മഹാനഗരം
അശാന്തമായ കടലാണ്.
പറക്കും ട്രെയിനുകൾ,
ആൾക്കൂട്ടത്തിന്റെ *ടീസ്റ്റാനദി,
കറുത്ത പുഴകളിലൂടൊഴുകും വാഹനങ്ങൾ,
നിൽക്കാതെ,
നിലയ്ക്കാതെ,
അലയടിയ്ക്കും ഓളങ്ങൾ.
മഹാനഗരം കാലിൽ
ചിലങ്കചാർത്തിയ,
ഭ്രാന്തിയും, സുന്ദരിയുമായ
നർത്തകിയാണ്.
അവൾ മുടിയഴിച്ചലറുന്നൂ,
ചടുലമായ ചുവടുകൾ വെയ്ക്കുന്നൂ,
അരങ്ങ് നിറഞ്ഞാടുന്നൂ,
ഇരവും പകലും,
വിശ്രമമറിയാതെ,
തളരാതെ, തകരാതെ.
മഹാനഗരം,
അരുളപ്പാടായുറഞ്ഞ് തുള്ളുന്നൂ,
വെളിപാടുകൾ നടത്തുന്നൂ,
തിളങ്ങും വാളാൽ
തലവെട്ടിപ്പിളർക്കുന്നൂ,
ചോരയൊലിപ്പിക്കുന്നു.
മഹാനഗരം,
ഒരു വലിയൊരു
മുഴക്കമാകുന്നൂ,
ഇടിമുഴക്കം പോലെ,
ഭൂകമ്പം പോലെ,
അവൾ
കർണ്ണപുടങ്ങൾ തുളക്കുന്നൂ.
മഹാനഗരം
അശാന്തമായ കടലാണ്,
ഭ്രാന്തിയും സുന്ദരിയുമായ
നർത്തകിയാണ്,
ഒരു വെളിച്ചപ്പാടാണ്…..
മഹാനഗരം ഒരു വലിയ മുഴക്കമാണ്….

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *