ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും നിറഞ്ഞതുതന്നെയാണ് ഈ ലോകം, അത് അങ്ങനെത്തന്നെ ആയിരിക്കുകയും വേണം. ഒരേ ആഗ്രഹങ്ങളും ഒരേ ഇഷ്ടങ്ങളും മാത്രമായിക്കഴിഞ്ഞാൽ ഈ ലോകം ഐശ്വര്യ റായിമാരെക്കൊണ്ടും, ഹൃതിക് റോഷന്മാരെക്കൊണ്ടും മാത്രം നിറയും.

എനിക്കിഷ്ടം ഓപ്ര വിൻഫ്രിയെയാണ്, അവരുടെ തലച്ചോറിനെയാണ്. തലച്ചോറുകളിലും സൗന്ദര്യവും ഇഷ്ടവും കണ്ടെത്തുന്നവർ ഉണ്ടല്ലേ?
അല്ലെങ്കിൽ ഞാൻ നിങ്ങളെ കണ്ടെത്തുമായിരുന്നില്ലല്ലോ! അയാളുടെ അരികിലിരുന്നു അത് പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.
നമ്മുടെ സൗഹൃദം അതേപോലെയല്ലേ? അല്ലെങ്കിൽ സുന്ദരിയായ ഞാൻ ഒരു എഴുത്തുകാരനായ നിങ്ങളെ തേടിയെത്തുമായിരുന്നോ? നിങ്ങളിലെ സൗന്ദര്യം ഞാൻ കണ്ടെത്തിയത് നിങ്ങളുടെ അക്ഷരങ്ങളിൽ ആണ്.

എന്റെ ആകാരവടിവാണ്‌ നിങ്ങളെ ആകർഷിച്ചതെന്ന തുറന്നുപറച്ചിൽ ആണ് നിങ്ങളെ വിശ്വസിക്കാം എന്ന് ഞാൻ തീർച്ചപ്പെടുത്തിയ നിമിഷങ്ങൾ. മനുഷ്യൻ മനുഷ്യനായിത്തന്നെ സംവദിക്കുന്നതാണ് എനിക്കിഷ്ടം. എന്നെ ആരാധിക്കുന്ന അനേകരായിരം ഉള്ളതിനാൽ ആണല്ലോ ഞാൻ ഇപ്പോഴും മികച്ച അഭിനേത്രിയായി നിലനിൽക്കുന്നത്. അത് ആരാധനമാത്രമല്ല, സ്വന്തമാക്കാനുള്ള കൊതിയാണെന്ന് നമുക്കെല്ലാം അറിയാം. ആ കൊതി നിലനിൽക്കുന്നതുവരെ മാത്രമേ ആരാധന കാണൂ, എന്നേക്കാൾ സൗന്ദര്യമുള്ള മറ്റൊരാൾ കടന്നുവരുമ്പോൾ, എന്റെ ചാരുത മറ്റൊരാൾ ഏറ്റെടുക്കും. അപ്പോഴും ഒരുപക്ഷെ നിങ്ങളെ എന്റെ സുഹൃത്തായിത്തന്നെ എനിക്ക് നിലനിർത്താനാകും എന്നാണ് എന്റെ വിശ്വാസം.

ഒന്നോരണ്ടോ തവണയുള്ള കൂടിക്കാഴ്ചകൾ നിങ്ങളിലെ എഴുത്തുകാരനെ ഉണർത്തി എന്നറിഞ്ഞതിലും അത് തുറന്നു പറഞ്ഞതിലും നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം മനുഷ്യർ സൗഹൃദങ്ങളിൽ നിന്നുണ്ടാകുന്ന നേട്ടങ്ങൾ സാധാരണ തുറന്നു പറയാറില്ല. അവരെന്റെ സമയവും പണവും അടിച്ചുമാറ്റി, എന്ന പതിവ് പല്ലവികളെ നാം കേൾക്കൂ. ഒരുപക്ഷെ എനിക്ക് അവരെ അറിയില്ലെങ്കിൽകൂടി അത്തരം കഥകൾ നിറഞ്ഞുകൊണ്ടിരിക്കും.
എഴുതി നിറച്ചു ഈ ലോകത്തെ മാറ്റിമറിക്കാനാവില്ലെന്ന ഉത്തമബോദ്ധ്യം നിങ്ങൾ പങ്കുവെച്ചപ്പോൾ നിങ്ങൾ യാഥാർത്ഥ്യബോധങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി.

