രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️
ഇരുളിൻ മറവിൽ കണ്ണീർക്കണംപൊഴിഞ്ഞു,
പൊലിയുന്ന ജീവന്റെ വേദനകൾ.
തെരുവോരങ്ങളിൽ നിദ്രപൂകി,
അനാഥരായ് മാറും പാവമീ ഇരകൾ!
ചതിയുടെ കുഴികളിൽ വീണുപോയവർ,
ദുരയുടെ കൈകളാൽ ഞെരിഞ്ഞമർന്നവർ.
അധികാരത്തിൻ കോട്ടകൊത്തളങ്ങളിൽ
അലയുന്നവർ അവകാശങ്ങളിരന്ന്!
മനുഷ്യന്റെ ക്രൂരത ഏറ്റുവാങ്ങിയവർ,
മനസ്സിലെ മുറിവുകൾ മാറാത്തവർ.
ഉണങ്ങാത്ത നോവായി കൂടെ നടപ്പൂ,
ഭൂതകാലത്തിൻ കയ്പ്പുള്ള ഓർമ്മകൾ!
പുലരിയെ കാത്തു കിടക്കുവോരവർ,
നാളെയെക്കുറിച്ചൊരാ സ്വപ്നമറ്റുപോയവർ.
നീതിയെന്ന സൂര്യൻ ഉദിക്കുവാനായി,
വിഫലമായ് കാത്തിരിക്കും മിഴികൾ!
കണ്ണടച്ചീ ലോകം കടന്നുപോകുമ്പോൾ,
കേൾക്കാതിരിക്കുന്നു തേങ്ങലുകൾ.
ഒരു കൈത്താങ്ങിനായ് കൊതിച്ചു നിൽപ്പൂ,
വിധിതീർത്ത കരിനിഴൽ വീണവർ!
എവിടെയീ സ്നേഹം, എവിടെയീ ദയ?
എങ്ങുപോയ് മനുഷ്യത്വം എവിടേസത്യം?
ഇനിയും എത്രകാലം ഈ സഹനം,
ഇരകളായ് തീർന്നീ ലോകത്തിൽ!
ഉയിർത്തെഴുന്നേൽക്കാൻ ഒരുനാൾ വരും,
കണ്ണീരുണങ്ങും ലോകം മാറും.
ഉയർന്നു കേൾക്കും അവരുടെ ശബ്ദം,
അവകാശങ്ങൾ അവർ നേടിയെടുക്കും!
