രചന : കൃഷ്ണകുമാർ പെരുമ്പിലാവിൽ ✍
വാക്കിൽ നിന്നും മൗനത്തിലേക്ക്
ഞാൻ ഒരുയാത്ര പോയിരുന്നു,
അത് പക്ഷേ നിന്നെ അകറ്റാനല്ല
പ്രിയേ നിന്നെ അറിയാനായിരുന്നു
വാക്കിന്റെ ചില്ലകളിൽ
നീ നമുക്കായി
വർണ്ണ പുഷ്പങ്ങൾ
വിരിയിച്ചിരുന്നു,
വേദനയുടെ വെയിലിൽ
എന്റെ മനതാളുകളിൽ
പക്ഷേ ഞാൻ
അവ കണ്ടതേയില്ല
ശൂന്യതയുടെ മാനത്ത്
നീ വീർപ്പുമുട്ടി
കരിമേഘങ്ങൾ തീർത്ത്,
മഴയായി പെയതടങ്ങാൻ
അകലുമ്പോൾ,
കണ്ണാടി ചില്ലിന്റെ ഇപ്പുറത്ത്
വീർപ്പുമുട്ടി കണ്ണീർ രേഖകളായി
ഉതിർന്നു വീഴാനെ,
എനിക്കു കഴിഞ്ഞുള്ളൂ
ഇടിമിന്നലോടെ പെയ്തു വീണ
നിന്റെ ദുഃഖങ്ങൾക്ക്,
ഒഴുകിയെത്താൻ എന്റെ ഹൃദയം
പക്ഷേ തുറന്നു വെച്ചിരുന്നു
നമ്മൾ കടന്നുപോയ
ഭാഷയില്ലാ പ്രണയത്തിന്റെ വിത്തുകൾ,
മൗനത്താൽ തെളിഞ്ഞ മണ്ണിൽ,
ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു
ഓർമ്മയുടെ കാഠിന്യമുള്ള
ഉദിച്ചു മറയുന്ന
ഉഷ്ണകിരണങ്ങളും,
പ്രണയ നനവിന്റെ
ഉണങ്ങാത്ത ഉപ്പു നീരും,
വാക്കുകളിൽ കിളിർത്ത
വികാര വേരുകളും,
ഇന്ന് നിന്റെ പ്രതീക്ഷയുടെ
പ്രണയമരമായി എന്നിൽ പെയ്യുന്നു
ആ മൗനത്തിൽ കിളിർത്ത
വാക്കുമാലകൾ,
നിനക്കായി എൻ ചില്ലകളിൽ
തളിർത്തു നിൽക്കുന്നു,
നിന്നെ അണയാൻ
