രചന : ലിഖിത ദാസ് ✍
അമ്മയ്ക്ക് പ്രേമമുണ്ടെന്നറിഞ്ഞ ദിവസം
രാത്രി വീട്ടില്‍ മഴപെയ്തു.
മിന്നല്‍ പിളർന്ന് ഞങ്ങളുടെ കട്ടിലിനെ
രണ്ടായ് മുറിച്ചു.
മടപൊട്ടലിലും മലവെള്ളപ്പാച്ചിലിലും
വേരുറപ്പുള്ള മരം കണക്ക് അമ്മ
വീഴാതെ ചാഞ്ഞു നിന്നു.
അമ്മയെന്നെ മുറുക്കമുള്ള
ഒരു കൊമ്പിൽ ചായ്ച്ചിരുത്തി.
ഇലക്കൈകൾ കൊണ്ടെന്നെ
പൊത്തിവച്ചു.
രാത്രി കഴിഞ്ഞപ്പോ മഴയൊഴിഞ്ഞു.
മുറിയിലെ കലക്കവെള്ളം തെളിഞ്ഞില്ല.
കട്ടില്‍ വീണ്ടും ചേർത്തുവച്ച്
കാലുറപ്പിക്കാൻ ശ്രമിച്ചില്ല.
തുറന്നിട്ട കതകിലേയ്ക്ക് കണ്ണൂന്നി
അമ്മയിരുന്നു.
ഇലപ്പൊത്തിലിരുന്നെനിയ്ക്ക് പനിച്ചു.
വെള്ളമെന്നും വിശപ്പെന്നും
ഞാൻ ഏങ്ങി.
കതകിനു പുറത്ത്
കടൽവേലിയേറ്റമുണ്ടായി.
തിന്നാനുമുടുക്കാനും ഓൻ
കൊണ്ടോയ് കൊടുത്തിട്ടാണ്
ഓളീ ചെയ്ത്തു ചെയ്തതെന്ന്
തിരമാലകളാർത്തു കേറി
വീടിനെ മൂടി.
കുടുമ്മക്കാരുടേം നാട്ടുകാരുടേം തിരക്കൈകളിൽ പെട്ട് ചാവാതെ
അമ്മയെന്നെ പൂണ്ടടക്കം
പൊതിഞ്ഞു പിടിച്ചു.
എന്റെ വിശപ്പുകെട്ടു.
ഞാനുമമ്മേം കരഞ്ഞതേയില്ല.
എന്റെ പനിച്ചൂടിലേയ്ക്ക്
ഹൃദയമിറക്കി വച്ച് അമ്മയിരുന്നു.
അമ്മയുടെ
മെലിഞ്ഞു വിണ്ടകാലുകളിലെ
വരണ്ട ചാലുകളിൽ
ഞാനുമ്മ വച്ചു.
പൊട്ടിയ വിരൽനഖത്തിൽ ഞാൻ
കടുംനിറം തേച്ചുകൊടുത്തു.
ചണ്ടിമുലകൾക്കിടയിലും
ഇടിഞ്ഞ വയറിലും
അമ്മയെ കൈതപ്പൂ വാസനിച്ചു.
‘പേറ്റുനോവിനേക്കാളെനിയ്ക്ക് വേദനിച്ചെട്യേ..’ ന്ന് അമ്മ
മുതുകു കാട്ടിത്തന്നു.
ഉണങ്ങിയതുമുണങ്ങാത്തതും
പത്തുമുപ്പത്തിരണ്ടു മുറിവുകൾ..
അമ്മ വേനലുപോലെ
നരച്ച കണ്ണുകൾ കൊണ്ടെന്നെ നോക്കി..
‘സാരമില്ലാ പൊന്നേ..’ യെന്നൊരു
വാക്കെന്റെ
തൊണ്ടയിൽ കുടുങ്ങിയെനിയ്ക്ക്
ശ്വാസം മുട്ടി.
മുടിയിൽ വിരലുകടത്തി ഞാൻ
പതുക്കെ തലോടി.
കൂട്ടിത്തുന്നിയ മുറിവടുക്കൾ..
വിരലുമുതലുച്ചി വരേയ്ക്കും
മുപ്പത്തിമുക്കോടി മുറിവുകൾ.
ഉണങ്ങാൻ വിടാതെ
മുറിവുകൾക്കു മീതെ
പിന്നെയും മുറിവുകൾ.
നീരിറ്റുകൾ…
പൊറ്റ പൊളിഞ്ഞ പാടുകൾ..
തൊട്ടു നോവിക്കാതെ ഞാനമ്മയെ
ചെമ്പരത്തിത്താളി തേച്ച് കുളിപ്പിച്ചു.
മുടി കുളിപ്പിന്നലിട്ടു.
ലില്ലിപ്പൂക്കൾ കുടഞ്ഞിട്ട സാരി
ചുറ്റിക്കൊടുത്തു.
ഇതളുകൾ വിടർത്തിയൊരു
മഞ്ഞച്ചെമ്പകം
മുടിത്തുമ്പിൽ കോർത്തിട്ടു.
അമ്മയുടെ പരുപരുത്ത
കൈയ്യിലെന്റെ വിരലമർത്തിക്കോർത്തു.
അവനവൻ പ്രേമത്തിൽ പെട്ട
അമ്മയും മോളും വീടു തുറന്ന്
കടലുവകഞ്ഞിറങ്ങിപ്പോന്നു..
പകൽവെളിച്ചത്തിലും നിലാവെട്ടത്തിലും
ഭൂമിയാകാശമാഴം കണ്ട്
എനിയ്ക്കുമമ്മയ്ക്കും
സ്നേഹമൂർച്ഛയുണ്ടായി…
നിറഞ്ഞു.
വാക്കനൽ