രചന : സാബി തെക്കേപ്പുറം✍.
കണ്ണിമ തെല്ലൊന്നു ചിമ്മി ഞാനെൻ,
കിനാച്ചെപ്പിന്നു മെല്ലെ തുറന്ന നേരം…
കാതോരമൻപോടെ തഴുകിയിങ്ങെത്തുന്നു
കാവ്യലോലം നിന്റെ മൃദുനിസ്വനം,
കരളിലമൃതം നിറയ്ക്കുന്ന കുളിർ നിസ്വനം…
വാക്കുകൾ പൂക്കും തളിർച്ചില്ല തന്നിലായ്
ചേക്കേറുമോമൽ കിളികളായ് നാം…
കൊക്കുരുമ്മി, ഇളം തൂവലാൽ നോവാറ്റി
തണലായ് പരസ്പരം നിന്നതല്ലേ…
അമ്പിളി പൂക്കുന്ന താഴ്വരയിൽ,
ഇമ്പമേറുന്നൊരാമ്പൽ കുളക്കടവിൽ…
ചെമ്പകപ്പൂമണമേറ്റുന്ന കാറ്റിലെൻ
ചിത്തം കവർന്നു നീ പോയനേരം…
മലരമ്പേറ്റു ഞാൻ പൂത്തുലഞ്ഞ നേരം
രാഗാർദ്രമാം പ്രേമസല്ലാപ ഗീതങ്ങൾ
ഹൃത്താളമൊത്തു നാം മൂളിയില്ലേ…
ചുംബനപ്പൂക്കളാലിമ്പമോടെൻ കവിൾ
ചെമ്പനീർ വർണമായ് മാറ്റിയില്ലേ….
