രചന : ശാന്തി സുന്ദർ ✍.
തുലാവർഷം ഓർക്കുമ്പോഴൊക്കെ
അമ്മ തൻ നെഞ്ചിലൊരു
പ്രളയക്കടലിരമ്പും…
സൂര്യനോ..
വേനൽ പൊടിച്ച കൂരയിലെ
ഓലത്താളിലൂടെ സുഷിരങ്ങളിട്ട്
അടുക്കളയിൽ മൂടിവെച്ച
മൺച്ചട്ടിയെ തൊട്ട് വിളിക്കും…
കോരിച്ചൊരിയാനായി
മഴമേഘങ്ങൾ കാത്തു നിൽക്കുന്നുണ്ടെന്ന്
കാതിലോതി തെന്നിമാറും..
കാതിലിത്തിരി പൊന്നിലൊരുക്കിയ
കമ്മൽ കണക്ക് പുസ്തകം തുറക്കും..
ഓലമേഞ്ഞ വീട്ടിലെ
തെക്കേ കോണിലിരുന്നൊരു പല്ലി ചിലയ്ക്കും.
തുലാത്തിനു മുമ്പേ
പുത്തനോല മേയണം
ഉറുമ്പുകൾക്ക്
പായസം വിളമ്പണം.
കിഴക്കേ മുറിയിൽ നിന്നും
ആദ്യത്തെ പഴയോല
നിലം പതിക്കുമ്പോൾ പുത്തനോലയിൽ
എട്ടുകാലിക്കൊരു പുത്തൻവീടൊരുങ്ങും
പല്ലിയും പാറ്റയും എട്ടുകാലിയും സ്വർഗം തേടുമ്പോൾ
കണ്ണാടി നോക്കി
കാതിലൊരു തുളസി കമ്പ് നട്ട്
അമ്മ നെടുവീർപ്പിട്ട
നേരത്തിലങ്ങനെ
തുലാമാരി കനത്തു പെയ്യും
ചൂട് കഞ്ഞി വിളമ്പി
ചുട്ട പർപ്പിടകത്താളിൽ
മഴക്കവിത കുറിച്ച്
പായ വിരിച്ച് കിടത്തി
ഈണത്തിൽ മൂളുന്ന താരാട്ട് പാട്ട് കേട്ട്..
കുഞ്ഞിക്കിളികൾ മെല്ലെയുറങ്ങും.
എല്ലാ തുലാം മാസത്തിലും ആവർത്തിക്കാൻ പറ്റിയ വരികളാണ് 🩷
എന്തൊരു മഴയാ 🥰
