ഇലഞ്ഞിപ്പൂമരത്തിൻ ചോട്ടിൽ നമ്മൾ ഇനിപ്പാർന്ന ദിനങ്ങളിൽ പങ്കിട്ട നിമിഷങ്ങൾ.
ഇദയങ്ങൾ തമ്മിൽ ഇണചേർന്ന രാവുകൾ ഇന്നും ഓർമ്മിക്കുന്നുണ്ട്, പ്രിയപ്പെട്ടവളേ!

ഇനിയും മറക്കാത്ത ഓർമ്മതൻ സുഗന്ധം
ഇരവുകളിലെനിക്കിന്നും കൂട്ടായിരിക്കും
ഇന്നലെകളുടെ ഇലയനക്കങ്ങളിൽ പോലും
ഇന്നെൻ്റെ പ്രണയ മർമ്മരങ്ങൾക്ക് മധുരം

ഇലകൾ പൊഴിച്ചിനിയും തളിർക്കുന്ന
ഇലഞ്ഞിമരത്തിൻ്റെ കഥകളിലിനിയും
ഇന്ദ്രജാലത്തനിമയുടെ കവനങ്ങൾ
ഇത്തരുണത്തിലും സംഗീതമാകുന്നു.

ഇനിയുമൊരുന്നാൾ വരും നമ്മൾ
ഇവിടെയീ നിലാവിൻ്റെ പ്രകാശത്തിൽ
ഇണക്കുരുവികൾ തൻ കലപില ശബ്ദമായ്
ഇന്ദ്രിയങ്ങളിൽ നനവാർന്ന രാത്രിയിൽ.

ഇഴയാർന്ന നിൻ്റെയീ ചുരുൾമുടിത്തുമ്പിൽ
ഇണങ്ങുന്ന പൂക്കൾ ചാർത്തുവാൻ
ഇമ്പമായെത്തുന്ന ഇണക്കുരുവികൾ
ഈണത്തിൽ പാട്ടുകൾ പാടി രസിക്കും.

ഈറൻ മേഘങ്ങളിനിയും പെയ്തൊഴിയാതെ
ഇരമ്പിയാർത്തു രസിക്കുന്നുണ്ട് വാനത്തിൽ
ഇടിനാദങ്ങൾ മിന്നൽപ്പിണറുകളെല്ലാം
ഇനിയും പുണരട്ടെ ഈ നീലാകശത്തിൽ.

ഇത്രമേൽ മണമുള്ള രാത്രികളില്ലായിരുന്നു
ഇടവേളകളിൽ പോലുമിവിടെയൊരിക്കലും.
ഇത്രയും പ്രണയപാരവശ്യത്തിൻ്റെ ഗാംഭീര്യം
ഇന്ദ്രനീലിമയഴകിൽ നിൻ മുഖകാന്തിയിൽ.

Muraly Raghavan

By ivayana