വായിച്ചുകഴിയുമ്പോൾ ഒരു ചിന്ത, അല്ലെങ്കിൽ വായനക്കാരൻ ഒരു സ്വയം പരിശോധന നടത്തിയാൽ തന്നെ സന്തോഷം. അല്ലാതെ എപ്പോഴോ വായിച്ച ഒരു കഥയിൽ ജീവിതം മുഴുവൻ അഭിരമിക്കാൻ ആരെങ്കിലും തയ്യാറാകും എന്ന ചിന്ത തന്നെ ആവശ്യമില്ലാത്തതാണ്.
വായന, വിനോദത്തിന്റെ ഒരംശം മാത്രമാണ്. എന്റെ എഴുത്തുകൾ ഞാൻ നിങ്ങളുമായി നടത്തുന്ന ഒരു സംഭാഷണം മാത്രം. ആ സംഭാഷണം കഴിയുമ്പോൾ ഞാൻ ഇല്ലാതാവുകയാണ്. പിന്നെ നിങ്ങൾ മാത്രം, ആവശ്യമുള്ളത് എടുക്കാം ഇല്ലാത്തത് കളയാം. ഒരുപക്ഷെ മുഴുവനായി കളയാം, പലർക്കും ഒന്നും കിട്ടണമെന്നുമില്ല. അതൊന്നും ഒരു തെറ്റല്ല, മനുഷ്യർ അങ്ങനെത്തന്നെയാകണം, ഒന്നിൽത്തന്നെ ആരും ജീവിതാവസാനംവരെ തളക്കപ്പെടുന്നില്ല, മനുഷ്യർ എപ്പോഴും പുതിയത് അന്വേഷിച്ചുകൊണ്ടിരിക്കും, ആ അന്വേഷണങ്ങളെ നാം വിളിക്കുന്ന ഓമനപ്പേരാണ് ജീവിതം.

പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണംപോലും തുടർച്ചായി കഴിച്ചാൽ ഒരുദിവസം വിരസമായെന്ന് നമുക്ക് തോന്നും. പതിവ് രുചികൾ ആരും ഇഷ്ടപ്പെടുന്നില്ല.
മനുഷ്യർ മനുഷ്യരിൽ തേടുന്നത് പുതിയ ഭാവങ്ങൾ ആണ്, സമ്പുഷ്ടമായ ജീവിത ചിന്തകളാണ്. വിരസതകളിലേക്ക് വഴുതിവീഴാത്ത പ്രണയമാണ്. ഒരാൾ നമ്മളെ വെറുക്കാതിരിക്കാൻ നാംതന്നെയാണ് ശ്രദ്ധിക്കേണ്ടത്. എത്രയാണ് എന്റെ സ്വാതന്ത്ര്യം, ഞാൻ എത്രകണ്ട് ആ മനുഷ്യനെ മുഷിപ്പിക്കുന്നു, വെറുക്കാൻ പ്രേരിപ്പിക്കുന്നു, ഞാൻ കൊടുക്കുന്ന പ്രണയം അയാളുടെ ഹൃദയം നിറയ്ക്കുന്നുണ്ടോ, എവിടെയാണ് എന്നിലെ അഭാവങ്ങൾ അയാളെ അകറ്റുന്നത്, ജീവിതത്തിന്റെ വിവിധഭാവങ്ങളിൽ എവിടെയാണ് ഞാൻ തോറ്റുപോകുന്നത്, എവിടെയൊക്കെയാണ് ഞാൻ എന്നെ തിരുത്തേണ്ടത്!
പിന്നെ! ഇതൊക്കെ നോക്കിയിരിക്കാൻ എന്നെ കിട്ടില്ല. ഞാൻ എന്താണോ അതേപോലെ നിങ്ങൾക്ക് സ്നേഹിക്കാൻ കഴിയുമെങ്കിൽ മതി, നിങ്ങളെ നിലനിർത്താൻ എനിക്ക് എന്നെ പുനർക്രമീകരിക്കാൻ ആകില്ല. കാലം മാറിപ്പോയി, ആരും ആരുടേയും അടിമയൊന്നുമല്ല.

