നാട്ടിലെ തിരക്കിൽ നിന്നൊന്ന് മാറി നിൽക്കാലോ എന്നു കരുതിയാണ് ഞാൻ ചൈനയിലെ എന്റെ അമ്മായിയെ കാണാൻ പോയത്. ഹോങ്ചിങ് അമ്മായി കുറെയായി ക്ഷണിക്കുന്നു. ചൈനയുടെ വന്മതിലിന്റെ വടക്കു കിഴക്ക് ഭാഗത്താണ് അമ്മായിയുടെ വീട്.

അവിടത്തെ ആണുങ്ങളൊക്കെ ഒരേ മുഖഛായ ആയതോണ്ട് വായ്നോട്ടത്തിൽ വല്യ സുഖം തോന്നിയില്ല.എന്റെ തുറിച്ചു നോട്ടം കണ്ടിട്ട് ഇടുങ്ങിയ കണ്ണുള്ള അവർ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കി.
ഹോയാങ്ഹോ നദിയുടെ തീരത്തുകൂടെ ഞാൻ വെറുതെ കറങ്ങി നടന്നു. അതിലൂടെ പോകുന്ന ഒരു ചേരയെ നോക്കി അമ്മായി വെള്ളമിറക്കി
.’ഹേഹുങ് സെ ചിലി’ അവർ കൊതിയോടെ പറഞ്ഞൂ..

ന്നു വെച്ചാൽ ചില്ലിയിട്ട് വെക്കാം. ചേര റോക്കറ്റ് വിട്ടതുപോലെ ജീവനും കൊണ്ടോടി..
ഒരാഴ്ച്ച ചൈനയിൽ നിൽക്കുന്നതല്ലേ പ്രസിഡന്റിനെ ഒന്ന് സന്ദർശിച്ചേക്കാം ഇല്ലെങ്കിൽ മോശമല്ലേ.. വിളിച്ചപ്പോൾ ആൾ ഫ്രീയാണ്. ഞങ്ങൾ ഫേസ് ബുക്ക്‌ ഫ്രണ്ട്‌സ് ആണ്.നാട്ടിലെ കാര്യങ്ങളും ചൈനയിലെ കാര്യങ്ങളും ഞങ്ങൾ പരസ്പരം ഡിസ്‌കസ് ചെയ്യാറുണ്ട്. നേരിട്ട് കാണുമ്പോ Xi jinping (പുള്ളിക്കാരന്റെ പേരാ ഞാൻ ജിമ്പു എന്നു വിളിക്കും )ആൾക്ക് കൊടുക്കാനായി ഞാൻ ചക്ക വറുത്തതും മാങ്ങയുമൊക്കെ പാക്ക് ചെയ്തു വെച്ചു..

അമ്മായിയുടെ കാറുമെടുത്ത് ഞാനദ്ദേഹത്തിന്റെ വീട്ടിലെത്തി.. കാവലിനു നിൽക്കുന്ന ചൈനക്കാരൻ ഷുവൻഷി എന്നോട് കുറെ സംസാരിച്ചു. അതിനു ശേഷം പ്രസിഡന്റിനെ കണ്ടു. കുറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്. ജിമ്പു ബ്രോക്ക്‌ വല്യ മാറ്റമൊന്നുമില്ല. എന്നാലും ടിപ്പിക്കൽ മലയാളി മനസ്സോടെ ചൈനീസ് ഭാഷയിൽ “അയ്യോ ആകെ ക്ഷീണിച്ചല്ലോ, കണ്ണൊക്കെ കുഴിഞ്ഞല്ലോ എന്നൊക്കെ പറഞ്ഞപ്പോ എനിക്കൊരു സന്തോഷം കിട്ടി..

