രചന : സബ്ന നിച്ചു ✍
ബാ സിൽമ തൊടങ്ങാനായി
ഖൈറു എന്നെ നീട്ടിവിളിക്കും
ഞാൻ അമാന്തിച്ചു നിൽക്കും
മൂക്കിലെ വിയർപ്പ് തൂത്ത്
പാവാടയിൽ മുറുകെ പിടിക്കും..
ഓളെന്നെ പിന്നെയും വിളിക്കും
പേരെഴുതി കാട്ടുന്നെന്ന്
ഉറക്കെ പറയും..
ഞാൻ കേൾക്കാത്ത പോലിരിക്കും
പോവൂലാന്ന് മൂന്നും കൽപ്പിച്ചിരിക്കും..
കേൾക്കാൻ പറ്റാത്ത
പൊട്ടത്തിയാണന്ന മട്ടിൽ
റേഷനരി പരത്തിയിട്ട് അതിലെ
കറുത്തരി പെറുക്കും..
ഖൈറു തൊള്ളമുഴുവനും തുറക്കും
കുട്ടിമാളെ .. ഇപ്പം തുടങ്ങും
വരുന്നില്ലേന്ന് തിരക്കും ..
ഞാൻ വീണ്ടും പൊട്ടത്തിയായി
തിരിഞ്ഞിരിക്കും..
തള്ളപ്പുരയിലെ പടിമ്മൽകിടന്ന്
വാപ്പ ഈങ്ങിയ ചുമ ചുമക്കും
തൊണ്ടക്കുഴി നിറച്ചും കഫം കെട്ടികിടക്കുകയാണെന്ന് തോന്നും..
മണ്ണ്നിറച്ച തുപ്പൽപാട്ട
തലക്കാം പുറത്തു നിന്നെടുത്ത്
പുറംതടവി കൊടുക്കും
വാപ്പ മെല്ലനെ തുപ്പും
ഊക്കിൽ ശ്വാസംവലിക്കും ..
അവ്വൽ സുബ്ഹിക്ക്
ഉമ്മച്ചി അനത്തിപ്പോയ കഞ്ഞീന്റെ
തെളിയൂറ്റി വാപ്പാനെ
കുടിപ്പിക്കും..
വാപ്പ അത് കുഞ്ഞിക്കുട്ടിയാൾ
കുടിക്കണ പോലെ ഈമ്പി ഇറക്കും ..
ന്നട്ട് പിന്നെയും ചുമക്കും
നെഞ്ചുംകൂട് തടവി കണ്ണ്നിറക്കും..
ഖൈറു പിന്നേയും വിളിക്കുമ്പോൾ
വാപ്പ ഇടത്തേ കൈ കൊണ്ട് ആംഗ്യം കാണിച്ച്
എന്നോട് പൊക്കോളാൻ പറയും,
അപ്പോ ഞാൻ മോന്ത കൂട്ടിപ്പിടിച്ച്
മതിലുകെട്ടിമറച്ച ഓള കൊട്ടാരം
പോലത്തെ പുരയിലേക്ക് നോക്കും..
ഞാനെന്റെ പാവാട പിന്നെയും
മുറുക്കി പിടിക്കും..
ദേ..ണ്ടെ.. ലാലേട്ടൻ വന്നെടീ
ഓള് ചീവീടിന്റെ ഒച്ചയിൽ കൂകി പറയും..
ആ ഒറ്റ പറച്ചിലിൽ
ഞാൻ പുരന്റെ പുറത്ത് ചാടും
ഖൈറൂന്റെ വീട്ടിലെ ആപ്പീസ്
മുറിയിലെ ടീവിക്ക് മുന്നിൽ
ചമ്രം പടിഞ്ഞിരിക്കും..
അലിയും സതീഷും ഓളെ
ആപ്പാന്റെ മക്കളും മുന്നിലെ വരിയിലിരിക്കും..
വല്ലിമ്മാക്ക് ഹാലിളകണ്ടാന്ന് കരുതി
ഓൾ ആപ്പീസ് മുറിയുടെ വാതിലടക്കും..
