രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
മരണശേഷമുള്ള അവസ്ഥ ശൂന്യതയായതുകൊണ്ട്
ശൂന്യതയിലേക്ക് നോക്കിയിരിക്കയാണയാൾ….
പ്രപഞ്ചത്തിൽ മുളപൊട്ടിയ
എല്ലാ വിത്തുകളും ജീവനുകളും ഒന്നുമില്ലാത്ത ശൂന്യതയിലേക്കാണ് കൂടുമാറുന്നത്….
ശൂന്യതയിലേക്ക്……നോക്കിയിരിക്കുന്നതിനെക്കാൾ ഏകാന്ത സൗഖ്യം മറ്റൊന്നിനും ഇല്ലതന്നെ…..
അത്യുഷ്ണത്തിൽ കത്തിനിൽക്കുന്ന പ്രകൃതി……
“ഇനി……ങ്ങള് തിരിച്ചുപുവ്വില്ല്യേ….?”
അയൽവക്കത്തെ ബീരാൻ ഇക്ക ഒരിക്കൽ ചോദിച്ചു…..
“ഇല്ലിക്കാ…..തിരിച്ചെങ്ങട്ടും ല്ല്യാ….. അതിന്റെ ആവശ്യോം…..ല്യല്ലോ….
ഭൂമീലെവടെ ജീവിച്ചാലും….ജീവിതം തീരും….
ഓരോ ദെവസോo….കൊറഞ് വര്വല്ലേ…..
പിടിച്ച് നിർത്താനൊന്നും പറ്റില്യല്ലോ…..?…
അല്ല അതിന്റെ ആവശ്യോം ല്ല്യാ…..”
ബീരാനിക്ക നിർവികാരനായി കൈമലർത്തിക്കാണിക്കും….
എന്നിട്ട് ആത്മഗതം പറയും…..
“അല്ഹന്തുലില്ലാഹ്….”
ഊട്ടിയിലെ ചായതോട്ടത്തിലുണ്ടായിരുന്ന കറപ്പേട്ടന്റെ രൂപസാദൃശ്യമാണ് ബീരാനിക്കക്ക്….
കറപ്പേട്ടന്റെ ശുഷ്‌ക്കിച്ച പെട്ടിക്കട ഇന്നും വേദനയുണ്ടാക്കുന്ന കാഴ്ചയായി മനസ്സിലുണ്ട്.
ചുക്കിച്ചുളിവുള്ള നീല ഷർട്ടും ഇത്തിരി മുഷിഞ്ഞ വെള്ളമുണ്ടും തോളിൽ ഒരു ഈരെഴ വെള്ളത്തോർത്തും…. അതായിരുന്നു കറപ്പേട്ടന്റെ എന്നത്തേയും വേഷം…..
ജീവിത ദുരിതത്തിനിടയിലും ഒറ്റ പല്ലുപോലുമില്ലാത്ത കറപ്പേട്ടന്റെ…..
തമാശ കേട്ടും പറഞ്ഞും ഉള്ള ചിരി പലപ്പോഴും ഉള്ളിൽ വേദന ഉണ്ടാക്കുമായിരുന്നു….
ഇന്നും കറപ്പേട്ടനെ ഓർക്കുമ്പോൾ സങ്കടമാണ്….
ജീവിതത്തിൽ എന്നും
ദാരിദ്ര്യംമാത്രം കൊണ്ടു നടന്ന് ജീവിച്ച,
ഒരു പച്ച മനുഷ്യൻ….
നിലമ്പൂരുള്ള വീട്ടിലേക്ക് മൂന്നോ ആറോ മാസങ്ങൾ കൂടുമ്പോൾ പോയിവരുന്ന കറപ്പേട്ടന് കാര്യമായൊന്നും നാട്ടിലേക്ക് കൊണ്ടുപോകാൻ ഉണ്ടാവാറില്ല….
കറപ്പേട്ടൻ എന്നോ മണ്മറഞ്ഞിട്ടുണ്ടാവും….
പീമിഗൗഡാമേസ്തിരിയും,കെണ്ടയ്യനും,
പുട്ടുമാതനും,മാസ്തി ഗൗഡരും, മല്ലുവും,മാത ഗൗഡരും…..ഒന്നും ചായത്തോട്ടത്തിൽ ഇന്നുണ്ടാവില്ല…..
എസ്റ്റേറ്റിന് വെള്ളക്കാരുടെ കാലത്തെ
ആ പ്രൗഢിയും മനോഹാരിതയും ഇന്നുണ്ടാവില്ല….
അയാൾ ഓർമ്മയിൽനിന്നും പുറകോട്ടു പോന്നു…..
ഉഷ്ണത്തിന്റെ ആക്കം കൂടിവരുന്നുണ്ടായിരുന്നു….
ഇലകളനങ്ങാത്ത അന്തരീക്ഷം….
ഇളം ചുവപ്പുള്ള മേഖക്കഷ്ണങ്ങൾ അലസമായി ആകാശത്ത് മന്ദം ഒഴുകുന്നുണ്ടായിരുന്നു…..
മരണശേഷമുള്ള അവസ്ഥ ശൂന്യതയായതുകൊണ്ട്…..
വീണ്ടും അയാൾ ശൂന്യതയിലേക്ക്
വെറുതെ നോക്കിയിരുന്നു…..
