രചന : ജിബിൽ പെരേര ✍.
വറുത്തമീൻ
എന്റെയൊരു ‘വീക്നെസാ’യിരുന്നു.
ചൂണ്ടയിടൽ
എന്റെ ഇഷ്ടഹോബിയും.
മണ്ണപ്പം ചുട്ട് കളിച്ചിരുന്ന കാലംതൊട്ട്
മണ്ണിരകളെന്റെ
ഉറ്റചങ്ങാതിമാരായിരുന്നു.
എന്നിരുന്നാലും,
മീനുകളുടെ ഇഷ്ടഭക്ഷണമായ
മണ്ണിരകളില്ലാതെ
ഞാനെങ്ങനെയാണ് ചൂണ്ടയിടുക?
സ്രാവുകളെ ഞാൻ പിടിക്കാറില്ല.
അവ ,
ചൂണ്ടയിൽ കൊത്തിയാൽ
വള്ളംപോലും മുക്കിക്കളയുമെന്ന്
അച്ഛൻ പഠിപ്പിച്ചതെനിക്കോർമ്മയുണ്ട്.
അബദ്ധത്തിലെങ്ങാനും
ചൂണ്ടയെ ലക്ഷ്യമാക്കി വരുന്ന
സ്രാവുകൾക്ക്
ബാക്കിയുള്ള ഇരകൾകൂടി കൊടുത്ത്
ലോഹ്യത്തിൽ തടിയൂരുന്നത്
ആ നടുക്കടലിലും
എന്റെ പ്രധാന കലയായിരുന്നു.
കൂരിയെന്റെ ഇഷ്ടമീനാണ്.
പള്ളനിറയെ മുട്ടകളുള്ള
വലിയ കൂരികളെ
പരിക്കേൽക്കാതെ
കടലിലേക്ക് വിടുന്നതിൽ
ഞാനേറെ സന്തോഷിച്ചിരുന്നു.
കാരണം
അമ്മാവൻ പറഞ്ഞിട്ടുണ്ട്,
ഗർഭിണികളായ അത്തരം കൂരികളെ
വീണ്ടും വളരാൻ വിട്ടാൽ
പത്തിരട്ടിയായി തിരിച്ചുലഭിക്കുമെന്ന്.
പിറ്റേന്ന് പുലർച്ചയോടെയാണ്
ചൂണ്ടയിലെനിക്കൊരു
ഡോൾഫിനെ കിട്ടിയത്.
ചെകിളയിൽ കയർ കോർത്തു
മീൻ കുട്ടയിലേക്കിടുമ്പോൾ
പരിചയം പുതുക്കാനെന്നപോലെ
അവസാനമായവൻ പിടഞ്ഞു.
നീന്തൽ പഠിക്കുന്ന നേരത്തു
മുങ്ങിപ്പോയ തന്റെ ജീവൻ രക്ഷിച്ച
ഒരുപറ്റം നിഷ്കളങ്കരായ ഡോൾഫിനുകളുടെ കഥ
അമ്മ
തലേന്നും പറഞ്ഞത്
അലറിയടിച്ചെത്തിയ
ഒരു തിരയെന്നെ വീണ്ടുമോർമ്മിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ,
വറുത്ത മീനിന്റെ സ്വാദിൽ
ഞാനത് സൗകര്യപൂർവം മറന്നു .
കുഞ്ഞുനാളിൽ
വെള്ളത്തിലിഴയുന്ന,
ജീവനുള്ള കക്കകളെ കാട്ടി കൊഞ്ചിച്ചാണ്
മുത്തശ്ശിയെന്നെ ഊട്ടാറുള്ളത്.
എന്നാലും
ചതച്ച മുളകിട്ടുലത്തിയ കക്കക്കറിക്ക്
കടലാഴങ്ങളോളം രുചിയുണ്ടെന്ന്
മുത്തശ്ശിയെന്നോട്
മനപ്പൂർവം പറഞ്ഞില്ലയെന്നതിലെ
സെന്റിമെൻസ്
വല്ലാത്ത ക്രൂരതയായിപ്പോയി.
ആ ഒരൊറ്റ വാശിയിലാണ്
അവർ മരിക്കുമ്പോൾ
ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതിരുന്നതും
അന്നേദിനംതന്നെ
കടലിൽ പോയ് കക്ക വാരിയതും
കറിവെച്ച്
വയറുനിറയെ കഴിച്ചതും.
ഇപ്പോൾ
മീൻ കുട്ടയിലെ ഡോൾഫിൻ പൂർണ്ണമായി ചത്തിരിക്കുന്നു.
ഞാനാകട്ടെ,
ദൂരെ
ഡോൾഫിൻ കൂട്ടം
തുടിക്കുന്ന തടത്തിലേക്ക്
പ്രതീക്ഷയോടെ
വീണ്ടും വീണ്ടും ചൂണ്ടയെറിയുകയാണ് .
ഞാൻ പറഞ്ഞില്ലേ,
വറുത്ത മീൻ
എന്റെ വീക്നെസും
ചൂണ്ടയിടൽ
എന്റെ ഹോബിയുമാണെന്ന്.