രചന : അബുകോയ കുട്ടിയാലികണ്ടി-✍.
പ്രകൃതിയിൽ മനുഷ്യ പക്ഷി മൃഗാദി കളടക്കം സകലതും ഇക്കണ്ട കാലം വരെ അനുവർത്തിച്ചു പോരുന്നതും, തുടർന്ന് അനുവർത്തിക്കേണ്ടതുമായ നിയമങ്ങളൊക്കെയും,കാലഘട്ടത്തിന്റെ അനുയോജ്യതക്ക് അനുസരിച്ചു
മനുഷ്യരടക്കം സകലജീവജാലങ്ങളിലും , തലമുറകളിലൂടെ സിദ്ധിക്കുന്ന വെളിപാടായിരിക്കും ഒരു പക്ഷെ.. ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ.
മനുഷ്യരുടെ ആധിപത്യം ഭൂമിയിൽ അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയായിരിക്കും നിയമങ്ങൾക്കെല്ലാം അവനൊരു നാമം നൽകുന്നത് ?
രാമൻനായർ ഒരു ദൈവ വിശ്വാസിയായിരുന്നു. ബാങ്കിൽ മാനേജർ തസ്തികയിലേക്ക് പ്രമോഷൻ കിട്ടിയത് മുതൽ വിശ്വാസവും പ്രൊമോഷൻ എന്ന പോലെ ഉയർന്നു കൊണ്ടിരിന്നു.
വീട്ടിൽനിന്ന് ഇറങ്ങുന്നതിന്നു മുമ്പേ ചന്ദനതിരിയുടെ ഒരു പേക്ക് ശ്രദ്ധപൂർവ്വം കടയിൽ നിന്നുവാങ്ങി ബാഗിൽ കരുതുമായിരുന്നു .
ബാങ്കിൽ പൂജ കഴിഞ്ഞത്തിന് ശേഷമേ കസേരയിൽ ഇരിക്കുമായിരുന്നുള്ളൂ.
ശേഷം വരുന്ന ഉപഭോക്താക്കളെ ശ്രദ്ധാ പൂർവ്വം പരിഗണിച്ചു തൃപ്തിപെടുത്തുമായിരുന്നു.
വരുന്നവരിൽ അധികവും ലോൺ ആവിശ്യക്കാരായിരുന്നു.
വരുന്ന ആവിശ്യക്കാരോട് ആദ്യം ചോദിക്കുന്നത് സിബിൽ സ്കോർ ഉണ്ടോ? എന്നായിരുന്നു. പലരും പദം കേട്ടിട്ടുണ്ട് എന്നല്ലാതെ പൊരുൾ അറിഞ്ഞിരുന്നില്ല.
വരുന്നവർക്കെല്ലാം സിബിൽ സ്കോർ വിവരിച്ചു വിവരിച്ചു ഉറക്കത്തിൽ പോലും സിബിൽ സ്കോർ സംസാരിക്കുന്ന രീതിയിൽ മാറിയിരുന്നു രാമൻനായർ.
പതിവ് പോലെ ബാങ്കും ജോലിയും പൂജയുമായി ദിനങ്ങൾ കഴിഞ്ഞു പോയി കൊണ്ടിരുന്നു.
അഞ്ച് മിനുട്ട് വൈകിയാണ് ഇന്ന് പുറപ്പെട്ടതെന്ന് രാമൻനായർ ശ്രദ്ധിച്ചിരുന്നു എങ്കിലും, ബാങ്കിൽ എത്തി പൂജനടത്തി കൊണ്ടിരിക്കുമ്പോൾ അല്പം തിരക്ക് കൂട്ടി ഒരുവൻ.
‘പൂജയെല്ലാം വീട്ടിൽ നിന്ന് കഴിഞ്ഞിട്ട് പോന്നാൽ പോരെ എത്ര സമയമായി കാത്തിരിക്കുന്നു ‘
രാമൻ നായർ പൂജ കഴിഞ്ഞു വളരെ ഗൗരവത്തിൽ, വന്ന ആളെയൊന്നു നോക്കിയതിൽ ശേഷം , വാച്ചിലേക്ക് നോക്കി, വെറും അതെ അഞ്ചു മിനുട്ട് വൈകിയതിനാണ് ഇദ്ദേഹം പ്രതികരിച്ചിരിക്കുന്നതെന്ന് രാമൻ നായർക്ക് ബോധ്യമായി.
കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞു.
