ചില മരണങ്ങൾ നമ്മളെ പിടിച്ചൊന്നുലയ്ക്കും എന്തൊക്കെയോ ചിന്തിപ്പിക്കും..
രണ്ടുമൂന്നു വർഷങ്ങൾക്ക് മുമ്പ് ഒരു വ്യാഴാഴ്ച അതിരാവിലെ കട തുറന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മകൻ വന്ന് അവനെ കട ഏൽപ്പിച്ച് ഞാൻ ചോറുണ്ണാനും കുറച്ചുനേരം വിശ്രമിക്കാനുമായി വീട്ടിൽ പോയി..

കുറച്ചുനേരം മൊബൈലിൽ തോണ്ടിയും വരച്ചും കളിച്ച് ഊണുകഴിച്ച് ഒന്ന് മയങ്ങി..
നാലുമണിയോടടുപ്പിച്ച് എഴുന്നേറ്റ് മൊബൈലിൽ നോക്കിയപ്പോൾ ഫാമിലി ഗ്രൂപ്പിൽ ഉമ്മയുടെ സഹോദരിയുടെ മകന്റെ മകൻ സൗദി അറബിയിലുള്ള ഷെഫീക്കിന്റെ വോയിസ് മെസ്സേജ് കണ്ടു “മ്മളെ മലേലെ റാഷിദ്‌ KMCT ഹോസ്പിറ്റലിലാണ്, ഊര വേദനയായിട്ട് കൊണ്ടുപോയതാണ്. എവിടെയോ രക്തം കട്ട പിടിച്ചിട്ടുണ്ട് എന്നൊക്കെയാണ് പറഞ്ഞത്. പെട്ടെന്ന് സുഖമാവട്ടെ എല്ലാവരും പ്രാർത്ഥിക്കുക “
അത് വരെ അല്ലെങ്കിൽ അന്ന് ഉച്ചവരെ ഒരു രോഗവും ഉള്ളതായി കേട്ടിട്ടില്ലാത്ത റാഷിദ് ഹോസ്പിറ്റലിലാണ് എന്ന് കേട്ടപ്പോൾ, സാധാരണ എല്ലാവരും ചിന്തിക്കുന്നതുപോലെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൻ എന്തോ അസുഖത്തിന് ഡോക്ടറെ കാണാൻ പോയി, അത്രമാത്രം..

കുളി കഴിഞ്ഞ് ഡ്രസ്സ് മാറി കടയിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ കളൻതോടുള്ള ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൻ സാപ്പിയെ ( റാഫി) വിളിച്ചു.
“അ,. സാപ്പിയെ റാഷിദിന് എന്താണ് പറ്റിയത്?”.
മറുതലക്കൽ ഖണ്ഡമിടറിയും സങ്കടപ്പെട്ടും അവൻ പറഞ്ഞു തുടങ്ങി..
“ഞാൻ റാഷിദിന്റെ കൂടെ മെഡിക്കൽ കോളേജിലാണുള്ളത്. രക്തം കട്ട പിടിച്ചിട്ട് ഒരു കാൽ പൂർണ്ണമായും മറ്റേത് ഭാഗികമായും നിർജീവമായിട്ടുണ്ട്…. അത് മുറിച്ചു മാറ്റണമെന്നാണ് ഡോക്ടർമാർ പറയുന്നത്”.

അവനവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നത് കൊണ്ട് കൂടുതലൊന്നും പറയാതെ, ഞാനൊന്നും ചോദിക്കാതെയും ഫോൺ കട്ട് ചെയ്തു..
തികച്ചും അവിശ്വസിനീയമായത് എന്തൊക്കെയോ അവിടെ സംഭവിച്ചിരുന്നു..
ഊര വേദനയായി ഡോക്ടറെ കാണാൻ കെഎംസിടിയിൽ പോയ റാഷിദിനെ “എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ കൊണ്ടുപോയിക്കോളൂ” എന്നുപറഞ്ഞത് പ്രകാരം ബെറ്റർ ചികിത്സ എന്ന നിലയ്ക്കാണ് നഗരത്തിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അവിടുത്തെ ഡോക്ടർമാരും എന്ത് ചെയ്യണം എന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി..
രാവിലെ ചെറിയ ഒരു ഊര വേദന പരിശോധിച്ച ഡോക്ടർ, മിനിറ്റുകൾ കൊണ്ടും മണിക്കൂറുകൾ കൊണ്ടും കാല് ചലിപ്പിക്കാൻ കഴിയാതെ വരുകയും വളരെ പെട്ടെന്ന് തന്നെ ബ്ലഡ് കോട്ടായി കാലിന്റെ ഭാഗങ്ങൾ നിർജീവമായി തുടങ്ങുന്നതും കണ്ടമ്പരന്നു..
ഒരു പനി വരാനാണെങ്കിൽ പോലും ഒരു ദിവസം മുമ്പെങ്കിലും എന്തെങ്കിലും ലക്ഷണം കാണിക്കും. അവിടെ അത്ര ഭയാനകമായ അവസ്ഥയെത്തിയിട്ടും അദ്യാതി ഒരു ഒരു ലക്ഷണവും കാണിച്ചിരുന്നില്ല..

ഒരു ഡോക്ടർക്ക് എവിടെ നിന്ന് ചികിത്സ തുടങ്ങാനാവും?..
എന്താണ് സംഭവിച്ചത്?, എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?, വളരെ ചുരുങ്ങിയ സമയം കൊണ്ട് യാതൊരുവിധ ടെസ്റ്റുകളും ചെയ്യാതെ ഓരോ മിനിറ്റിലും മരിച്ചു കൊണ്ടിരിക്കുന്ന അവനെ മറ്റേതെങ്കിലും വലിയ ഒരു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല..
അങ്ങനെ എത്തിയതാണ് നഗരത്തിലെ ആ മൾട്ടിമീഡിയ ഹോസ്പിറ്റലിൽ..
അവരും ദൈവങ്ങളൊന്നുമല്ലല്ലോ?, പിന്നീട് മെഡിക്കൽ കോളേജിലേക്ക്..
കിഡ്നി ഫെയിലിയറായി, ഒരു കാൽ മുഴുവനായും ഒന്ന് പകുതിയായും മുറിച്ചുകളഞ്ഞ് ബ്ലഡ് കോട്ടാവുന്നതിന്റെ വ്യാപനം തടഞ്ഞാൽ ഒരുപക്ഷേ ബാക്കി സംരക്ഷിക്കാം. കുറഞ്ഞ സമയത്തിനുള്ളിൽ അതെ അവിടെ ചെയ്യാനൊള്ളൂ എന്ന നിഗമനത്തിൽ ഓപ്പറേഷൻ തീരുമാനിച്ചു…

കാല് രണ്ടും തളർന്നു നിർജീവമായെങ്കിലും മറ്റുള്ളവർ പറയുന്നത് കേൾക്കാനും അവരോടൊക്കെ സംസാരിക്കാനും അവന് കഴിയുമായിരുന്നു..
കാലു മുറിച്ചു മാറ്റാൻ അവൻ സമ്മതപത്രത്തിൽ ഒപ്പിടണം..
ഒന്ന് ചിന്തിച്ചു നോക്കൂ?..
എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി എങ്ങിനെയോ അത് സാധിച്ചു..
വെള്ളിയാഴ്ചരാവിലെ ഓപ്പറേഷൻ തീരുമാനിച്ചു..
ഓപ്പറേഷൻ റൂം സെറ്റ് ചെയ്തു. രോഗിയെ അനസ്തേഷ്യക്ക് വിധേയനാക്കിയപ്പോൾ ഒരു മൈൽഡ് അറ്റാക്ക് വന്നു..
ഓപ്പറേഷൻ സാധ്യമല്ല, ഡോക്ടർമാർ തീരുമാനിച്ചു..
ഇനി അനിവാര്യമായ മരണം..
വെള്ളിയാഴ്ച രണ്ടരയോടെ ഡോക്ടർമാരത് സ്ഥിരീകരിച്ചു..
അന്ന് രാത്രി തന്നെ ശവസംസ്കാരവും തീരുമാനിച്ചു..