അദ്ദേഹം പതിവുപോലെ” പെങ്ങളെ എന്താ വിശേഷം.. സുഖമാണെന്ന് കരുതുന്നു.. ഇരിക്കു.. നമുക്ക്‌ സംസാരിക്കാം.. ഞാൻ പോയി അദ്ദേഹത്തിന്റെ അടുത്തിരുന്നു..
” അടുത്തിരിക്കുന്നതൊക്കെ കൊള്ളാം.. കുറെ കാലം കഴിയുമ്പോ ഇവിടെ ഇലക്ഷനൊക്കെ വരും.. അപ്പൊ എന്നെ കുറിച്ച് ഗോസിപ്പ് വരരുത്..
നിങ്ങളുടെ നാട്ടിൽ അങ്ങനെയല്ലേ.. ആരേലും എന്തേലും ചെയ്താൽ അപ്പൊ ഒന്നും പ്രതികരിക്കില്ല. കുറെ കഴിയുമ്പോ തൊട്ടു, പിടിച്ചു എന്നൊക്കെ പറഞ്ഞിട്ട് നാറ്റിക്കും..
ജിമ്പു പറഞ്ഞത് കേട്ട് എനിക്കങ്ങു ചിരി വന്നു.. ഞങ്ങൾ കുറെ നേരം ചിരിച്ചു..
അതൊക്കെ പോട്ടെ.. എന്താ ചൈനയിലെ വിശേഷങ്ങൾ,.. കൊറോണ പോലത്തെ പുതിയതൊന്നും വന്നിട്ടില്ലല്ലോ???

ജിമ്പു പിന്നേം ചിരിച്ചു.. (ചൈനീസ് ഭാഷയിൽ )ഇവിടെ എല്ലാവരും ജോലി ചെയ്യുന്നു, നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.. ഇവിടെ ആരും അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കാറില്ല..ചുണ്ടിൽ ചക്ക പശ ഒട്ടിയ പോലുള്ള ചൈനീസ് ഭാഷയിൽ പറഞ്ഞു.
ബൈ ദി ബൈ കേരളത്തിലെ കാര്യങ്ങളൊക്കെ അറിയാറുണ്ട്.. ഇപ്പൊ ഇലക്ഷൻ സമയമല്ലേ.. പിന്നെ നമ്മടെ മറ്റേ പയ്യനെ പിടിച്ചോ?? എന്തോ മാങ്ങയോ ചക്കയോ… അവന്റെ അതേ പേരുള്ള ഒരുത്തനെ പിടിച്ചു ജയിലിൽ ഇട്ടിട്ടുണ്ടല്ലോ. അത് നല്ല കോമഡിആയിപ്പോയി…

ലേ ഞാൻ – ആളെ പിടിച്ചിട്ടില്ല.. എവിടെയാണോ എന്തോ.. ഇലക്ഷൻ സമയമല്ലേ പരസ്പരം ചെളി വാരി എറിയുന്നു.. അയ്യപ്പന്റെ സ്വർണ്ണം കട്ടവരും ജയിലിലുണ്ട്.. ഒന്നിനും ഒരു തീരുമാനമായിട്ടില്ല..പിന്നെ ഒരുമാതിരി ഞണ്ടിന്റെ സൈക്കോളജി എന്നു പറയാം. ആര് മുകളിലോട്ട് കേറിയാലും വലിച്ചു താഴോട്ടു ഇടും.
🤔ഷെയ് ഷി അയ്യപ്പൻ?? ജിമ്പു ചോദിച്ചു.. ആരാ എന്നു..
ഞാൻ വിവരിച്ചു കൊടുത്തു. അയ്യപ്പനെ കുറിച്ചും ശബരി മലയെ കുറിച്ചുമൊക്കെ കേട്ട് പ്രസിഡന്റ് അന്തംവിട്ടിരുന്നു..
ചൈനയിൽ ഇതുപോലത്തെ അമ്പലങ്ങളുണ്ടോ? ഞാൻ ചോദിച്ചു.ഷാവോലിൻ ക്ഷേത്രം കാണാൻ പോണമെന്ന് വിചാരിച്ചേയുള്ളു..