കരുതലിന്റെ ശക്തി നമുക്ക് കടമെടുക്കാൻ ആകില്ല. ആരും ആരുടെയും അടിമയൊന്നുമല്ല, എന്നിട്ടും ചില പ്രണയങ്ങൾക്ക് നാം അടിമപ്പെടുന്നത് എന്തുകൊണ്ടാണ്?
ഒരാളുമായുള്ള ഒരു നൈമിഷിക നിമിഷം പോലും നമ്മുടെയെല്ലാം ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മനസ്സിൽ തറഞ്ഞുനിൽക്കുന്ന ഒരു നോട്ടംപോലും, ഓർമ്മകളിൽനിന്ന് അത് പൂർണ്ണമായി മറഞ്ഞുപോകുന്നതുവരെ സ്വകാര്യമായെങ്കിലും മനുഷ്യൻ ആ നിമിഷം ആഘോഷിച്ചുകൊണ്ടേയിരിക്കും. ഒരുപക്ഷേ ആ വ്യക്തിയെ നിങ്ങൾ അറിയുകകൂടി ഉണ്ടാകില്ല, എന്നിട്ടും നമ്മുടെ ഹൃദയത്തിന്റെ സന്തോഷമായി അവർ നമ്മിൽ നിലനിൽക്കും. എന്നാൽ കൂടെ ജീവിക്കുന്നവരിൽനിന്നു അത്തരം ഒരു നിമിഷം കണ്ടെത്താൻ നമുക്ക് കഴിയാറുമില്ല. പുതിയത് മാത്രം തേടുന്ന മനുഷ്യരുടെ മനസ്സിന്റെ ത്വരയാണോ അതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

അസ്തമയം കഴിഞ്ഞു ഇരുട്ടായിരുന്നു. നിങ്ങളുടെ മനസ്സ് നിറഞ്ഞെങ്കിൽ ഞാൻ പോയിക്കോട്ടെ? അവർ അയാളോട് ചോദിച്ചു.
ഇന്നത്തെ ഈ കൂടിക്കാഴ്ചക്ക് ഫീസ് ഒന്നും തരേണ്ട, എന്തുകൊണ്ടോ ഈ കൂടിക്കാഴ്ച എനിക്കും സന്തോഷം തരുന്നു.
ആവശ്യമുള്ളപ്പോൾ വിളിക്കണം, നിങ്ങളുടെ മനസ്സ് തുറക്കാൻ ഒരാൾ വേണമെന്ന് തോന്നുമ്പോൾ എപ്പോഴും വിളിക്കാം, എന്റെ സമയത്തിന്റെ വില നിങ്ങൾ തരികയും വേണം, ജീവിതത്തിൽ ഒന്നും വെറുതെ കിട്ടില്ലല്ലോ.
നിങ്ങളിൽ നിന്ന്, നിങ്ങളുടെ അക്ഷരങ്ങളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
അയാൾ പറഞ്ഞു, ഇത്രയും സമയം ഞാൻ നിങ്ങളുടെ ഹൃദയം കടമെടുക്കുകയായിരുന്നു.

കാവല്ലൂർ മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *