രചന : കല സജീവന്✍.
ആകെപ്പിഞ്ഞിയ ദിവസത്തിന്റെ വക്കും മൂലയും
തുന്നിക്കൊണ്ടിരുന്നപ്പോഴാണ് നീ വന്നത്.
ഒരു പാത്രം നിറയെ
ചെറുതായി അരിഞ്ഞിട്ട പല തരം പഴങ്ങൾ
നിന്റെ കൈയിലുണ്ടായിരുന്നു.
പുറം കാഴ്ചയിൽ തന്നെ
സന്തോഷം തരുന്നവയും
കടും മധുരത്തിനും
ഇളം പുളിപ്പിനുമിടയ്ക്കുള്ള വഴിയിൽ
പറിച്ചെടുക്കപ്പെട്ടവയുമായി
പല നിറത്തിൽ പഴങ്ങൾ ചിതറിക്കിടന്നു.
ഒലിച്ചിറങ്ങിയ മധുരച്ചാറിൽ പുതഞ്ഞ്
മഞ്ഞുകാലത്തിന്റെ
ദുരൂഹസ്വപ്നങ്ങളും…….
ഒരു പപ്പായത്തുണ്ട്
എന്റെയും നിന്റെയും ചുണ്ടിനെ
തുലനം ചെയ്ത് സ്വത്വ പ്രതിസന്ധിയിലകപ്പെട്ടു.
ഞാവൽപ്പഴം തിന്ന് വശംകെട്ട
വയലറ്റു പൂവ് എന്റെ ചുണ്ട്.
നീയാണെങ്കിൽ കഥ പറഞ്ഞു പറഞ്ഞു
ചുണ്ടുകളെ തന്നെ മറന്നു പോയിരുന്നു.
-അവഗണിക്കപ്പെട്ട ചുണ്ടുകളോളം
അപമാനിതമായി മറ്റെന്തുണ്ടുലകിൽ? –
നിനക്കു വേണ്ടി ഞാനവയിൽ
പഴച്ചാറു പുരട്ടി സാന്ത്വനിപ്പിക്കുകയും
അടുത്ത തവണയാവട്ടെ,
ഇനി ഒരിക്കലുമിത് ആവർത്തിക്കില്ലെന്ന്
നുണയുകയും ചെയ്യുന്നു.
ഒറ്റയ്ക്ക് വെറുമൊറ്റയ്ക്ക്
ഒരു മുഴുനീളൻ മഞ്ഞുകാലത്തെ
എന്റെയുള്ളിൽ മറന്നു വെയ്ക്കുന്നു,
നീ……..
വാക്കനൽ
