രചന : ശ്രീലകം വിജയവർമ്മ

പൂക്കളം തീർക്കുവാൻ മുറ്റമൊരുക്കി ഞാൻ,
പൂമുഖത്തൊരുവേദി തീർത്തുവച്ചൂ..
പൂവിളിക്കൊപ്പമെൻ മാനസോല്ലാസത്താൽ,
പൂക്കളിറുക്കുവാനായി നീങ്ങീ..

പൂവിന്റെഗന്ധം പരന്നുല്ലസിക്കുന്ന,
പൂവാടികണ്ടെൻ മനംകുളിർത്തൂ..
പൂക്കളിറുക്കുവാൻ കൈനീട്ടിയെങ്കിലും,
പൂവിന്റെമാനസം ഞാനറിഞ്ഞൂ..

പൂവിനുമുണ്ടാവാമാഗ്രഹം വാടിയിൽ,
പൂമണം വീശിത്തുടിച്ചുനിൽക്കാൻ..
പൂവണ്ടിനോടൊപ്പമുന്മാദഭാവത്തിൽ,
പൂന്തേൻ പകർന്നുല്ലസിച്ചുനിൽപ്പാൻ..

പൂമ്പൊടിയെങ്ങും പരാഗസ്സുഗന്ധമായ്,
പൂരണജന്മമായാസ്വദിക്കാൻ..
പൂവായ് വിരിഞ്ഞതിൻ കായായി മാറുവാൻ,
പാരിന്റെ താളത്തിമിർപ്പിലാവാൻ..

പ്രകൃതിക്കു വരദാനമായുള്ള പ്രതലത്തിൽ,
പ്രമദത്തിളക്കത്തിലാണ്ടു നിൽക്കാൻ..
പ്രണയം വിതച്ചെന്നുമകതാരിലമരുന്ന,
പ്രിയമന്ദഹാസത്തിലൊത്തുചേരാൻ..

കണ്ടു,ഞാനന്നെന്റെയുള്ളിലെ സ്വാർത്ഥതൻ,
കുണ്ടിൽക്കിടക്കുന്ന മർത്യഭാവം..!
വേണ്ടെനിക്കീവർണ്ണ സൂനങ്ങളൊട്ടുമേ,
വേണ്ട, ഞാൻ നൽകില്ല ദു:ഖഭാവം.

ഇവിടെത്തുടിക്കുട്ടേ
നറുപുഞ്ചിരിച്ചന്തം,
കവിയട്ടേയനുരാഗപ്പൂമരന്ദം..
ഇവിടെത്തളിർക്കട്ടേ സുന്ദരസ്വപ്നവും,
ഇനിയെന്നുമുണരട്ടേ
പൊൻപ്രഭാവം…

പരിലസിച്ചങ്ങനെ നിൽക്കുമാറാകട്ടേ,
പരിമളം കോരിച്ചൊരിഞ്ഞിടട്ടേ..
പരമപ്രകാശത്തിലൊരുപാടു നാളുകൾ,
പരിസരം പ്രേമത്താലൊഴുകിടട്ടേ..

പൂക്കളം വേണ്ടെനിക്കെന്നുമീ പൂവിന്റെ,
പുഞ്ചിരിക്കൊപ്പം ഞാൻ ചേർന്നുനിൽക്കാം..
പൂക്കട്ടെ, പ്രകൃതിതൻ വർണ്ണപ്രഭാവത്തിൻ –
പൂക്കളം, കണ്ടു ഞാനാസ്വദിക്കാം..

ശ്രീലകം വിജയവർമ്മ

By ivayana