രചന : മേരിക്കുഞ്ഞ്. ✍
കുന്നംകുളത്തങ്ങാടിയിൽ
ഓട്ടുപാത്രക്കച്ചോടം
മൊത്തമായ് നടത്തുന്ന
ചേറ്വേട്ടന്റെ മൂത്ത മോൻ
ജോർജ്ജിന്റെ ആലോചന
അരിശപ്പെട്ട് നിരസിച്ച്
തറവാട് കുളം കലക്കി
ചേർന്നതാണ് കുഞ്ഞുമേരി
പഠിക്കുവാൻ പട്ടണ –
പ്രാന്തത്തിൽ മഠം വക
കോളേജിൽ….
പേരു കേട്ട കോളേജാണ്
പഠിക്കുന്നതന്തസ്സാണ്.
കാലത്ത് ബസ്സു കേറാൻ
നില്ക്കുമ്പോൾ ജോർജ്ജുകുട്ടി
അപ്പന്റെ പീട്യേലെ
മേശയ്ക്കലിരിയ്ക്കുവാൻ
വെളുവെളുത്ത
സ്റ്റാൻഡേർഡു കാറിൽ
വന്നിറങ്ങി ഒളി കണ്ണാൽ
കണ്ടു കണ്ടില്ലെന്ന പോലെ
ചിരിയണിഞ്ഞ് ഡോറടയ്ക്കും.
വൈകീട്ട് ബസ്സിറങ്ങി
നടക്കാൻ തുടങ്ങുമ്പോൾ
പതുക്കനെ കാറു നടു –
റോട്ടിലൂടെ സഞ്ചരിക്കും;
ഇടക്കിടെ ഹോൺ മുഴങ്ങും.
പെണ്ണിനെ മണവാട്ടി
വേഷത്തിൽ പള്ളിയിൽ
എത്തിച്ചു തന്നാൽ മതി ,
പൊന്നു പണ്ട ബാക്കി കാര്യം
സർവ്വവും മുതലാളി
ഭംഗിയായ് നടത്തുമെ-
ന്നറിയിപ്പായ് ദൂതൻ വന്ന്
സന്തോഷം പറഞ്ഞ നാൾ
അപ്പന് തിടുക്കമായ്
കല്ല്യാണം നടത്തുവാൻ.
ഭാവിയിൽ പെണ്ണിന്
പഠിച്ചു ജോലിക്കു ചേർന്നാൽ
മാസം തോറും മുന്നൂറ്
‘ഉലുവ ‘ കിട്ടിയാലായി.
അപ്പോഴാണ് മണിക്കൂറിൽ
മുന്നൂറും ലാഭമായി
പെട്ടിയിൽ ഇട്ടീടുന്നോൻ
കെട്ട്യോനായ് വേണ്ടെന്ന്
പെണ്ണിന് ദു:ശാഠ്യം……
അമ്മാമയ്ക്കു
സ്നേഹം വറ്റി ,
വല്ല്യമ്മായിയ്ക്കരിശിച്ചു ,
വളർത്തു ദോഷം
എന്നമ്മയ്ക്ക്
പഴി കേട്ട് വാട്ടമായി.
അപ്പാപ്പൻ മിണ്ടാതായി.
പത്തലാണ് പരിഹാരമെന്നു-
പ്പാപ്പന്റെ പോം വഴി.
പുസ്തകത്തിലക്ഷരങ്ങൾ
മായ്ക്കാതെ കുഞ്ഞു മേരി…..
യൂണിഫോം പാവാടയും
അണിഞ്ഞു മുന്നോട്ടു പോയി.
ആഴ്ച്ചകൾ കൊഴിഞ്ഞു പോയ്,
അകമ്പടി സേവിക്കാൻ
വെള്ളക്കാറ് വരാതായി…
ആളൊഴിഞ്ഞ വഴി വക്ക-
ത്തെങ്ങാനും ജോർജ്ജിന്റെ
നിഴലനക്കം ഉണ്ടാകുന്നോ…..
കുഞ്ഞുമേരി കൺ പരതി.
ഇല്ല….
ഹാവൂ…..
തീർന്നു കിട്ടി ഉള്ളു ശല്ല്യം…..
ഓർക്കാപ്പുറത്തു വാർത്ത….
ചുട്ട ലാവ പോലെ പൊട്ടി
തിരയ്ക്കുന്നു അങ്ങാടി –
ത്തെരുവാകെ….. മഴയത്തും.
തമിഴ് നാട്ടിലെ വിടെയോ
അജ്ഞാതമായിടത്ത്
ലിംഗശസ്ത്രക്രിയക്കായി
ജോർജ്ജുകുട്ടി പോയെന്നും
കത്തി പാളി ജീവനറ്റ്
ബോഡി നാട്ടിലെത്തിയെന്നും.
ശവമെടുക്കും നേരത്തൊന്ന്
കുഞ്ഞുമേരി പാളി നോക്കി
നേർത്ത താടിമീശയൊക്കെ
ചന്തമുള്ള മുഖത്തുണ്ട് ,
പുതുമുളയെന്ന പോലെ.
അന്നു രാത്രി
എന്തിനെന്നൊ –
ന്നറിയാത്തോ-
രുൾക്കിടിലം…..
പനിയായി വിറ പൂണ്ടു.
കണ്ണടഞ്ഞാൽ കാണായിടും
ജഡത്തിന്റെ ചിരിക്കാഴ്ച്ച!
മാഞ്ഞിടാത്ത ഉൾഭീതി…
വലഞ്ഞു പോയ്
കുഞ്ഞു മേരി…… പാവം.
ഏറെയേറെ നാളെടുത്തു
ഭീതി
ഉറകെട്ടൊടുങ്ങാൻ
മേരിക്കുഞ്ഞ്.
