രചന : ഉണ്ണി കെ ടി ✍️
ഭവ്യക്ക് ഒട്ടും ഉന്മേഷംതോന്നിയില്ല. ഏതു പ്രതികൂലപരിസ്ഥിതിയോടും പോരാടാനുള്ള ഊർജ്ജം സ്വായത്തമായുള്ളവൾ എന്നൊരു അഹങ്കാരമുണ്ടായിരുന്നു. എന്നിട്ടും അവൾ, ശില്പ തന്നെ അമ്പേ പരാജയപ്പെടുത്തിയിരിക്കുന്നു…!
തമ്മിലുള്ള മത്സരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, തമ്മിൽക്കണ്ട ആദ്യനാളുമുതൽ, കൃത്യമായിപ്പറഞ്ഞാൽ നഴ്‌സറിസ്‌കൂളിലെ ക്ളാസ്മുറിയിൽ നിന്നും തുടങ്ങിയതാണ്. ഒരിക്കലും തോറ്റ് പിന്മാറേണ്ടിവന്നിട്ടില്ല.
തനിക്കില്ലാത്ത സഹിഷ്ണുതയും അംഗീകരിക്കാനുള്ള മനസ്സും അവൾക്കുണ്ടെന്ന് പലപ്പോഴും തന്നോടുതന്നെ ഭവ്യ രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ അഭിമാനബോധംമൂലം ഒരു വിട്ടുവീഴ്ചക്കും ഇതുവരെ തയ്യാറായിട്ടില്ല…!
ചിലപ്പോൾതോന്നും അവൾ വിട്ടുതരുന്ന വിജയപീഠങ്ങളിലാണ് താൻ അഹങ്കാരത്തോടെ തലയുയർത്തിനിന്നത് എന്ന്. എത്ര കടുത്ത കളിയാക്കലിനും അവഗണനയ്ക്കും മുന്നിൽ സംയമനം പാലിക്കുന്ന ശില്പയോട് അപബോധമനസ്സിന് വിധേയത്വമുണ്ടായിരുന്നോ…?
തന്റെ അപദാനങ്ങൾപാടി ഒപ്പംനിൽക്കുന്നതായി നടിച്ച നാലുപേരല്ലാതെ തനിക്ക് സുഹൃത്തുക്കൾ എന്നുപറയാൻ ആരുമില്ലായിരുന്നു. കാന്റീനിലെ ചിലവിനും അത്യാവശ്യങ്ങൾക്കും അവരെ കൈയയച്ചു സഹായിക്കുന്നതുകൊണ്ടു പൊന്മുട്ടയുലിടുന്ന താറാവായി അവർ തന്നെക്കൊണ്ടുനടക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും പിണക്കാനായില്ല. ശ്യാമയും ആതിരയും അനഘയും ദീപയും താനും ചേർന്നാൽ ഒരു ലോകമായെന്ന ധാരണയോടെ, ഈ കാമ്പസിലെ പുൽക്കൊടികൾപോലും തന്റെ താൻപോരിമയെ അംഗീകരിക്കുന്നു എന്ന മൂഢസ്വർഗ്ഗത്തിൽനിന്നിതാ വെറും മണ്ണിലേക്ക് താനിന്ന് മലർന്നടിച്ച് വീണിരിക്കുന്നു….!
പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള വീണ്ടുവിചാരം തനിക്ക് എന്നും ഉണ്ടാകാറില്ലല്ലോ…., ഇതും മുൻപിൻ ആലോചിക്കാതെ സുഹൃത്തുക്കളെന്ന് നടിച്ചവരുടെ വാക്കുകേട്ട് എടുത്തുചാടിയതിന്റെ പരിണിതഫലം!
അഖിലിനെപ്പറ്റി അത്രനല്ല അഭിപ്രായമല്ല കാമ്പസിൽ ആർക്കും ഉള്ളതെന്ന പരമാർത്ഥം വിസ്മരിക്കരുതായിരുന്നു.