‘എന്താ പേര്? ‘
‘ദുശന്തൻ ‘
‘എന്താ ആവിശ്യം? ‘
‘എനിക്കൊരു ലോൺ വേണം രേഖകളെല്ലാം കൈയ്യിൽ ഉണ്ട് ‘
രേഖകളെല്ലാം വാങ്ങിനോക്കി
‘സിബിൽ സ്കോർ ഉണ്ടോ?’
‘സിബിൽ സ്കോർ പരിശോധിക്കട്ടെ’
‘ഓ… നിങ്ങൾക്ക് സിബിൽ സ്കോർ തീരെ മോശമാണ് ലോൺ പാസ്സാകാൻ ബുദ്ധിമുട്ടാണ് ‘
‘ഇതെവിടെത്തെ നിയമമാണ് സാറേ സിബിൽ സ്കോർ, ലോൺ തരാതിരി
ക്കാനുള്ള മുടന്തൻ ന്യായമല്ലേ? ‘
‘അല്ല.. ഇത് ദൈവത്തിന്റെ നിയമം മനുഷ്യർ കട്ടെടുത്തതാണ് !
പൂജ നേരം കാണിച്ച ദുശന്തന്റെ അസഹിഷ്ണുതക്ക് മനസ്സിൽ നിന്നു തികട്ടി വന്ന പ്രതികരണമെന്നൊണം രാമൻ നായർ അറിയാതെ വിളിച്ചു പറഞ്ഞു പോയതായിരുന്നു.
‘ദൈവത്തിന്റെ നിയമം എങ്ങിനെ ബാങ്കിൽ നിയമമാകും ?
ദുശന്തൻ കോപത്തോടെ ന്യായീകരണങ്ങളുടെ കെട്ടഴിച്ചുവിട്ടു തർക്കം തുടങ്ങി.
ദൈവത്തിന്റെ നിയമമാണെന്ന് അറിയാതെ പറഞ്ഞതാണെങ്കിലും
മറുപടി കിട്ടാതെ വഴങ്ങുന്നില്ലായിരുന്നു ദുശന്തൻ.
രാമൻ നായർ ഉത്തരങ്ങൾകായ് സ്വന്തം മനസിനോട് നിശബ്ദതയിൽ യാചിക്കുകയായിരുന്നു.
ദുശന്തന്റെ പ്രതികരണം പിന്നീട് ഇരട്ടി കോപത്തോടെയായി.
‘ദുശന്താ.., സമാധാനമായി ഇരിക്കൂ പറഞ്ഞു തരാം ‘
ദൈവം മനുഷ്യന്ന് വിരിച്ച ഒരു നേർപാതയാണ് ‘ദൈവത്തിന്റെ സിബിൽ സ്കോറിന്റെ’ വ്യാഖ്യാനം. ഈ നീതിയുടെ പാതയിലൂടെ മനുഷ്യൻ സഞ്ചരിചാൽ നേരെ ചെന്നെത്തുന്നത് അവൻ ഭൂമിയിലെ സ്വർഗ്ഗത്തിലായിരിക്കും !
അവന്റെ ജീവിത നേർസൂചികയാണ്
തടസ്സങ്ങളൊക്കെ ഇല്ലാതാക്കുന്നതും, ജീവിതം ധന്യമാക്കുന്നതും.
ഇത് ദൈവം മനുഷ്യരെ ഭൂമിയിൽ നല്ല
നടപ്പോടെ ജീവിക്കാൻ നിശബ്ദത
യിലൂടെ അരുളിയ പാഠങ്ങൾ ആയിരുന്നു.
മനുഷ്യർ, മനുഷ്യരിൽ ചിലരുടെ സ്വാർത്ഥതയും വഞ്ചനയും അക്രമവും പ്രകൃതി ചൂഷണവും കൊണ്ട് പൊറുതി മുട്ടിയപ്പോൾ ദൈവത്തിന്റെ നിയമം കട്ടെടുത്ത് മനുഷ്യർ മനുഷ്യരുടെ മീതെ സ്വാതന്ത്ര്യമില്ലാതെ കല്പിച്ചു വെച്ച സാമ്പത്തിക നിയമമാണ് ഇന്ന് സിബിൽ സ്കോർ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്നത്.
നിങ്ങൾക്ക് സത്യ സന്ധതയിലൂടെ സാമ്പത്തികമായി ആകാശം മുട്ടെ പറക്കാനുള്ള ബാങ്കിന്റെ ഒരു നിയമ വ്യവസ്ഥയാണ് സിബിൽ സ്കോർ.
