രചന : അൻവർ ഷാ ഉമയനല്ലൂർ✍
ഹൃദ്യമായുണരുമാ, സൂര്യോദയം
കരുണാർദ്രമാക്കുന്നുദയകാവ്യം
നിത്യസ്വരൂപമാം നൽപ്രഭാതം
ഹൃദയത്തിനേകുന്നൊരാർദ്ര രൂപം.
ചിന്തോദയത്തിൻ ചിറകടികൾ
വെള്ളരിപ്രാവായുയർന്നിടുമ്പോൾ
മന്ദസ്മിതത്തിൻ മലർമരന്ദം
മനസ്സുകൾക്കേകുന്നതാത്മഹർഷം.
നിമിഷനേരത്തേയ്ക്കുദിച്ച സ്വപ്നം
എഴുതിവയ്ക്കുന്നതായേഴുവർണ്ണം
മിഴികളാലറിയേണ്ടതല്ല,സ്നേഹം
കരളിൽത്തിളങ്ങട്ടെയാ,വെളിച്ചം.
കണ്ണീർപ്പകലായി നിന്നു നമ്മൾ
വിണ്ണിൻ പ്രകാശമണയ്ക്കുമെങ്കിൽ
നിർണ്ണയമിരവിന്നുമില്ലെ ദുഃഖം;
വർണ്ണങ്ങളേകുന്നതില്ലെ താരം?
എണ്ണിക്കണക്കെടുക്കുന്നു ലോകം
മണ്ണിൽമറയുന്നതെത്ര ജന്മം
പാരിൻവെളിച്ചമേ, നിന്റെ സ്നേഹം
തൂമലരാക്കുന്നുമീ,പ്രപഞ്ചം.
ചെഞ്ചായമിട്ടപോലുള്ളധരം
പിഞ്ചുകുഞ്ഞുങ്ങൾതൻ സ്നേഹകാവ്യം
സഞ്ചാരമല്ലേ, മനുഷ്യ ജന്മം
പുഞ്ചിരിയോടേ, സ്മരിക്ക ഗേഹം.
നെഞ്ചിലുണ്ടാകട്ടെ, മർത്യധർമ്മം
കർമ്മസ്മിതത്താൽത്തെളിക്ക ജന്മം
ഹർമ്മ്യത്തിൽ മാത്രമല്ലാ,പ്രഭാതം;
പ്രിയരമ്യമാക്കുന്നുദയകാലം.
വാതായനങ്ങളാമാർദ്രനേത്രം
ചേതോഹരമാണതെത്രമാത്രം ?
നിറവുകൾമൊത്തം നുകർന്ന ഹൃത്താ-
ലറിയുന്നതില്ലപരന്റെ ചിത്തം.
ഹൃദയമുണരാതിരിക്കെ,നമ്മൾ
മിഴിമാത്രമായിത്തുറന്നു വയ്ക്കേ,
അറിയുന്നതില്ലിന്നിതര ദുഃഖം
മഹിതമായുണരട്ടെ സുകൃതചിത്തം.
സദയം തിരുത്തേണ്ടതില്ലെ വാദം
സമയം വിലപ്പെട്ടതെന്നു വ്യക്തം
സുകൃതമീ ജന്മം, മനുഷ്യഗാത്രം;
യാത്രികർക്കേകിയോർദ്രയാനം
മടങ്ങുന്ന യാമ,മടുത്തു കാലം
പടിവരെയെത്തുമടുത്ത യാനം
പിടിതരാതകലുമാ, നത്സ്വരൂപം
സടകുടഞ്ഞുണരില്ലയാർദ്ര ജന്മം.

