രചന : പ്രസീദ.എം.എൻ ദേവു ✍
ഉറപ്പും, ബലവുമില്ലാത്ത
തടിയാണെങ്കിലും
സൂക്ഷിക്കുന്തോറും
ഏറെകാലം നിൽക്കാമെന്ന്
പ്രണയിക്കുന്ന പ്ലാവ് മരം,
കോരിക്കുടിക്കുന്തോറും
സ്വാദുള്ള കൈയ്യിലുകൾ
പോലെ എന്നും പ്രണയിച്ച്
രുചി പകരാമെന്ന് പ്ലാവില,
എത്ര ഉണക്കിയാലും
കത്തിക്കുമ്പോൾ
ഞാൻ നിന്നെയോർത്ത്
പുകയുമെന്ന് പ്ലാവിൻ കമ്പുകൾ,
അത്രമേൽ ഒട്ടിയൊട്ടി
നീയകറ്റി മാറ്റുമ്പോളും
വേർപ്പെടാൻ കൂട്ടാക്കാതെ
ഞാനെന്ന് ചക്കമുളിഞ്ഞികൾ,
വേദനയ്ക്കില്ലെങ്കിലും
നിന്റെ ഇടയ്ക്കത്തെ വാക്കുകൾ
എന്നെ കുത്തി നോവിക്കാറുണ്ടെന്ന്
പാകം വന്ന ചക്ക മുള്ളുകൾ ,
ഞാനെന്ന കാമുകി
അമ്മയും .മകളും ,
ഭാര്യയും .സുഹൃത്തും ,
കിടപ്പിറപ്പുമാവുന്ന പോലെ
ഉപ്പേരിയായും , എലിശ്ശേരിയായും ,
പുഴുക്കായും, വറ്റലായും,
പായസമായും നീയൊരുങ്ങാറുണ്ടെന്ന്
ചക്കയോട് ഞാൻ ,
ആരും തിന്നാനില്ലാത്ത
ചക്കയിലെത്രയോ
അതിമധുരമെന്ന്
ഇന്നൊരു പണ്ടാറക്കാലൻ കാക്ക
കരയുന്നുണ്ടെന്റെ
നെഞ്ചിൻ പ്ലാവിലും

