വെയിൽകൊണ്ട
കണ്ണുമായി,
മഴപെയ്ത
കണ്ണുമായി,
വാരിയംകുന്നൻ
ചരിഞ്ഞുനിൽക്കുന്നു.
കനൽവെന്ത
വാളുമായി,
ഉരുൾപൊട്ടും
തലയുമായി,
വാരിയൻകുന്നൻ
മറിഞ്ഞു നിൽക്കുന്നു.
ജ്വരവീണകാല-
ക്കടൽമോന്തിയങ്ങനെ,
തുളവീണ
നെഞ്ചിൽക്കനവു
മായങ്ങനെ,
കനൽതുപ്പും
വെള്ളപ്പടത്തോക്കു-
പാമ്പിനെ ,
ഉരുവേഗമൂതിയണച്ചു
കൊണ്ടങ്ങനെ
വാരിയൻകുന്നൻ
നിവർന്നുനില്ക്കുന്നു.
വാരിയൻകുന്നൻ
മലർന്നുനിൽക്കുന്നു.
ചുടുചോരച്ചീറ്റി
ത്തെറിക്കും
തിരമാല
കഴൽകൊണ്ട്
മൃദുവായി
തട്ടിത്തെറിപ്പിച്ചു
കടുസൂര്യവെയിലാളും
വെളുവിഷപ്പാമ്പിന്റെ
കരിമ്പല്ലുവലിച്ചൂരി ,
നിറതോക്കിൻ മുമ്പി –
ലായിടിമിന്നൽ
പൂത്തപോൽ,
കടൽകേറി വന്നപോൽ
വാരിയൻകുന്നൻ
നിറഞ്ഞുനില്ക്കുന്നു.
വാരിയൻകുന്നൻ
വളർന്നുനില്ക്കുന്നു.

വിനോദ്.വി.ദേവ്.

By ivayana