രചന : ലേഖ വാസു ✍
നമുക്കിടയിലൊരു
കൂടിക്കാഴ്ചയ്ക്ക് കാലം
വഴിയൊരുക്കുമോയെന്നറിയില്ല.
അന്ന്, നമുക്കിടയിലുണ്ടായിരുന്ന
ഈ മൗനത്തിനു ചുറ്റുമായ്
വാക്കുകൾ കൊണ്ടുള്ള
വർണ്ണത്തൊങ്ങലുകൾ തൂക്കണം
ഒരു വിടവുമവശേഷിക്കാത്ത വിധം.
മിഴികൾക്കുള്ളിൽ
മിഴികളെ നട്ടുവെയ്ക്കാനും.
ചുണ്ടുകൾക്ക് പരസ്പരം
സംവദിയ്ക്കാനും,
വിരലുകൾക്ക്
വിരലുകളുടെ മേൽ
വിരുതുകാട്ടാനുമുള്ള
അവസരമൊരുക്കണം..
നിന്റെ ഹൃദയത്തിന്റെ
കോണിലെന്നോട് പറയാതെ
ഒളിച്ചുവെച്ചിരുന്നതൊക്കെയും
നീ പറയുന്നതിന് മുൻപേ
ഞാനെടുത്തു വായിച്ചറിയും.
ശേഷം അരികിലേയ്ക്കെത്തി
നിന്റെ നെറ്റിയിലേയ്ക്ക്
പാറിവീണ മുടിയിഴകളെയും
ചേർത്തു ഞാൻ നിന്റെ
ചന്ദന ഗന്ധത്തെ ചുംബിക്കും.
എത്രയോ കാലം ഞാനെന്റെ
ചുണ്ടുകൾക്കുള്ളിൽ
ഒളിപ്പിച്ചുവെച്ചിരുന്നയൊരു ചുംബനം,
നിന്റെ നെറ്റിയക്കുമെന്റെ
ചുണ്ടുകൾക്കുമിടയിലിരുന്നു
വിറകൊള്ളും.
എന്റെ ചുണ്ടുകൾക്ക് മേൽ
പതിഞ്ഞ നിന്റെ
വിയർപ്പുകണങ്ങളെ
ഞാനെന്റെ ചുണ്ടുകളിൽ
ചുംബനയടയാളമായ്
പതിച്ചുവെയ്ക്കും.
ഒരാലിംഗനത്തിന്റെ
നെടുവീർപ്പണിയലിൽ
നമ്മുടെയുടലുകൾ
ഒന്നായൊട്ടിച്ചേരും.
ഒരു ഇരുളിനും വെളിച്ചത്തിനും
അടർത്തിമാറ്റാനാകാത്ത വണ്ണം
ഒരാത്മാവിന്റെ നൂലിഴകളാൽ
നമ്മൾ ബന്ധിക്കപ്പെടും.
ആ നിമിഷങ്ങളുടെ
ദൈർഘ്യതയിൽ തന്നെ
നമ്മളൊരു ജന്മവും
ജീവിച്ചുതീർക്കുമായിരിക്കും.
ഒരിക്കൽ നമ്മൾ
കണ്ടുമുട്ടുമെങ്കിൽ മാത്രം..
