രചന : ബിനു. ആർ✍.
ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു
ലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,
പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.
സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾ
സ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാം
നീലനിലാവർണ്ണമായ് തിരിച്ചറിയാതെ
നീലജലാശയത്തിൽ ലയിച്ചുപോയ്!
ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്
ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്
നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞു
പൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!
ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻ
മുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,
കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,
നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളം
പൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾ
എനിക്കുചുറ്റും ഉണ്ടായിരിക്കണമെന്ന്.
കാലമേ, യെൻ ജീവൻ തുടിക്കുംജാഗ്രതയിൽ
എന്റെചുറ്റിലുംവളരും വേരുപടലങ്ങളിൽ
സ്നേഹമാം നീരുകൾ നിറയണമാവോളം
വൈരുധ്യാത്മകങ്ങളിൽപെടാതെ,ഊർധ്വൻ
വലിക്കാതെ സൃഷ്ടിസ്ഥിതിതൻ കാതരമാം
ആരോഹണാവരോഹണ ജനിമൃതികളിൽ.