രചന : മറിയ ശബ്നം ✍️
മരിച്ചവരുടെ നാട്ടിൽ
അതിർത്തികളില്ലായിരിക്കും.
ഭൂപടങ്ങൾ പൂർണ്ണമാവും
മുൻപേ മണ്ണെടുത്തു പോകുന്ന
രാജ്യങ്ങളല്ലേ..
ഓരോ പരേതനും.!
ആത്മാക്കൾ കണ്ടു മുട്ടുമ്പോൾ
പരസ്പരം പുണർന്നിട്ടല്ലാതെ
കടന്നു പോവില്ല.
മരിച്ചവരുടെ കൺകോണുകളിൽ
കാഴ്ചകളെ അളന്നെടുത്തു
മുറിച്ചു വെച്ചു
ഓരോ നോട്ടങ്ങളിൽ
പതിച്ചു വെക്കുക
എന്നൊന്നില്ലായിരിക്കും.
നിറങ്ങളെ വിവേചിച്ചു
ഹൃദയത്തിൽ മരുഭൂമി
പണിയില്ലായിരിക്കും.
മരിച്ചവർക്കൊക്കെ
ഒരേ ഉയരമായിരിക്കുമല്ലേ..?
മരിച്ചവരുടെ
കയ്യിൽ വെറുപ്പിന്റെ
വിഷക്കുപ്പികളുണ്ടാവില്ല.
മരിച്ചവരുടെ നാട്ടിൽ
സ്നേഹത്തെ
തിരസ്കരിക്കപ്പെടുന്ന
പതിവുണ്ടാവില്ല.
ഇരു തലയും കത്തിച്ചു
കുലുങ്ങി ചിരിക്കുന്നവർ
ഉണ്ടാവില്ല.
ചരിത്രങ്ങളുടെ
പകപോക്കലുകൾക്ക്
നേരമുണ്ടാവില്ല.
എന്നാൽ ജീവിച്ചിരുന്നവർ കടന്നു ചെല്ലുമ്പോൾ
ലജ്ജയുടെ മുൾകിരീടം സ്വയം
അണിഞ്ഞ്
“മരിക്കുമെന്നോർത്തതില്ലല്ലോ.. “
എന്നോർത്തു വിലപിക്കുമത്രേ..!
അങ്ങനെയായിരിക്കാം
സ്വർഗ്ഗവും നരകവും ഉണ്ടായത്..!
