രചന : അൻവർ ഷാ ഉമയനല്ലൂർ ✍
അമ്മയല്ലാതിത്രനാളുമെന്നോർമ്മയിൽ
ഇല്ലായിരുന്നു വസന്ത സൗഭാഗ്യങ്ങൾ
അമ്മപോയെന്നറിയുന്നയീ മണ്ണിതിൽ
നിന്നു ചിണുങ്ങുകയാണെന്റെ സ്മരണകൾ
നന്മയായോർത്തുരചെയ്യുന്ന വാക്കുകൾ
ജന്മസാഫല്യമായ് മാറ്റിയെൻ ജീവിതം
നന്മനോവീണയുണർത്തിയ സംഗീത-
ധാരയാണെന്നുമെൻ പൊന്മകൾക്കാശ്രയം.
വിശ്വമൊന്നാകെ ശയിക്കുന്നപോലെന്റെ-
യുള്ളുലയ്ക്കെന്നുമേ, ശ്മശാനമൂകത;
നശ്വരമാണുലകുമെങ്കിലും കരളിലാ-
യുണരുന്നു കരുണാർദ്രതേ, തവ തേന്മഴ.
മിഴിനീരുവീഴ്ത്തുവാനില്ലെന്റെ കൺകളിൽ
നിറയുന്നതെന്നു മാ മുൻകാലമാം വ്യഥ
കഥയെന്തറിഞ്ഞെന്റെ കൺമണിയേകുന്നു
നന്മാർദ്രതേ,യിന്നുമലിവിൻ പ്രസന്നത.
വന്നുനിൽക്കാനില്ലയിന്നെന്റെ ഹൃത്തടം
വെന്തുനീറുന്നതാണമ്മേ, തിരുകരം
തലോടിത്തരുന്നതില്ലിന്നെന്റെയാർദ്രകം
തേടിയെത്തുന്നു മീ,മനസ്സെനിക്കാശ്രയം.
പ്രിയകാലമെല്ലാം മറഞ്ഞതാണെങ്കിലും
സുകൃതമാം നന്മുഖം മറയില്ലൊരിക്കലും
തിലകമായകമേ,നിറയുന്നുദയമായ്
അരികിലെത്തുന്നഭയമാകുമൊരു തെന്നലായ്.
അറിയേണമമ്മേ ,യിനിയെനിക്കാർദ്രമാം
കരളിൻവെളിച്ചം തെളിയില്ലയെങ്കിലും
തിങ്കൾസ്മിതം നുകരേണമെൻ പൊന്മകൾ;
തേടിടുന്നാമോദവാടിയാം മാർത്തടം.
നിളപോലെയകമേയൊഴുകുന്നു സ്മരണകൾ
തെളിദീപമായിത്തിളങ്ങുന്നു കരുണകൾ
ശരണമാരെന്നറിയില്ലെന്റെ മിഴികളിൽ
തെളിയുന്നതാകെയുമാ,ബാല്യ പുലരികൾ.
അലയുന്നുണർവ്വിൻ പ്രഭാതമേയീവഴി-
ക്കണയില്ലെയലിവിൻ കിരണമാ,യാ സ്മിതം;
സ്മരണാർദ്രമോരോ നിമിഷവും, തിരുകരം
തിരികെ നൽന്നതീയതിരമ്യ ഹൃത്തടം.
പ്രിയമോടെ പിരിയുകയാണു ഞാനും മഹാ-
സ്നേഹമേ,യിനിവരില്ലീ,വഴിക്കെങ്കിലും
മിഴികളിലുയരുന്നനലനാളം തഥാ-
യെഴുതിവയ്ക്കുന്നുഞാനഴലാർന്ന മാതൃകം.

