അരാഫത്തിന്റെ
ചോരക്കരുത്തിൽ,
“കനലെരിഞ്ഞടങ്ങി”!
സമാധാനത്തിന്റെ
ചാരത്തിൽ നിന്നും
“ഫീനിക്സ് പക്ഷിക്ക്
കുഞ്ഞിതൂവലുകൾ
മുളക്കുന്ന മർമ്മരം
ഗാസ ഹൃദ്തന്ത്രികളിൽ
അനുരണനം സൃഷ്ടിക്കേ!
അപ്രതീക്ഷിതമായി
ഇരുട്ടിന്റെ കട്ടക്കറുപ്പിൽ
നക്ഷത്രകുഞ്ഞുങ്ങൾ
ഭൂമിയിലേക്കിറങ്ങുന്നു.
ദൈവപുത്രന്റെ വരവിനു
ഒരു വാൽനക്ഷത്രം തന്നെ
അധികമായിരുന്നു;
ഇസ്രായേൽ രാജ്യം
പരിപാവനമാകാൻ!
ഹാ, ആകാശത്തിന്റെ,
മാസ്മരീക വിസ്മയം
കുറേശേ, ആശങ്കയായി
തലച്ചോറ് ഭക്ഷിക്കാൻ
തുടങ്ങേ!നിമിഷം കൊണ്ട്
ഒരു പ്രദേശം വെണ്ണീറണിഞ്ഞു.
അഹങ്കാരത്തിന്റെ,
ആത്മവിശ്വാസം ഭക്ഷിച്ചു
ഉറക്കത്തിലായിരുന്നു;
പ്രിയ ” മെറ്റൽഡോം”.
ശേഷം;
സംഭവിക്കുന്നതൊക്കെ
സ്വപനമായിരിക്കണമെന്ന്
ഓരോ പുലരിയിലും മനസിനെ
പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.
വിടരുംമുമ്പ് കഴുത്തറ്റം
വെട്ടിയ മൊട്ടുകൾ ഉണങ്ങി
ചിതറിക്കിടക്കടന്നു!
കുരുക്ഷേത്രവും, ട്രോജനും
നാണിച്ചു,ഹിറ്റ്ലർ ഊറിചിരിച്ചു!
തൊട്ടടുത്ത് കടയറ്റം
വെട്ടിയ വള്ളികളുമുണ്ട്,
ചില ഉണങ്ങിയ വള്ളികൾ
കൊഴിഞ്ഞ മൊട്ടുകളെ
പുണരാൻ വെമ്പുന്നോ?
ആർത്തിയിൽ ഭക്ഷണ
പൊതി തുറക്കുമ്പോൾ
“ചോരയുടെ മണവും
ചീമുട്ടയുമായിരുന്നു’!
പാവം കഴുകന്മാർ തീരുമാനിച്ചു!
“പ്രായപൂർത്തിയാകാത്ത
ജഡങ്ങൾ” ഗാഗുൾത്താമലയിൽ
കുഴിച്ചിടുക! മഴയിൽ പൊടിക്കട്ടെ!
വിധി നിശ്ചയിക്കുന്നവർ
വിദൂരതയിൽ
ആഘോഷിക്കുകയായിരുന്നു
തീൻ മേശമേൽ “പിഞ്ചു
തലക്കറിയും കരളും
കൂമ്പും”! സ്വാദോടെ
ഭക്ഷിച്ചു; ഇഷ്ട്ട ദൈവങ്ങളുടെ
ബലിയായി!
കീരിയും, ചെങ്കീരിയും,
കരിമൂർഖനുമായി സമവായം
തീരുമാനിച്ചു!
നല്ല ക്ഷീണം, അടുത്ത കളി
ഒരിടവേള കഴിഞ്ഞാകാം.
“ഗാസ, ചിരിച്ചില്ല;
കരഞ്ഞുമില്ല”!

By ivayana