ഈ വാതിൽ
നിന്നിലേക്ക്‌ തുറക്കുന്നു.
നിന്നിലേക്ക് മാത്രം തുറക്കുന്നു.
നിന്റെ ഹരിതനിബിഡതയിലേക്ക്.
നിന്റെ ഹരിതമനോഹാരിതയിലേക്ക്.
നിന്റെ ശീതളിതമയിലേക്ക്.
നീ പകരുന്ന തണലിലേക്ക്.
നിന്റെ ഇലകളിൽ
കാറ്റുപിടിയ്ക്കുമ്പോൾ പരിസരങ്ങൾക്കായി
നീ പകരുന്ന
പുളകങ്ങളിലേയ്ക്ക്. നിന്റെ ഇലച്ചാർത്തുകൾ
അരിപ്പയിലൂടെന്ന പോലെ
കടത്തി വിടുന്ന
സൂര്യന്റെ സൗമ്യതയിലേയ്ക്ക്.
നിന്നിൽ ചിറകിട്ടടിച്ച്
പാറിനടക്കുന്ന പക്ഷികൾ,
ചിത്രശലഭങ്ങൾ, തുമ്പികൾ.
നിന്റെ ശിഖരങ്ങളിൽ
ഊയ്യലാടുന്ന പക്ഷികൾ.
പക്ഷികൾ സംഗീതം
പൊഴിക്കുയ്ക്കുമ്പോൾ,
നിന്റെ അജ്ഞാത താവളങ്ങളിൽ നിന്ന്
അകമ്പടി സേവിയ്ക്കുന്ന
ചീവീടുകളുടെ ഓർക്കെസ്ട്ര.
നിനക്കായി മാത്രം
വിടരുന്ന പൂക്കൾ.
ചില കാലങ്ങളിൽ
നിന്റെ പൂമരങ്ങൾ പൊഴിയ്ക്കുന്ന
വർണ്ണപ്പൂക്കളുടെ
പരവതാനി.
മറ്റു ചിലപ്പോൾ
നിന്റെ വൃക്ഷങ്ങൾ
വിരിക്കുന്ന ഇലകളുടെ കാർപ്പറ്റ്.
നിന്നിൽ സ്വൈരവിഹാരം
നടത്തുന്ന
നിന്റെ മാത്രം മക്കൾ.
നീ താഴേക്ക് നീട്ടുന്ന
കായ് കനികൾ.
നിന്നിലേയ്ക്ക്
കടലിരമ്പമായെത്തുന്ന കാറ്റ്,
നിനക്കായയ്ക്കുന്ന
സന്ദേശകാവ്യങ്ങൾ.
ആകാശമേലാപ്പ് നിന്നിലേക്ക്
പെയ്തിറങ്ങുന്ന,
നീ പെയ്യുന്ന മഴയുടെ ആരവം.
എവിടെ നിന്നൊക്കെയോ
നിന്നിലേക്ക് പാഞ്ഞടുക്കുന്ന
മഴുവിന്റെ, കോടാലിയുടെ,
ഈർച്ചവാളുകളുടെ സാമീപ്യങ്ങളിൽ
നീ ഞെട്ടിത്തെറിക്കുന്നത്,
പക്ഷെ, ആരുമറിയാതെ പോകുന്നു.
അല്ലെങ്കിൽ അറിഞ്ഞിട്ടും
അറിയാത്ത നാട്യങ്ങളോടെ…..

കെ.ആർ.സുരേന്ദ്രൻ

By ivayana