രചന : അഡ്വ: അനൂപ് കുറ്റൂർ ✍
വീരന്മാരുടെ വീറേറിയ ദേശം
വാളും പരിചയും പടച്ചട്ടയുമായി
വിരോധമേറിയടരാടുമ്പോൾ
വരേണ്യരായവരർച്ചിസ്സായി.
വീരപ്രസൂതിയാലാവിർഭവിച്ചു
വീര്യമോടവർ ധീരന്മാരായി
വാണിയിലാകെ ഉഗ്രതയാർന്നു
വേട്ടയാടുവാനുറച്ചുറച്ചെങ്ങും.
വിനായകനായണികളിലാദ്യം
വജ്രായുധനായി നെഞ്ച് വിരിച്ച്
വിലങ്ങുകളെല്ലാം തല്ലി ഉടച്ച്
വിസ്മയമായായുലകത്തിൽ.
വ്യാധനായുത്ഭവഗോത്രത്തിൽ
വാഹിനിയുടെ മേധാവിയായി
വംശത്തിന് ദുഷ്ക്കരമായത്
വെട്ടി മാറ്റാൻ വാളേന്തുന്നു.
വാഴുന്നിടമെല്ലാമടക്കിഭരിച്ച്
വംശത്തിന്നഭിവൃത്തിക്കായി
വാജിയിലേറി പായും നേരം
വേദിയിലാകെ ഹവനമോടെ.
വീറുംവാശീംപോർക്കുവിളിയും
വകവെയ്ക്കാതുളളവരേറെ
വകതിരിവില്ലൊട്ടും ചില നേരം
വക്കത്തെത്തുമഹങ്കാരവും.
വീരനു ചേരും വീരാംഗനയും
വിശംസനത്തിലടരാടാനുറച്ച്
വാശിയോടെ പൊരുതി ജയിച്ച്
വായുവേഗം ആളാകാനായി.
വരവണ്ണംതെറ്റാപ്രവർത്തികൾ
വീറോടോതും കാര്യമാത്രകൾ
വെറി പിടിച്ചൊരു കലിയേറി
വെളിച്ചപ്പാടായി തുള്ളുന്നു .
വെടിപൊട്ടുന്നലർച്ചയാൽ
വേണ്ടാതനമതുപറയാനും
വേറിട്ടൊരു പ്രതാപിയായി
വെണ്ണീറാക്കാമെതിരിട്ടാൽ.
വിഷമിപ്പിക്കുമെതിരാളികളെ
വിശ്രുതരായുയരും വിക്രമരായി
വെട്ടൊന്നെന്നുംമുറിരണ്ടെന്നും
വായ്ക്കരിയിട്ടെതിരേനശിപ്പിക്കും.
വീരന്മാരിൽവളഞ്ഞബുദ്ധികൾ
വേണ്ടതിലധികമുണ്ടെന്നാലും
വായാടിത്തരമേറും ശുദ്ധന്മാർ
വരും വരായ്മകളോർക്കാറില്ല.
വഴിവെച്ചുള്ളൊരുവിനാശങ്ങൾ
വഴിയേ വന്നു ചേരുമ്പോഴും
വളയാത്തൊരു നട്ടെല്ലോടെ
വീറേറി പയറ്റും ശീലങ്ങൾ.
വീരന്മാർക്കേയുള്ളുയൂഴിയിൽ
വേദനയിയലിവില്ലാത്തവരായി
വെച്ചൊരു കാലും പിന്നോട്ടില്ല
വാക്കുകളൊന്നും മാറ്റില്ലന്ത്യം.
വീരമാതാവിൻ സൂനങ്ങളവർ
വീരത കാട്ടും കട്ടായമായതo
വെട്ടും തടയും അടിയും പിടിയും
വീറോടുള്ളൊരു വാക് പോരും.
വിശ്വമാകെബാഹുബലത്താൽ
വാനം മുട്ടെ അറിയപ്പെട്ടവർ
വീരതയാലെ നൃവരന്മാരായി
വന്ദിച്ചതിശയം സ്തുതിച്ചിടാം.
വേട്ടയതേറിയനാട്ടിലെല്ലാം
വീരന്മാരതി കേന്മമാരായി
വീരതയാലണിയജയ്യരായി
വിശ്വം മുഴുവൻ തിലകമായി.