ടീവിന്റെ തൊട്ടുമുന്നിലെ ചൂരൽ കസേരയിൽ
മുതലാളിച്ചീനെ പോലിരുന്ന്
സൗണ്ട് കൂട്ടും..
സിനിമ കാണുമ്പോൾ ഞാൻ
വിയർക്കാൻ തുടങ്ങും..
ഖൈറൂന്റ ഉപ്പാന്റെ കാല് എത്താത്ത
മൂലയിലേക്ക് നീങ്ങി ഒതുങ്ങിയിരിക്കും..
പരസ്യം വരുമ്പോൾ ഓള ഉപ്പ
കസേരനീക്കി എന്റെ
മുതുകിൽ കുത്തിവരക്കും ..
എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങും
ഉളളം കൈ തണുക്കും
ഞാൻ കണ്ണുംപൂട്ടി കുപ്പായ തുഞ്ചത്ത്
മുറുകെ പിടിക്കും..
സിൽമ പിന്നെയും തുടങ്ങും
ലാലേട്ടൻ ടീവിയിൽ നിറഞ്ഞ് നിൽക്കും
എന്റെ കണ്ണ് മാത്രം മൊസൈക്ക്
തറയും നോക്കി താന്നിരിക്കും..
സിൽമ കൊഴുക്കും രംഗം മാറും
ഖൈറൂന്റെ ഉപ്പാന്റെ കാല്
എന്റെ പാവാടന്റെ ഉള്ളിലേക്ക് നീട്ടിവെക്കും..
കണ്ണീര് ഒച്ചയില്ലാതെ പരക്കും
തലതിരിച്ച് ഓള ഉപ്പാനെ നോക്കും
അയാൾ എന്റെ മോത്ത്ക്ക് നോക്കി
തുണി പൊക്കി കാണിക്കും ..
ഞാനല്ലാരേം നോക്കും
ഓര് എല്ലാരും ടിവിയിൽ നോക്കി
തൊള്ള പൊളിച്ചിരിക്കും
എനിക്ക് ഒറക്കനെ നെലോളിക്കാൻ
തോന്നും,
പേടി കാരണം ഒച്ചയെ തൊണ്ടക്കുഴി
വിഴുങ്ങും..
പുരയിൽ വാപ്പ ഒറ്റക്കാണന്ന്
പറഞ്ഞ് സിൽമ പാതിനിർത്തി ഓടും..
മുറ്റത്തെ മറപ്പുരയിൽ കയറി
പ്ടാവിൽ നിറച്ചുവച്ച വെള്ളത്തിൽ
മുഖംതാഴ്ത്തി കരയും..
പിന്നെയും അന്തിയാവും
വാപ്പ ഊക്കൻ ശ്വാസം വലിക്കാൻ തുടങ്ങും
മരിക്കാനായി എന്ന് കരുതി
കിടക്കണ പടീന്റെ അറ്റത്ത് ഇരുന്ന്
യാസീനോതും
ഇരുട്ട് പരന്നാൽ
ഉമ്മ അടുപ്പ് കത്തിക്കും
കാലിത്തപ്പ് തട്ടി
അരിമണി വേട്ടക്കിറങ്ങും
ഖൈറൂന്റെ പുരക്കൂന്നു
മേടിച്ച കായി കൊടുക്കാനുള്ള വഴി
ഒഴിഞ്ഞ പാത്രങ്ങളിൽ
തിരഞ്ഞു ഒച്ചയുണ്ടാക്കും…
വാപ്പ ശ്വാസം കിട്ടാതെ
കണ്ണ്നിറച്ച് നെഞ്ച് തടവും ..
തള്ളപ്പുരയിൽ ഹസ്റാഹീൽ
റോന്തു ചുറ്റും ..
വാപ്പ ഇപ്പോൾ മയ്യത്താവുമെന്ന്
ഞാനുറപ്പിക്കും..
ചെവിയിൽ ബാങ്കും കലിമയും
ചൊല്ലി മരിക്കുന്നത് കാത്തിരിക്കും..
കോഴി കൂവണത് കേട്ട്
തലമാന്തി കണ്ണുതുറക്കും..
വാപ്പ വീണ്ടും ഈങ്ങിയ ചുമ ചുമക്കും!