കൂടെ കൊണ്ടുനടന്ന നാല്വർസംഘം ചതിയിൽപ്പെടുത്തിയപ്പോൾ തളർന്നുപോയ തന്നെ രക്ഷിച്ചത് ശില്പയുടെ സമയോചിതവും ധീരവുമായ ഇടപെടലുകളാണ്. അവളുടെ ആയുധവും പ്രതിരോധവും എല്ലാം സ്നേഹമാണെന്നവൾ വെറുതെ പറയുകയല്ലാ, അത് തെളിയിക്കുകയും ചെയ്തിരിക്കുന്നു….!
അവളൊരിക്കൽ സ്നേഹപൂർവ്വം വിലക്കിയപ്പോൾ തന്റെ ധാർഷ്ട്യം അവളെ വേദനിപ്പിച്ചിട്ടുണ്ടാകും. ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നുപോകുമ്പോൾ പുച്ഛംതോന്നി, വിജയിയുടെ ഗർവ്വോടെയാണ് താനത് നോക്കിനിന്നത്.
അഖിലിനും തനിക്കും ഇടയിലെ ഹംസം ശ്യാമയായിരുന്നു. അവളാണ് അഖിലിന് തന്നെ ഇഷ്ടമാണെന്ന് ആദ്യം തന്നോട് പറഞ്ഞത്. അന്നവളെ താൻ ചീത്തപറഞ്ഞു. പിന്നെ കുറെ ദിവസത്തേക്ക് അതേക്കുറിച്ച് അവളൊന്നും പറഞ്ഞില്ല. താനും അത് മറന്നുപോയി.
വീണ്ടും കുറെ നാളുകൾക്കുശേഷം ആതിരയും അനഘയും ഇത് തന്നോട് പറഞ്ഞു. വൃത്തികെട്ട സ്വഭാവങ്ങളുടെ വിളനിലമായ അവന്റെ കാര്യം മിണ്ടിപ്പോകാരുതെന്ന് അവരെയും ശാസിച്ചു.
ആതിരയാണ് അവന്റെ കഥ തന്നോട് പറഞ്ഞത്. അവർ അയൽക്കാരായിരുന്നുപോലും. അവൻ കുഞ്ഞായിരിക്കുമ്പോഴേ അച്ഛനും അമ്മയും ആത്മഹത്യചെയ്തെന്നും അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നതെന്നുമെല്ലാം കേട്ടപ്പോൾ അവനോട് മനസ്സിൽ ഉണ്ടായിരുന്ന സമീപനത്തിനു ചെറിയ മൃദുഭാവം വന്നതവർ നാലുപേരും മനസ്സിലാക്കി. അമ്മാവൻ ഒട്ടും സ്നേഹമില്ലാത്ത മനുഷ്യനാണെന്നും അവന്റെ സാഹചര്യങ്ങളാണ് അവൻ്റെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമെന്നുംകൂടി കേട്ടപ്പോൾ മനസ്സിനകത്ത് ഒരു കൊളുത്ത് വീണു.
ഒരു ഒഴിവുദിവസം രാവിലെ ഫോൺബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. മറുതലക്കൽ ദീപയായിരുന്നു.
അഖിൽ ആത്മഹത്യക്ക് ശ്രമിച്ചെന്നും അവനിപ്പോൾ ആശുപതിയിലാണെന്നുമായിരുന്നു സന്ദേശം. അഖിൽ പാടെമാറിയെന്നും, തന്റെ നിരാസം അവനെ നിരാശപ്പെടുത്തിയതാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നുമവൾ പറഞ്ഞപ്പോൾ ആകെ തകർന്നുപോയി. എങ്ങനെയൊക്കെയോ ആശുപത്രിയിൽ ഓടിയെത്തി. തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ തീവ്രപ്രണയത്തിന്റേതായിരുന്നു. തന്റെ സുഹൃത്തുക്കളും അവനും വിരിച്ച വലയിൽ കുരുങ്ങിയതാണെന്ന് മനസ്സിലായപ്പോഴേക്കും രക്ഷപ്പെടാനാവാത്തവിധം എല്ലാ വഴികളും അടഞ്ഞിരുന്നു….!
