ഹൃദയത്തുടിപ്പിന്റെ താളമായെന്നുമെൻ
ജീവനിൽ ചേർന്നങ്ങലിഞ്ഞതല്ലേ!
മഴവില്ലുപോലെ തെളിയുന്നു നിന്മുഖം,
കരളിലായ് മായാതെ നിൽക്കയല്ലോ.
എവിടെ തിരിഞ്ഞാലും കുസൃതിയോടെപ്പൊഴും
കുശലങ്ങൾ ചൊല്ലി വരുന്നതല്ലേ,
എന്നുമെനിയ്ക്കൊരു കാവലാളായെൻ്റെ –
യരികിത്തുതന്നെ നീ നിന്നതല്ലേ!
ഓർമ്മകൾ മുള്ളുകളായ് തറച്ചീടുന്നു
സോദരാ, നീയിന്നിതെങ്ങുപോയി?
നിന്റെയാപ്പുഞ്ചിരിയൊന്നു ഞാനോർക്കവേ
നെഞ്ചകമിത്രമേൽ നീറുകയോ!
സൗഹൃദം തീർത്തൊരാവാരിക്കുഴിയിൽ നീ
ചിറക്കറ്റു വീഴുമെന്നോർത്തതില്ല.
മരണം വരെയും മറക്കുവാനാകാത്ത
തീരാത്തനോവായ് നീ മാറിയല്ലോ!
മാതാപിതാക്കൾതൻ നീറുന്ന നൊമ്പര-
മേതുമേ നീയൊന്നും കണ്ടതില്ല.
രാപ്പകലൊന്നുമറിയാതെയാലംബ-
ഹീനനായ് മണ്ണിൽ ലയിച്ചുവല്ലോ.
ആരുമേ ലഹരിയിലാണ്ടിടല്ലേ, നര-
ഭോജികൾ ചുറ്റിലും കാത്തിരിപ്പൂ.
ഒന്നുമറിയാതെരിഞ്ഞടങ്ങീടുമ്പോൾ
നഷ്ടം നമുക്കുതാനോർത്തിടേണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *