ്ലിം ആയതിന്റെ പേരിൽ സിദ്ധ മാർഗ്ഗത്തിലെ എന്റെ ആത്മീയ ഗുരുവിനോടും വിരോധം വെക്കുന്ന ബന്ധുമിത്രാതികൾ ഏറെയുണ്ട്…
മനുഷ്യനിർമ്മിത മതചട്ടക്കൂടുകൾക്കെല്ലാം അപ്പുറത്താണ് ദൈവികമായ ആത്മീയതയെന്ന് വാദിക്കുന്നവരും സ്വന്തം മതത്തിൽ പെട്ട ഗുരുക്കന്മാർക്ക് മാത്രേ വഴിപ്പെടൂ എന്ന അവസ്ഥ അതിശയകരമാണ്….!
ഏതായാലും എന്റെ കാര്യത്തിൽ ദൈവികാനുഗ്രഹത്താൽ മനുഷ്യത്വത്തിനേ പ്രാധാന്യം കൽപ്പിക്കാറുള്ളൂ.
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കി ആരെയുമൊരിക്കലും അടുപ്പിക്കാറുമില്ല, അകറ്റാറുമില്ല.
ആരിലാണോ ദൈവിക ഗുണങ്ങൾ പ്രകടമാവുന്നത് അവരെ മാനിക്കും, ആരിലാണോ പൈശാചികത പ്രതിഫലിക്കുന്നത് അവരിൽ നിന്നകന്നു നിൽക്കും.
മരണത്തിന് മുൻപേ മരിച്ച്, ദൈവത്തേയും പിശാചിനേയും സ്വർഗ്ഗത്തേയും നരകത്തേയും എല്ലാം ഇവിടെത്തന്നെ അറിയാൻ കഴിയുന്നവളെ, പരലോകത്തിന്റെ കാര്യവും പറഞ്ഞ് ആർക്കും പ്രലോഭപ്പിക്കാനോ പ്രകോപിപ്പിക്കാനോ സാധിക്കില്ല.
അല്ലെങ്കിലും ഇഹലോകമില്ലാത്തവർക്ക് പരലോകവുമില്ലെന്നാണ് എന്റെ പ്രവാചകൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്.
ഞാൻ ഇവിടുന്ന് തന്നെ പടച്ചോനെ നേരിൽ കണ്ട്, കലിമക്ക് സാക്ഷ്യം വഹിച്ച്, സ്വർഗ്ഗത്തിലായിരിക്കുന്നു.
ഓരോരുത്തരും മറ്റുള്ളവരുടെ കുറ്റവും കുറവും ചികയാതെ, അവരവരുടെ ഇരുലോകവും മനോഹരമാക്കുന്നതിൽ ശ്രദ്ധ കൊടുക്കുക എന്ന് മാത്രം ഓർമ്മിപ്പിച്ചു കൊണ്ട്…,
ഹൃദയപൂർവ്വം,
മുബീന നിള