മയക്കുമരുന്നിന്റെയും പോൺചിത്രങ്ങളുടെയും വലിയ ഗ്യാങിലെ കണ്ണികളായിരുന്നു ഇവരെന്നറിഞ്ഞപ്പോൾ വളരെ വൈകി. തന്നെ മയക്കുമരുന്നുകലർന്ന ഭക്ഷണം നല്കി താൻപോലുമറിയാതെ തന്റെ അശ്‌ളീല വീഡിയോ പകർത്തിയതുവച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് അവർ തന്നെ വില്പനചരക്കാക്കിയപ്പോൾ ശിൽപയെ അപമാനിച്ചതിൽ ആദ്യമായി പാശ്ചാത്തപിച്ചു. തന്നെ അകപ്പെടുത്തിയത്തിന്റെ പങ്കുപറ്റി കൂട്ടുകാരികൾ ചതിച്ചപ്പോൾ സൗഹൃദ ത്തിന്റെ മൂല്യം തിരിച്ചറിയുകയായിരുന്നു.
ഒരിക്കൽ അഖിലിന്റെ ഫോണിലൂടെയുള്ള സംസാരം യാദൃച്ഛികമായി കേൾക്കാൻ ഇടയായി. പുതിയ ഇരകൾക്കൊപ്പം തന്നെയും ചുവന്ന തെരുവിൽ എത്തിക്കാനാണ് പോകുന്നതെന്ന് മനസ്സിലായപ്പോൾ ജീവിതം നഷ്ടപ്പെടുത്തിയതോർത്ത് കരഞ്ഞുപോയി. ഇനിയെന്ത്….? ഹോസ്റ്റലിൽ നിന്ന് മകൾ നല്ലരീതിയിൽ പഠിക്കുന്നുണ്ടെന്നു കരുതുന്ന മാതാപിതാക്കൾ, തന്നെ ഏറെ സ്നേഹിക്കുന്ന അനുജൻ എല്ലാവരെയും നഷ്ടപ്പെടാൻ പോകുന്നു. ഈശ്വരാ, ആത്മഹത്യചെയ്യാനൊരു പഴുതെങ്കിലും ഉണ്ടാക്കിത്തന്ന് ഈ പാഴ്ജന്മത്തെ കരകയറ്റൂ എന്നു ഉള്ളിൽ ഒരു നിലവിളി സദാ കുറുകിക്കൊണ്ടിരുന്നു.
മരിക്കാൻ സമയമായിട്ടുണ്ടാവില്ല. അതായിരിക്കാം നാല്വർ സംഘത്തിന്റെ കൂടെ തന്റെ അഭാവം ശ്വേതയുടെ ശ്രദ്ധയിൽപെട്ടത്. കാര്യങ്ങളുടെ പോക്കത്ര പന്തിയല്ലെന്ന് നേരത്തെ അറിയാമായിരുന്ന അവൾ കോളേജ് യൂണിയൻ ചെയർമാനും, സർവ്വോപരി ഒരു നല്ല മനുഷ്യസ്നേഹിയുമായ സിദ്ധാർത്ഥിനോട് ഇക്കാര്യം ചർച്ചചെയ്തു. അഖിലിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് അവനും സംശയങ്ങളുണ്ടായിരുന്നു.
