രചന : അഹ്‌മദ് മുഈനുദ്ദീൻ✍
തനിച്ചാവുമ്പോൾ
ഏറെ സങ്കടം വരുമ്പോൾ
ഞാൻ
ആകാശനീല നിറമുള്ള
പഴയ ഷർട്ടണിയും.
വയർ വഴങ്ങാതെ പുറത്ത് ചാടും
കണ്ണാടി നോക്കി ഉറക്കെ പറയും
യുദ്ധം അവസാനിക്കുന്നില്ല.
ഇത്തിരി കഴിക്കും
ചാരുകസേരയിൽ ഒന്നുമയങ്ങും
ഭാര്യയും മക്കളും
തിരിച്ചെത്തും മുന്നേ
അലമാരയിൽ മടക്കിവെക്കും
അതവൾ വാങ്ങിത്തന്നതാണ്
അമ്മയുടെ പേരിൽ
നുണ പറഞ്ഞാണ്
ഞാനത് സൂക്ഷിക്കുന്നത്.
അവളെഴുതി
പ്രണയമൊരു യുദ്ധമാണ്
തുടങ്ങാൻ എളുപ്പവും
അവസാനിപ്പിക്കാൻ പ്രയാസവും.
ഞാൻ മറുപടിയെഴുതി
എല്ലാ തരം യുദ്ധങ്ങൾക്കും
ഞാനെതിരാണ്.
സൽവയെ,ഹൽവയെന്ന്
ഞാൻ തെറ്റിവായിച്ചു
എൻ്റെ പേര് കോഴിക്കോടൻ ഹൽവ
എന്നാക്കിയോ?
ചിരിയിൽ ചോരാത്ത മധുരം.
വായനയുടെ വഴിയിൽ
വർത്തമാനത്തിന്
കൂടുതൽ വേദികളുണ്ടായി
കഥയും കവിതയും കൈമാറി
കുതറി മാറാനാവാത്ത നാലഞ്ച് വർഷങ്ങൾ
നമ്മളേറെ യോജിച്ചവരാണെന്ന്
പല തവണ പരസ്പരം പറഞ്ഞു
എന്നിട്ടും
ഒരു ജോലി തരപ്പെടുത്തും വരെ
കാത്തിരിക്കാനായില്ല
സമ്മർദ്ധങ്ങളെ അതിജീവിക്കാനായില്ല.
പിരിഞ്ഞു.
രണ്ട് ജീവിതം
പ്രാരാബ്ധങ്ങൾ
പ്രവാസം
കുട്ടികൾ
ലുലുമാളിൽ വെച്ച്
യാദൃശ്ചികമായി
ഞങ്ങൾ കണ്ടുമുട്ടി
കോഫിഷോപ്പിലിരിക്കുമ്പോൾ
ചോദിച്ചു
ഹൽവ കഴിക്കാറില്ലേ
വല്ലപ്പോഴും.
ഷുഗറുണ്ട്
ഞങ്ങൾ ചിരിച്ചു
ഓർമ്മകളിൽ രുചി നിറച്ചു
നിങ്ങൾ തന്ന വിവാഹ സമ്മാനം
ഞാനിടക്ക് വായിക്കാറുണ്ട്
ഒരു വിശ്വാസിക്ക്
ബൈബിൾ കയ്യൊഴിയാനാവില്ലല്ലോ
പുറം ചട്ടക്കുള്ളിൽ
ഹൃദയരക്തത്തിൽ നീയെഴുതി
ഒരു യുദ്ധം അവസാനിച്ചു.
ഇന്ന് ഞാനത് തിരുത്തുന്നു
യുദ്ധം അവസാനിക്കുന്നേയില്ല.