പക്ഷെ നിങ്ങളുടെ സാമ്പത്തിക ബാങ്കിങ് ഇടപാട് മുഴുവനുംക്രമം തെറ്റിയതും വീഴ്ച പറ്റിയതുമായിട്ടാണ് രേഖയിൽ തെളിയുന്നത്.
‘ഞാനെന്താണ് വീഴ്ച വരുത്തിയത്?’
‘നിങ്ങൾ പല ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ട് അതെല്ലാം തിരിച്ച് അടവിൽ വീഴ്ച വന്നിട്ടുണ്ട് അതെല്ലാം ഇക്കാലത്തെ രേഖയിൽ തെളിഞ്ഞു കാണുന്നുണ്ട്.
ഇതേ പോലെ ദൈവം നിങ്ങൾ അറിയാതെ, നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയും റികാർഡിൽ എഴുതി കൊണ്ടിരിക്കുന്നുണ്ടാവും?
നിങ്ങളുടെ പ്രവർത്തികൾ നീതിയും നന്മയും മനുഷ്യത്വത്തിന്റെയും പ്രവർത്തിയാണെങ്കിൽ മനസമാധാനത്തോടെയും ഐശ്യര്യപൂർണ്ണമായും ഒരു തടസ്സവും ഇല്ലാതെ മരിക്കുന്നത് വരെ പ്രയാസം കൂടാതെ ജീവിക്കാൻ കഴിഞ്ഞെന്ന് വരും !
ഈ നിയമം പൂർണ്ണ സ്വാതന്ത്ര്യത്തോടെ ദൈവം മനുഷ്യരോട് കല്പിച്ചപ്പോൾ മാനുഷർ അവഗണിക്കുകയായിരുന്നു.
മനുഷ്യരിൽ ചിലർ ചതിയും വഞ്ചനയും സ്വാർത്ഥത യുമായി തോന്നിയ പോലെ അഹങ്കാരത്തോടെ ജീവിച്ചു തുടങ്ങി.
ദൈവത്തിന്റെ ഈ നിയമം മനുഷ്യർ കട്ടെടുത്ത് മനുഷ്യരുടെ മീതെ കല്പിച്ചപ്പോൾ ജനം നിയമം അറിയാനും പഠിക്കാനും അനുസരിക്കാനും തുടങ്ങി.!
മനുഷ്യർ കട്ടെടുത്ത ദൈവത്തിന്റെ നിയമങ്ങളാണ് ഇതെന്ന് ഞാൻ പറയാനുള്ള കാരണം ദുശന്താ.. ‘മനസിലായോ..?
ദുശന്തന്റെ കോപമെല്ലാം വെണ്ണ പോലെ ഉരുകി ഇല്ലാതാവുകയായി
രുന്നു .
ദുശന്തന്റെ മനസ്സ് അവൻ അറിയാതെ മറ്റൊരു ലോകത്തിലൂടെ
സഞ്ചരിക്കുകയായിരുന്നു.
ദുശന്തൻ അല്പ നേരത്തെ
മൗനത്തിന് ശേഷം, മേശപ്പുറത്ത്
ഉണ്ടായിരുന്ന രാമൻനായർ പൂജക്ക് ഉപയോഗിച്ചു മിച്ചം വന്ന ചന്ദനത്തിരി
യടങ്ങിയ പാക്കറ്റ് അനുവാദത്തോടെ
എടുത്തു കൈ സഞ്ചിയിൽ ഇട്ടു രാമൻ നായർക്ക് സലാം പറഞ്ഞു പിരിയുകയായിരുന്നു.
ദുശന്തൻ ബാങ്കിൽ നിന്ന് പടി ഇറങ്ങി പോയപ്പോഴായിരുന്നു രാമൻ നായരുടെ കിതപ്പ് നേരെയായത്.
രാമൻ നായർക്ക് മനപൂർവമല്ലാതെ ആരൊ മനസ്സിൽ കേട്ടെഴുത്ത് എടുത്തു തരുന്ന പോലെ ഒരു വെളിപാടായിരുന്നോ ? എന്നോർത്തു അത്ഭുതത്തോടെ ബാങ്കിൽ നിന്നിറങ്ങി അടുത്ത കടയിൽ നിന്ന് പന്ത്രണ്ടു പാകറ്റ് ചന്ദനത്തിരി ഒരുമിച്ചു വാങ്ങി ബാഗിൽ തിരുകി വീട്ടിലേക്ക് കാറിൽ കയറി തിരിച്ചു പോവുകയായിരുന്നു രാമൻനായർ.