ശില്പ ശ്യാമയുമായി ചങ്ങാത്തത്തിലായി. ശ്യാമയില്നിന്ന് ചോർത്തിയെടുക്കുന്ന വിവരങ്ങൾ അപ്പപ്പോൾ സിദ്ധാർത്ഥും കൂട്ടുകാരുമായി അവൾ പങ്കുവച്ചു. വലിയൊരു ഗ്യാങിനോടാണ് തങ്ങൾ ഏറ്റുമുട്ടാൻപോകുന്നതെന്ന് പോകപ്പോകെ അവരറിഞ്ഞു. എങ്കിലുംസിദ്ധാർത്ഥിന്റെ വിശ്വസ്തരായ കൂട്ടുകാരും ശില്പയും പിന്തിരിയാൻ തയ്യാറല്ലായിരുന്നു. കലാലയത്തിൽ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നിന്റെയും മാംസവ്യാപാരത്തിന്റെയും വേരറുക്കാതെ വിശ്രമമില്ലെന്നവർ ഉറപ്പിച്ചു.
ശില്പയുടെ ചങ്കൂറ്റമാണ് ശ്യാമയോടൊപ്പം അവരുടെ താവളംവരെയെത്താൻ സഹായകമായത്. പിറകെയെത്തിയ നിയമത്തിന്റെ അഴിയാക്കുരുക്കിൽനിന്ന് ആരും രക്ഷപ്പെട്ടില്ല! ശില്പയുടെ ബന്ധുവായ പോലീസ് ഓഫീസറുടെ സഹായത്തോടെ കേസിൽ എവിടെയും തന്റെ പേരുവരാതെ രക്ഷപ്പെടുത്താൻ അവൾക്കായി.
തോല്പിക്കപ്പെട്ട ജീവിതത്തിന്റെ അഴിയാഭാരം തനിക്കുമാത്രമാണ് അരോചകമായിരിക്കുന്നത്. ശിൽപയോടല്ല, തന്നോടുതന്നെയാണ് തോറ്റുപോയതെന്ന നിലവിളി അകമേയല യടിക്കുന്നു…!
ശില്പയെക്കാണണം. മാപ്പുപറയണം. ശേഷം ഈ അഭിശപ്തജന്മം അവസാനിപ്പിക്കണം. കട്ടിലിൽനിന്നെഴുന്നേറ്റു, മുഖം കഴുകി മുടിയെല്ലാം നേരെയാക്കി. വാതിൽ തുറന്നപ്പോൾ തന്റെ പെട്ടിയും സാധനങ്ങളുമായി ശില്പ വാതിൽക്കൽനിൽക്കുന്നു…!
“ഞാൻ മേട്രണോടു പറഞ്ഞു റൂം മാറി.ഇനി നമ്മൾ ഒന്നിച്ചാണ്. ഞാൻ നിന്റെ റൂമേറ്റ്.”
ഒന്നും പറയാൻ കഴിഞ്ഞില്ല. വാതിൽക്കൽനിന്ന് വഴിയൊഴിഞ്ഞുകൊടുത്തു. അകത്തേയ്ക്ക് നടക്കുമ്പോൾ “ഇനിയും നീയെന്നെ തോല്പിച്ചാലോ എന്നൊരു ഭയമുണ്ട് ഭവ്യ. കളിയിൽ നീ ജയിച്ചാൽ എതിരാളിയില്ലാത്ത കളിക്കാരിയായിപ്പോകും ഞാൻ.”
‘മുൻപത്തേതിനേക്കാൾ തീവ്രമായി നീയെന്നോട് മത്സരിക്കണം. ഇനി നിനക്ക് ജയിക്കാൻ ഞാൻ തോറ്റുതരില്ല, ഓർത്തോ….!’
പൊട്ടിവന്ന ഒരു കരച്ചിലോടെ ഭവ്യ അവളെ ആലിംഗനം ചെയ്തു. വാക്കുകളുടെ പ്രസക്തി നഷ്ടപ്പെട്ട ആ നിമിഷങ്ങളിൽ അവൾ യഥാർത്ഥ സൗഹൃദത്തിന്റെ സ്നേഹത്തഴുകലിൽ സ്വയം നഷ്ടപ്പെട്ടുനിന്നു.