അപ്പോളാണ് ആൾക്ക് ഫോൺ വന്നത്.. ബഹുമാനം കണ്ടപ്പോൾ മനസ്സിലായി വൈഫാണെന്ന്.. എന്തോ കാര്യമായ ചർച്ചയാണെന്ന് തോന്നി.. ഫോൺ കട്ട്‌ ചെയ്തപ്പോൾ അദ്ദേഹം മൂഡോഫ് ആയപോലെ തോന്നി. ഞാൻ ചോദിച്ചു എന്താ കാര്യം??
😒ഉച്ചക്ക് കഴിക്കാൻ എന്താ ഉണ്ടാക്കേണ്ടത് എന്നതിനെ കുറിച്ചാ പറഞ്ഞത്..ടോഫു വേണോ, ബാവോസി വേണോ, പെയ്കിങ് ഡക്ക് വേണോ എന്നൊക്കെ ചോദിച്ചു..
ചൈനയിലായാലും കേരളത്തിലായാലും സ്ത്രീകളുടെ ഏറ്റവും വല്യ പ്രശ്നം ഒരേ പോലെ തന്നെ ഞാൻ ചിന്തിച്ചു..
പൂജയേതാ പാർട്ടി? ജിമ്പു ചോദിച്ചു..

എനിക്കങ്ങനെ പാർട്ടിയൊന്നുല്ല.. ഒന്നിനോടും ചായ്‌വുമില്ല.. വിരോധവുമില്ല.. പിന്നെ നിലവിലെ ഭരണത്തിനെ കുറിച്ചു സത്യസന്ധമായി വിമർശിച്ചാലോ കമന്റ്‌ ഇട്ടാലോ എയറിലാവും.. അതോണ്ട് ഒന്നും പറയുന്നില്ല. ഒന്ന് പറയാതിരിക്കാൻ വയ്യാട്ടാ.. ഇപ്പൊ ജനാധിപത്യമെന്നാൽ ജനങ്ങളിൽ ഉള്ള ആധിപത്യമാണ്..
ഇനി മാറ്റങ്ങൾ വരട്ടെ.. ജനങ്ങൾ ചിന്തിക്കട്ടെ..
നമ്മൾ ഒത്തിരി പ്രതീക്ഷയോടെ തിരഞ്ഞെടുത്തു ജയിപ്പിച്ചു വിടുന്നവരാണെന്ന് അവർ മറന്നു പോകുന്നു… ശരിയല്ലേ…??
എന്റെ കൈയ്യിലെ ചക്ക വറുത്തതിന്റെ കവർ കണ്ട പ്രസിഡന്റ് ഇതെന്താ പൊതിച്ചോറ് ആണൊ എന്നു ചോദിച്ചു.. അതാണല്ലോ മെയിൻ..
വിശപ്പ് മാറ്റുന്ന ഒരു പിടി ചോറ്.. അന്നം ദൈവമാണ്..
സ്വർണ്ണ വില ചൈനയിലെ വന്മതിലിനേക്കാൾ ഉയർന്നതും പെട്രോൾ വിലയും ജിമ്പു ഡിസ്കസ് ചെയ്തു.

നിങ്ങടെ നാട്ടിലെ പ്രായം മറന്നു പോയ ഒരു നടനുണ്ടല്ലോ… What abt him ?? ഇങ്ങനെ ചെരിഞ്ഞു നടക്കുന്ന ഒരു സുന്ദരനുണ്ടല്ലോ ആൾക്കൊക്കെ സുഖല്ലേ.. ജിമ്പു
മമ്മൂക്കയേയും ലാലേട്ടനെയും ചോദിച്ചു..
faZhan എന്നു ചൈനീസ് ഭാഷയിൽ ചോദിച്ചപ്പോൾ ആദ്യം എനിക്ക് കത്തിയില്ല. പിന്നെയാണ് വികസനം എന്നു മനസ്സിലായത്..
പിന്നെ പലതും വികസിച്ചു. നാടിന്റെ കടം, നികുതികൾ, കറന്റ്‌ ബില്ല് ഒന്നിനും ഒരു കുറവുമില്ല.. പലരുടെയും കുടുംബ സ്വത്തും വികസിച്ചിട്ടുണ്ട്…
പ്രവാസികൾ എന്ന നാടിന്റെ നട്ടെല്ല്..❤️ അവരെ കുറിച്ചു ഞാൻ പറഞ്ഞപ്പോൾ പ്രസിഡന്റിന് അഭിമാനവും സന്തോഷവും തോന്നി…

കേരളത്തിൽ എന്നും കേട്ട് കേട്ട് പുല്ല് വിലയായ സ്ത്രീ പീഡനങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു.. ക്വാട്ടേഷൻ കൊടുത്തു പീഡിപ്പിച്ചവന്റെ വിധി വന്നോ എന്നു വരെ ചോദിച്ച് ജിമ്പു എന്നെ ഞെട്ടിച്ചു..നാട്ടിലെ പട്ടിശല്യത്തെ കുറിച്ചും പട്ടി വരുമ്പോ ചൊല്ലേണ്ട ചൈനീസ് മന്ത്രത്തെ കുറിച്ചും പറഞ്ഞു..
ഒരു കാര്യത്തിൽ ഇന്ത്യ ഞങ്ങളെ തോൽപ്പിച്ചു.. ജനസംഖ്യയുടെ കാര്യത്തിൽ..
ശ്ശെടാ.. ഈ മനുഷ്യന്റെയൊരു കാര്യം…
പൂജ എന്നാ റിട്ടേൺ?? ടിക്കറ്റ് ബുക്ക്‌ ചെയ്‌തോ? ഇലക്ഷന് മുമ്പ് എത്തണ്ടേ.. ജിമ്പു ബ്രോ ചോദിച്ചു..

ഈ പോസ്റ്റിട്ടാൽ ഞാൻ എയറിലാവും 😒 അതോണ്ട് ഞാൻ വേഗം നാട്ടിലെത്തും..ഇനി ആരേലും എന്റെ കൈയ്യോ കാലോ തല്ലിയൊടിക്കുമോ എന്തോ.. തെറി വിളിയും പൊങ്കാലയും എനിക്കിഷ്ടമാ.. ഉള്ളതു പറഞ്ഞാൽ കിട്ടുന്നതൊക്കെ കിട്ടട്ടെ..
what is പൊങ്കാല.. ജിമ്പു ചോദിച്ചു..
അത് പിന്നെ പറയാ.. അമ്മായിടെ കാൾ വന്നു.. എനിക്ക് പോണം..
പോക്കറ്റിൽ തപ്പി കുറെ യുവാൻ എടുത്തിട്ട് എന്റെ കൈയിൽ തന്നു.. ഓ എന്റെ പൊന്നാങ്ങള..
കേരളത്തിൽ പോയാൽ അമേരിക്കക്ക് ഒരു പണി കൊടുക്കാൻ പറ്റുന്ന കൂടോത്രം വല്ലതുമുണ്ടേൽ ചെയ്യണം.. അതിനാ പൈസ…
ജിമ്പുന്റെ നാള് എന്തുട്ടാ.. ഞാൻ ചോദിച്ചു..
ലേ ജിമ്പു -നാള്?? 🤔

ഞാൻ- ഞങ്ങൾക്കൊക്കെ സ്വന്തമായി star വരെ ഉണ്ട്…
നാള് അറിയില്ലേൽ നമുക്ക് തൊടാൻ പറ്റുന്ന ഒരേ ഒരു star ഉള്ളു മൂലം..അതിൽ ചേർക്കാം..
🚶🏻‍♀️മൂലം എന്താന്ന് ഓർത്ത്‌ കുണ്ഠിതപ്പെട്ട് ഇരിക്കുന്ന പ്രസിഡന്റിനോട് യാത്ര പറഞ്ഞ് ഞാൻ തിരിച്ചു പോന്നു.
തിരിച്ചു പോരുമ്പോ ചൈനയുടെ വൻ മതിലിന്റെ അടുത്ത് വണ്ടി നിർത്തി. മതിലിനെ തൊട്ടു തലോടി..
അതു കണ്ട ചില കുശുമ്പിചൈനക്കാരികൾ “ഓ ഞങ്ങളുടെ മതില് കണ്ടോടി എന്ന ഭാവത്തിൽ എന്നെ നോക്കി പുച്ഛിച്ചു..
ലേ ഞാൻ.. ഒന്ന് പോടീ മാക്രി പെണ്ണുങ്ങളെ ഇതിനേക്കാൾ വലിയ മനുഷ്യമതിൽ നിർമ്മിച്ചവരുടെ തറവാട്ടിൽ നിന്നാടി ഞാൻ വരുന്നത്….
പിന്നല്ല..

പൂജ.ഹരി കാട്ടകമ്പാൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *