രചന : അഷ്‌റഫ് കാളത്തോട്✍
ഗസ്സേ,
അവസാനത്തെ ദീപനാളം അണഞ്ഞെന്ന്
ശത്രുക്കൾ കരുതട്ടെ.
പക്ഷേ,
ഇരുട്ടിൻ്റെ പാടങ്ങളിൽ നിന്ന്
നിഴൽച്ചിത്രങ്ങൾ കരുത്താർജ്ജിച്ച് ഉയരും.
തെരുവുകളിൽ ഇരുൾ കനംകെട്ടി,
വെടിനിർത്തൽ വാർത്ത
മനസ്സുകളിൽ തണുത്തൊരു സുഖം വിതച്ചു.
മൊബൈൽ ടോർച്ചിൻ്റെ മങ്ങിയ നാളം,
അന്ധകാരത്തെ കീറി, ജനതയ്ക്ക് ആശീർവാദം തീർത്തവനേ! സ്വാലിഹേ!
ധീരമാം ദൂതനായ്,
ഗസ്സയുടെ മുറിഞ്ഞ ഹൃദയസ്പന്ദനം ഒപ്പിയെടുത്തു നീ;
ആ മുഖത്തെ വിറയ്ക്കുന്ന ആഹ്‌ളാദം
വേദനയുടെ വിസ്ഫോടനമായിരുന്നു.
യുദ്ധം!
മനുഷ്യരാശിയുടെ നിഗൂഢമായ ക്രൂരത.
മനുഷ്യൻ ചെയ്യുന്ന ദുഷ്കർമ്മങ്ങൾ
ദൈവങ്ങളെയും നിശ്ശബ്ദരാക്കും.
മാധ്യമ സൂര്യന്മാർ, സത്യത്തിൻ്റെ പ്രകാശം തീർക്കാൻ,
പ്രാണൻ കൊടുത്ത് പാറമേൽ വീഴുന്നു
രക്തമഴയായി.
ദൈവ ശിക്ഷ
ഒരു സമൂഹത്തോടാണ്,
നരകക്കൊള്ളികളെ അഴിഞ്ഞാടാൻ അനുവദിച്ചുകൊണ്ട്.
ഇരുനൂറ്റമ്പത് തീനാളങ്ങൾ അണഞ്ഞു,
പക്ഷേ, ഓരോ അണഞ്ഞ കിരണവും
ഒരു പുതിയ പ്രഭാതത്തിൻ്റെ വിത്തായി പൊട്ടിത്തെറിക്കുന്നു.
ഇന്നോ, എൻ്റെ ഗസ്സയുടെ മോൻ,
സ്വാലിഹ് ജഅ്ഫറാവി!
നീയും യാത്രയായി ഈ കദനത്തിൻ്റെ മണ്ണിൽ,
വെടിനിർത്തലെന്ന ചതിയുടെ മധുരപ്പുഞ്ചിരിയിൽ
വിഷം കലർത്തിയ കള്ളക്കൈകളുടെ വഞ്ചനയിൽ.
അത് ജൂതർ വളർത്തിയ
ഗസ്സയിലെ വിഷനായ്ക്കളുടെ പല്ലിലെ തീ!
നുണ,
അതൊരു ചീഞ്ഞ വാക്ക്;
സത്യം,
ചോരയുടെ മഷിയിൽ എഴുതപ്പെട്ടത്.
അവർ ഭയപ്പെട്ടത് ബോംബുകളെയല്ല,
അവരുടെ ഒറ്റക്കണ്ണുള്ള ലെൻസിനെ.
വെടിനിർത്തൽ!
അതൊരു ചതുരംഗമാറ്റം,
വഞ്ചനയുടെ പാഠപുസ്തകം.
വെടിയൊച്ച!
നിശ്ശബ്ദതയിലേക്കു കുത്തിയ കാമനാദം.
പാഴാകില്ല, ആരുടെയും ആശ്വാസം.
ഓരോ ശഹാദത്തും ചുട്ടുപൊള്ളുന്ന തീക്കനലാണ്,
ഗസ്സയിലെ ഓരോ രക്തത്തുള്ളിയും
വിമോചനത്തിൻ്റെ വിത്താണ്.
സ്വാതന്ത്ര്യത്തിൻ്റെ ആകാശം
ഫലസ്തീൻ്റെ ഹൃദയമധ്യത്തിലെ അജയ്യ കിനാവ്!
സ്വാലിഹേ, നിൻ്റെ ത്യാഗം
ആ ദൂരം കുറയ്ക്കും,
ഉറപ്പ്!
നീ ഓടിയ വഴികളിലൂടെ,
വെളിച്ചം വീശിയ ആ ടോർച്ചിൻ്റെ ഓർമ്മയിൽ,
വിമോചനം എന്ന പ്രഭാതം ഉദിക്കും,
നിശ്ചയം!
ഗസ്സയിലെ ഒരു മരണം പോലും
വെറുമൊരു ചരമക്കുറിപ്പല്ല,
അതൊരു വിപ്ലവത്തിൻ്റെ തുടക്കം.
സ്വാലിഹേ, നിൻ്റെ രക്തം
ഈ പഴുത്ത ലോകത്തിൻ നേരെ ഉയർത്തിയ
ഒരു ദഹിക്കുന്ന ചോദ്യം തന്നെയാണ്.
സ്വാതന്ത്ര്യം! അത് ദൂരെയല്ല.
നീയൊരു പാതയൊരുക്കി,
മരിച്ചുകൊണ്ട്!
