രചന : അൻവർ ഷാ ഉമയനല്ലൂർ ✍
ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലും
ഗ്രാമീണ വീഥികളേകുന്നൊരു സുഖം
എൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധം
പച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം.
താളത്തിലൊഴുകുന്നയോരോ സ്മരണയായ്
വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾ
കുയിൽനാദമായിന്നുണരുന്നു കരളിലും
അറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ?
തിടുക്കമില്ലാതെ, വളർന്നയാ നന്മകൾ
തുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾ
ചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾ
തളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ ?
വിളക്കുവയ്ക്കാനെത്തുമി,ന്നീ തൃ സന്ധ്യയിൽ
മിടിക്കു,ന്നുണർവ്വേകിനിന്ന,യാത്മാക്കളും
പഠിക്കുവാനെത്ര പാഠങ്ങളീ ഗ്രാമങ്ങൾ;
പടിക്കു പുറത്താക്കിടുന്നില്ലെ, കാലങ്ങൾ ?
നിരുത്സാഹമെന്തെന്നറിയില്ലുണർച്ചതൻ
മനോത്സാഹമേകുന്നു ഗ്രാമസൗഭാഗ്യങ്ങൾ
കാലമേ,യീവഴിക്കണയട്ടെ ജനതകൾ
നിന്നിലർപ്പിക്കുന്നു നവരമ്യ ചിന്തകൾ.
തെളിച്ചെടുക്കേണ്ടതില്ലേയിന്നിരവുകൾ
തളിർത്തുണർന്നീടാൻ കൊതിക്കുന്നുഷസ്സുകൾ
നിമിഷാർദ്ധമോർക്കാൻ കഴിയേണ്ട കടമകൾ
പാടേ മറന്നു വസിക്കുന്നു മനസ്സുകൾ.
ഗ്രാമത്തിലേക്കു തിരിച്ചെത്തിടാം സ്വയം;
സ്നേഹോദയത്തെയറിഞ്ഞു വസിച്ചിടാം
സ്മരണകൾക്കാർദ്ര വർണ്ണങ്ങൾ പകർന്നിടാം
മനസ്സുകളിൽ നിന്നു മതിലുകൾ നീക്കിടാം.
അഴകാർന്ന സ്നേഹസ്മരണകൾ തന്നതാം
വർണ്ണാഭ രമ്യപ്രകാശമാം ബാല്യമേ,
പിച്ചവെച്ചെന്നെ നടത്തിയ കരളുകൾ
തുടിക്കുന്നു വീണ്ടുമീ ഗ്രാമാർദ്രസന്ധ്യയിൽ.

