രചന : രാജേഷ് കോടനാട് ✍.
പെണ്ണ് പെണ്ണായിത്തീരുന്നത്
അവളുടെയെത്ര
അവസ്ഥാന്തരങ്ങൾക്കു ശേഷമാണെന്ന്
നിങ്ങൾക്കറിയുമോ?
ഒരു പെണ്ണ് ജനിക്കുമ്പോൾ
എത്ര ചിത്രശലഭങ്ങളാണ്
അവൾക്കൊപ്പം പിറക്കുന്നത്
എത്ര അരുവികളാണ്
പിയാനോ വായിക്കുന്നത്
എത്ര സ്വപ്നങ്ങളാണ്
അവൾക്കു ചുറ്റും വിരിയുന്നത്
എത്ര നക്ഷത്രങ്ങളാണ്
അവളുടെ കണ്ണിൽ വീണ് ചിതറുന്നത്
എത്രയെത്ര ഗന്ധർവ്വന്മാരാണ്
അവളുടെ
കുഞ്ഞിളം പാദത്തെ
പാലപ്പൂ മൊട്ടുകളാക്കുന്നത്
വളരുന്തോറും
തിരളുന്നവൾ
തിരളലിൽ വിരണ്ടവൾ
വൈവാഹികമെന്ന
മാടമ്പിത്തരത്തിൽ
പ്യൂപ്പയിലേക്ക്
തിരിച്ചു നടക്കുകയാണ്
കഴുത്തിൽ ചുറ്റിക്കിടക്കുന്നത്
ഒരു പാമ്പാണെന്ന്
ബോദ്ധ്യപ്പെടുന്ന ദിവസം
അവൾ
പെണ്ണായിത്തീരുകയാണ്
തൻ്റെ പകലുകൾക്കു മേൽ
മറ്റൊരു ചങ്ങല
ഇരുളായ് വീഴുന്ന പക്കം
അവളൊരു
പെണ്ണായ്ത്തീരുകയാണ്
അവളുടെ
മാനത്തിനു മേൽ
ജുഗുപ്സാവഹമായ ഉടമ്പടികൾ
ഒപ്പുവെക്കുമ്പോൾ
അവളൊരു
പെണ്ണായിത്തീരുകയാണ്
ഇരുട്ടു തിളച്ച രാത്രികളിൽ
നിലാവിനു പകരം
അടിവയറു വേവുമ്പോൾ
അവളൊരു
പെണ്ണായിത്തീരുകയാണ്
പ്രണയം മുറ്റിയ പെണ്ണല്ല
കരളിൽ കരിങ്കല്ലാൽ
കിനാവ് കൊത്തിയ പെണ്ണ്!!
