രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍.
പയോധരംപോലെഉറവയുള്ളിൽ
പേറുവാനുള്ളോരൊരുക്കവുമായി
പ്രകാശമേറുന്ന യോനീഗാത്രങ്ങൾ
പ്രാണനേ പുറന്തള്ളാനായുള്ളധ്വരം.
പുളയുന്നു പീഢയാലാർത്തചിത്തം
പ്രണാദമോടെ പരിഭ്രമിച്ചേറെയേറെ
പവനൻ്റെ പാച്ചിലാലുള്ളുന്തിനാലെ
പലവുരു പേശികളകലുവാനായി.
പെറുമ്പറയിടനെഞ്ചിലാഞ്ഞ് കൊട്ടി
പ്രഹരമേറ്റപോൽ പിടഞ്ഞ് പിടഞ്ഞ്
പാടുപെടുന്നോരുയബലകളന്ത്യം
പിറവിയേകുവാനതിബലയായി.
പൊന്നു പോലുള്ള പിള്ളയെയങ്ങു
പെറ്റുവളർത്തുവാനതിദൃഢയായി
പത്തുമാസം ചുമന്നുള്ളിലർത്ഥമായി
പരിപാലിച്ചീടുന്ന പോരിമയായവൾ.
പാലമൃതൂട്ടുവാൻ മാറിലാത്മാർഥം
പയോധരമേറെ ഉറവകളായൂറി
പാവനമായൊരു പീവരത്താലെ
പ്രിയമോടേകുന്നു അർഭകനായി.
പുഴയൊഴുകുന്നപോലാർദ്രമായി
പ്രതിബന്ധമില്ലാതൊഴുകിയൊഴുകി
പാട്ട് പൊലെ തിരാവലിയായനർഗ്ഗളം
പൂതമായന്തരമുറഞ്ഞുയമലമായി.
പാവനമാർന്നൊഴുകുന്നാലേഹം
പ്രഥമമായുള്ളോരു മാർഗ്ഗമായി
പ്രമദത്താലാറാടും ഉണ്ണികൾക്ക്
പുത്തനുണർവ്വേകുമൂറ്റുനേദ്യം.
പറ്റങ്ങളെല്ലാമിരട്ടിച്ചിരട്ടിച്ചഹോ !
പ്രപഞ്ചമാവർത്തനമായാന്ത്യാന്തം
പുതിയൊരു പുലരിയിലൊളിയായി
പെറ്റമ്മ പെറ്റു നിറയ്ക്കുന്നുലകം.
പെറ്റമ്മ പോറ്റുന്ന പൊന്നു മക്കൾ
പരമ്പരയായുള്ള കാൽനടയാത്രയിൽ
പടിപടിയായി ഉയർന്നു കയറിയിറങ്ങി
പുരോഗമിച്ചിന്നിതാ പരിഷ്കൃതരായി.
പതിയെ ഊറ്റിയ പാൽക്കുടധാരകൾ
പ്രപഞ്ചമായി അലങ്കാരബിംബമായി
പുതുവാക്യങ്ങൾ രചിച്ചിതായാനന്ദം
പരിവാരമോടാഘോഷിക്കും പൂരമായി.
പാദങ്ങളൂന്നുന്നോരു ഇടങ്ങളെല്ലാം
പരിണാമ കഥയാൽ പദവികളായി
പുരമേറെ നിരന്നുനിരന്നു അമ്പോ!
പിരിവിനാലെ പ്രതാപവനികയായി.
പുതിയോരേടിലേ അദ്ധ്യായങ്ങളായി
പുതു വാക്യങ്ങളെഴുതി പഴുക്കുമ്പോൾ
പരന്നു പരന്നു പ്രകൃതമനന്തമാകെ
പ്രതികാരധ്വനിയുള്ളിലുറഞ്ഞു കൂടി.
പകയാലമ്മയേയും അറിയാതെയായി
പീഢയേകുന്നനന്തരമതികഠിനമായി
പൊറുക്കാനാവാത്ത കറ്റും പേറിപ്പേറി
പാർക്കുന്നോരിടമെല്ലാം അശുദ്ധമാക്കി.
പരിമളമായോരീ സുഗന്ധവാടിയെല്ലാം
പുക ചീറ്റി വാതവും മലിനമാക്കുന്നു
പെറ്റമ്മ പരവശയായതുമറിയാതവർ
പടുവായുലകം നീളേ പാഷാണമാക്കി.
പ്രവേശനമായ പുറപ്പാടുകളിലെല്ലാം
പെറ്റമ്മ തൻ നോവുകളലിഞ്ഞലിഞ്ഞ്
പ്രതീകമായോരു ഉന്മകളിലെന്നെന്നും
പരമാത്മാവു വീണു നമസ്ക്കരിക്കുന്നു.
പുലരിയിലുണരും പ്രത്യയങ്ങളിലെല്ലാം
പിറവി തന്നുള്ളിലെ ഉടുക്കും കൊട്ടി
പ്രതിധ്വനിക്കുന്ന പ്രകാരമെല്ലാമായി
പഞ്ചഭൂതങ്ങൾ സ്വരാവലിയാകുന്നു.
