രചന : ബിന്ദു വിജയൻ, കടവല്ലൂർ✍
ആറ്റക്കിളികളെത്തീ പെണ്ണെ തോട്ടു വരമ്പിലിരിക്കല്ലേ
പുന്നാരംചൊല്ലാതെ വേഗം വേഗം പാടത്തിറങ്ങാടീ
നമ്മക്ക് പാടത്തിറങ്ങാടീ
വിത്തെല്ലാം കിളികൾ തിന്നും
ആട്ടിയോടിക്കാടീ പെണ്ണേ നമ്മക്ക്
ആട്ടിയോടിക്കാടി പെണ്ണേ
വിത്തു മുളച്ചാൽ ഞാറു പറിക്കാൻ ഒപ്പം പോരാടീ പെണ്ണേ
നമ്മക്ക് ഒപ്പം പോരാടീ പെണ്ണേ!
ഞാറു പറിച്ചിട്ട് ഞാറ്റുമുടിക്കെട്ടി കണ്ടത്തിൽ നട്ടിടുമ്പോൾ
ചെളിക്കണ്ടത്തിൽ നട്ടിടുമ്പോൾ
വരമ്പു കിളക്കണ താളത്തിനൊപ്പം ഞാറ്റുപാട്ടുകൾ പാടാം
നമ്മക്ക് ഞാറ്റുപാട്ടുകൾ പാടാം!
അന്തിക്ക് സൂര്യനെരിഞ്ഞടങ്ങുമ്പോൾ കൂലിയും വാങ്ങി മടങ്ങാം
നമ്മക്ക് കൂലിയും വാങ്ങി മടങ്ങാം
തോട്ടിലിറങ്ങി മുങ്ങിനിവരുമ്പോൾ
അകവും പുറവും കുളിരും
നമ്മുടെ അകവും പുറവും കുളിരും.
ചന്ദിര വെട്ടത്തിൽ ചന്തയിൽ പോയിട്ട് ചില്വാനം വാങ്ങിടുമ്പോൾ
നമ്മള് ചില്വാനം വാങ്ങിടുമ്പോൾ
അന്തിയാവോളം ചെയ്തേനു കിട്ടിയ-
തൊന്നും തികയുന്നില്ല
പെണ്ണേ ഒന്നും തികയുന്നില്ല
കൈതവരമ്പത്തെ കൈതോല വെട്ടി മുള്ളുകളഞ്ഞീടാം
നമ്മക്ക് മുള്ളുകളഞ്ഞീടാം
വെയിലിലുണക്കി പതം വരുത്തീട്ടതിൽ
അഞ്ചാറുവട്ടി നെയ്യാം
നമ്മക്ക് അഞ്ചാറ് പായ നെയ്യാം
കതിരുകൾ പാടത്ത് നിരന്നുനിൽക്കുമ്പോൾ
നെഞ്ചിൽ തുടിതാളം നമ്മുടെ
നെഞ്ചിൽ തുടിതാളം..
താളത്തിൽ കൊയ്തിട്ടു കറ്റമെതിക്കുമ്പോൾ
നെഞ്ചിന്നകത്ത് തുടിതാളം
നമ്മടെ നെഞ്ചിന്നകത്ത് തുടിതാളം
പറനിറച്ചും അറനിറച്ചും അകമെരിയുമ്പോൾ
നമ്മടെ അകമെരിയുമ്പോൾ
പതിരും നെല്ലും പകുത്തെടുത്ത്
വട്ടി നിറച്ച് തരും
നമ്മുടെ വട്ടി നിറച്ചു തരും
പുത്തരി ചോറുണ്ണും പൊന്നുകിടാങ്ങടെ
പുഞ്ചിരി ഓർക്കുമ്പോ
മെയ്യിലെ നോവും മനസ്സിലെ നോവും
നമ്മൾ മറന്നിടും
പെണ്ണെ നമ്മൾ മറന്നിടും
