വെള്ളിക്കൊലുസ്സിട്ടു ചിരിതൂകി ആർത്തിയോടെ പെയ്തിറങ്ങിയെന്റെ മുന്നിൽ നീ…
ഉമ്മറപ്പടിയിൽ കാതോർത്തിരുന്നരാവുകളിൽ കുളിർക്കാറ്റായും നീ ചാറിമറഞ്ഞു.

ഓടിക്കളിക്കുന്ന പ്രായത്തിലേക്കുനീയെന്റെ ഓർമ്മകളെ കരം പിടിച്ചുകൂട്ടി.
സ്കൂൾ മുറ്റത്തെച്ചെളിക്കുണ്ടിൽ ചാടിക്കളിച്ചതും പാതയോരത്തെ നീർച്ചാലിൽ നീന്തിക്കളിച്ചതും.
അമ്മയുടെ കൈത്തണ്ടിൻശകാരം തോളിൽ ഏറ്റുവാങ്ങിക്കരഞ്ഞതും വാത്സല്യപ്പൊടി നിറുകയിൽത്തലോടി മുഖമമർത്തി ചുമ്പിച്ചതും.

ബാല്യം മാറിയിന്നെനിക്കു നിന്നോടും നിനക്കെന്നോടും പ്രണയമായ്മാറിപ്പെയ്തിറങ്ങി.

നിന്നെപ്പുണർന്ന് നിന്നിലലിഞ്ഞുചേർന്ന് എന്നിലൂടുർന്നിറങ്ങിത്തഴുകിമറയുന്നനിന്നെ നനയുവാനിന്നും എനിക്കു കൊതിതീർന്നിട്ടില്ല.
എന്റെ കാതുകളിന്നുമൊരു വേഴാമ്പലായ് നിന്റെ കൊലുസ്സിൻ നാദത്തിനായ് കാതോർക്കുന്നു.
ചിലപ്പോഴൊക്കെഞാൻ ആർത്തിയോടെ ജനൽപ്പാളികൾക്കിടയിലൂടെനിന്റെ നൃത്തം കണ്ടുരസിക്കാറുണ്ട്.
അപ്പോഴും ഈറനായ് ഇടനാഴിയിലൂടെക്കടന്നു വന്ന് നീയെന്നെ തഴുകി ചുമ്പിച്ചുമറയും.

ഇനിയൊരുമഴയായ് കുളിക്കാറ്റായ് എന്നരികിൽ നീയണഞ്ഞാൽ വാരിപ്പുണർന്നു നെഞ്ചോടു ചേർത്തുഞാനണയ്ക്കും.
ഇനിയൊരു തിരിച്ചുപോക്കുനിനക്കസാദ്ധ്യമെന്നറിയുക കാരണം അത്രമേലാഴത്തിൽ നിന്നെഞാൻ പ്രണയിച്ചുപോയി…

അജയ്

By ivayana