രചന : അനിൽ മാത്യു ✍.
ആ അടുക്കളയുടെ ഭിത്തിയിൽ, പൊടിപിടിച്ച ഒരു കലണ്ടർ ഉണ്ടായിരുന്നു.ഏതോ ബാങ്കിന്റെ സൗജന്യമായി കിട്ടിയത്.ഒത്ത നടുക്ക് ഒരു ചിരിക്കുന്ന കുട്ടിയുടെ വലിയ പടം.താഴെ തീയതികൾ.
അമ്മ അതിനെ അവിടെ തൂക്കിയത് “ഇതവിടെ ഇരുന്നോട്ടെ. സമയം അറിയാമല്ലോ” എന്ന് പറഞ്ഞാണ്.
അതായിരുന്നു ഞങ്ങളുടെ വീടിന്റെ അനൗദ്യോഗിക ബോർഡ് ഓഫ് ഡിസ്‌കഷൻ.
രാവിലെ എഴുന്നേറ്റ് വരുമ്പോൾ അച്ഛൻ ആദ്യം അങ്ങോട്ട് നോക്കും. ഇന്ന് 25 ആയല്ലേ? ശമ്പളം വരാൻ ഇനി ആറ് ദിവസം”
ഞാൻ മിണ്ടാതെ ചായ കുടിക്കും.
ഏട്ടന്റെ പിറന്നാൾ എന്നാണെന്ന് ആരും ഓർക്കാറില്ല.ആ കലണ്ടറിൽ ഏട്ടന്റെ പിറന്നാളിന്റെ തീയതിയിൽ
അമ്മ ചുവന്ന മഷി കൊണ്ട് വട്ടം വരച്ചിട്ടിരിക്കും. അതായിരുന്നു ഓർമ്മപ്പെടുത്തൽ.
പെങ്ങളുടെ വിവാഹ നിശ്ചയം തീരുമാനിച്ചതും അവൾ ഗർഭിണിയായ വിവരം അറിഞ്ഞ തീയതിയും.എല്ലാം ആ കലണ്ടറിൽ, പല നിറത്തിലുള്ള പേന കൊണ്ട് കോറിയിട്ടിട്ടുണ്ട്.
അമ്മയുടെ കൈയക്ഷരം, അച്ഛന്റെ വരകൾ,എൻ്റെ അക്ഷമയോടെയുള്ള ചോദ്യ ചിഹ്നങ്ങൾ.
ഓരോ വർഷവും ഡിസംബർ ആകുമ്പോൾ അമ്മ പറയും.”ഈ കലണ്ടർ കീറി കളയണം. നാളെ പുതിയത് വരുമ്പോൾ ഒട്ടിക്കാൻ ഇടം വേണ്ടേ?” പക്ഷെ, ആ കലണ്ടറിൻ്റെ കടലാസ് കീറാൻ അമ്മയ്ക്ക് കഴിയാറില്ല.
ആദ്യമൊക്കെ കീറാനുള്ള ഉത്സാഹം എനിക്കായിരുന്നു. “അമ്മേ, ആ വർഷം തീർന്നതല്ലേ. ഇത് കള”.പക്ഷേ, അതിലെ മഷി മാഞ്ഞുപോയ ചില തീയതികളിൽ നോക്കുമ്പോൾ അമ്മയുടെ കണ്ണ് നിറയും.ആ തീയതികളിൽ ഒളിപ്പിച്ചുവെച്ച ഓർമ്മകൾ, അതൊരിക്കലും മാഞ്ഞുപോകില്ലല്ലോ?
കലണ്ടർ കീറിക്കളഞ്ഞാൽ ആ ദിവസങ്ങൾ ഇല്ലാതാവും എന്ന് അമ്മ വിശ്വസിച്ചു.
അങ്ങനെ, അടുക്കളയിലെ ഒരു ഭിത്തി മുഴുവൻ പഴയ കലണ്ടറുകൾ കൊണ്ട് നിറഞ്ഞു.
ചരിത്രത്തിൻ്റെ ഒരു ഭിത്തി.
പുതിയ തലമുറയ്ക്ക് അതൊരു ബാധ്യതയായിരുന്നു.
അമ്മാ, ഇതൊക്കെ കളഞ്ഞാലെ അടുക്കള വൃത്തിയാകൂ.
“നിങ്ങൾക്ക് ഇതിന്റെ വിലയറിയില്ല,” അമ്മയുടെ പതിഞ്ഞ ശബ്ദം.
അങ്ങനെ ഒരു ദിവസം ഞങ്ങൾ ആരും കാണാതെ ഏട്ടൻ ആ പഴയ കലണ്ടറുകൾ എല്ലാം പറിച്ചെടുത്തു. ഒട്ടിച്ചത് എല്ലാം ഒരുമിച്ച് അടർത്തി മാറ്റിയപ്പോൾ ഭിത്തിയിൽ വലിയൊരു ചതുരം.
അമ്മ ആ കാഴ്ച കണ്ടു തളർന്നു പോയി.
“എൻ്റെ ഓർമ്മകളാണ് നീ ഇളക്കി മാറ്റിയത്”
ഏട്ടൻ ഒന്നും മിണ്ടിയില്ല.പുതിയ, തിളങ്ങുന്ന ഒരു ഡിജിറ്റൽ ക്ലോക്ക് അവിടെ കൊണ്ടു വെച്ചു.
അതിൽ വലിയ അക്കങ്ങളിൽ സമയവും തീയതിയും മിന്നി.
അമ്മ അന്ന് മുതൽ അടുക്കളയിൽ പോകുന്നത് കുറച്ചു.
ഡിജിറ്റൽ ക്ലോക്കിൽ, ഞങ്ങളുടെ ജീവിതത്തിലെ പ്രധാന തീയതികളൊന്നും ചുവന്ന മഷി കൊണ്ട് വട്ടം വരച്ചു കാട്ടിയില്ല.ഓർമ്മകളും ഇല്ലായിരുന്നു.
ഇപ്പോൾ അടുക്കള വൃത്തിയായി. പക്ഷെ,വർത്തമാനങ്ങൾ കുറഞ്ഞു.ആരും കലണ്ടറിലെ തീയതി നോക്കി സംസാരിക്കാറില്ല.
ഒരു വർഷം കഴിഞ്ഞപ്പോൾ ആ പുതിയ ക്ലോക്ക് കേടായി.
അമ്മ അപ്പോഴും പഴയ കലണ്ടറുകൾ പറിച്ചെടുത്ത ഭിത്തിയുടെ കറുത്ത ചതുരത്തിലേക്ക് നോക്കി പറയും:
“ഓർമ്മകൾക്ക് ഒരിക്കലും ബാറ്ററി തീർന്ന് പോകില്ല. അത് എന്നും കൃത്യമായിരിക്കും.”
ആ ഭിത്തിയിലേക്ക് നോക്കി, ഒരു പ്രതിമ പോലെ ഇരിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ.