മുപ്പതോ മുപ്പത്തിരണ്ടോ വയസ്സുണ്ടായിരുന്ന എന്റെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ മകന്റെ മകനായ റാഷിദ് ഒരു മിതഭാഷിയായിരുന്നു. അത്തരക്കാർ വളരെ എളുപ്പത്തിൽ എല്ലാവരുടെയും മനസ്സിൽ കയറി പറ്റും. അവനും അങ്ങനെയായിരുന്നു..
ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്ന ആ കുടുംബത്തിന്റെ ഓരോ പ്രശ്നങ്ങളും അവനും അവന്റെ സഹോദരങ്ങളും ചേർന്ന് പരിഹരിച്ചു..
വീടായി, അനിയത്തിയുടെ വിവാഹം കഴിഞ്ഞു. റാഷിദിനും ഒരു കുട്ടിയായി…
ബസ്സിൽ ഡ്രൈവറായിട്ട് ജോലിചെയ്യുന്ന റാഷിദ്, ഒന്നോ രണ്ടോ തവണ പ്രവാസിയുമായിട്ടുമുണ്ട്..

നല്ലൊരു ജീവിതത്തിലേക്ക് എത്തിപ്പെടുന്നതേ ഉണ്ടായിരുന്നുള്ളൂ..
ഒരു കാര്യത്തിൽ എനിക്ക് അഭിമാനം തോന്നി, അവന്റെ ബൃഹത്തായ സൗഹൃദ ശൃംഖല. തിരുവമ്പാടിയിലൂടെ ഓടുന്ന ബസ്സിലെ ജോലിക്കാരെല്ലാം പല സമയങ്ങളിലായി എന്റെ കടയിൽ വന്ന് കാപ്പി കുടിച്ചിട്ടുണ്ട്. അവരിൽ ഒരുപാട് പേരെ ഞാനവിടെ കണ്ടു. പെട്ടെന്നുള്ള മരണമായതുകൊണ്ട് പലരും ലാസ്റ്റ് ട്രിപ്പ് കട്ടാക്കിയും അരമണിക്കൂറോ ഒരു മണിക്കൂറോ മറ്റാരെയെങ്കിലും ഏൽപ്പിച്ചാണ് വന്നിരിക്കുന്നത്..
ചെറുപ്പക്കാരനായ അവിടുത്തെ പള്ളിയിലെ ഖാളി മയ്യത്ത് നിസ്കാരത്തിന് മുമ്പ് അവനെ പലയാവർത്തി ഉച്ചരിച്ചപ്പോൾ “സുഹൃത്ത്” സുഹൃത്ത് ” എന്നാണ് പറഞ്ഞത്. അവൻ അവർക്കും പ്രിയങ്കരനായിരുന്നു..

മയ്യത്ത് എടുക്കുന്നതിന് തൊട്ടുമുമ്പ് മുമ്പ് ശബരിമലയ്ക്ക് പോകാനായി കറുത്ത വസ്ത്രം ധരിച്ച ഒരുത്തൻ കയറി കണ്ട് സങ്കടം നിയന്ത്രിക്കാനാവാതെ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞ് തിരിച്ചുവരുന്നത് കണ്ട് അതാരാണെന്ന് ഞാൻ എന്റെ അടുത്തിരിക്കുന്നവനോട് ചോദിച്ചപ്പോൾ “അവന്റെ കൂട്ടുകാരനാണ്, ലോറി പാതിവഴിക്ക് നിർത്തി ഓടി വന്നതാണ്” എന്ന്..
റാഷിദ്…., നീ നിന്റെ ജീവിതം ഏറ്റവും നന്നായി ജീവിച്ചു..
ഓരോ മരണവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്..

സിദ്ദീഖ് പട്ട..

By ivayana

Leave a Reply

Your email address will not be published. Required fields are marked *