രചന : ശൈലേഷ് പട്ടാമ്പി✍️

മഞ്ഞുപാളികൾ കൊണ്ട് പുതച്ചുറങ്ങുന്ന ഹിമവൽശിഖരങ്ങൾ, അവയുടെ താഴെ മഞ്ഞിനെ പ്രണയിച്ചൊഴുകുന്ന അരുവികൾ, മഞ്ഞുകാലത്ത് മാത്രം കാണുന്ന വർണ്ണപ്പൂക്കൾ ആ പർവ്വതനിരകളിൽ നിറഞ്ഞു നിൽക്കുന്നു .
അതെ ഇതു സ്നോവാലി, ഒരു വർഷത്തിൽ 7 മാസവും മഞ്ഞ് എന്നതാണ് ഇവിടുത്തെ പ്രതേകത, തികച്ചും പ്രാചീനമായ ജീവിത രീതികൾ, കരിങ്കല്ലുകൾ കൊണ്ട് ചിത്രപ്പണികൾ കഴിച്ച് പതിച്ച നടപ്പാതകൾ, മഞ്ഞുദേവതയുടെ വിവിധ തരത്തിലുള്ള വഴിയോര പ്രതിമകൾ, ബ്രിട്ടീഷ് പ്രദേശമായ സ്നോവാലിയുടെ സാമ്പത്തികാവസ്ഥ മഞ്ഞുകാലം കഴിയും വരെ വളരെ ദയനീയമായിരുന്നു.
1820 കാലഘട്ടത്തിന്റെ പരിമിതികളിൽ ജീവിച്ചുപോകുന്ന സ്നോവാലി സമൂഹം. വിവിധ തരത്തിലുള്ള വഴിയോര കച്ചവടം, അരുവിയിൽ നിന്ന് ശേഖരിക്കുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി ഒരുക്കുന്ന
കമ്പിളി കുപ്പായമണിഞ്ഞ കച്ചവടക്കാർ .
”ഹലോ മാർക്ക് സുഖമല്ലേ, “
വഴിയോരപാതയിൽ നിന്നൊരു കച്ചവടക്കാരനോട് ഒരപരിചിതൻ ചോദ്യമുയർത്തി ,
“ഓഹ് ഇതാരു ലൂതറോ? ഒരുപാടായല്ലോ കണ്ടീട്ട് ?നിനക്കറിയാമല്ലോ കാര്യങ്ങൾ?”
മാർക്ക് മറുപടി നൽകി.
“അറിയാം സുഹൃത്തേ മോന്റെ കാര്യം എന്തായാലും വളരെ കഷ്ട്ടമായി, ഒരു ആൺകുഞ്ഞായ് ജനിച്ചിട്ടും സ്ത്രീയായ് മാറാൻ ശ്രമിച്ച ‘ലീ ‘
ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടി വന്ന
ആ പാവം മോന്റെ കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം തന്നാ.”
ഇതു കേട്ട് കണ്ണു നിറഞ്ഞു നിൽക്കുന്ന മാർക്കിനെ ലൂതർ ആശ്വസിപ്പിച്ചു.
“സമുഹം അങ്ങിനെയാണ് മാർക്ക് അവിടെ അങ്ങിനെയുള്ളവരും മനുഷ്യർ തന്നെയാണ് എന്ന പരിഗണന പലപ്പോഴും നൽകാറില്ല എന്നതാണ് സത്യം”.
ഇതു കേട്ട് നെടുവീർപ്പിട്ടു കൊണ്ട് മാർക്ക് മറുപടി നൽകി .
“എന്തു പറഞ്ഞിട്ടെന്താ എനിക്കെന്റെ മോൻ നഷ്ട്ടമായി വീട്ടിൽ അവന്റെ അമ്മ സമനില തെറ്റിയ പോലെയാണ്, ജീവിച്ചു പോകുവാൻ ദാ ഈ കരിങ്കല്ലുകൊണ്ട് പ്രതിമകളുണ്ടാക്കി വില്ക്കുന്നു. എന്തു ചെയ്യാനാ”
മകനേ നഷ്ട്ടപ്പെട്ട ഒരു പിതാവിന്റെ ദുഃഖം അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചു.
കടലാസിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ലീയുടെ ഫോട്ടൊ എടുത്തു നോക്കിക്കൊണ്ട് മാറോട് ചേർത്ത് അദ്ദേഹം വിങ്ങിപ്പൊട്ടി. ഒരുപക്ഷേ ആ കൊടും തണുപ്പിനെ ഇല്ലാതാക്കുവാനത്രവണ്ണം ആ കണ്ണീരിന്റെ ചൂടിനു ശക്തിയുണ്ടായിരിക്കാം.
” ഹേയ് മാർക്ക് എന്താണിത് എല്ലാം നമ്മുടെ വിധിയെന്നു സമാധാനിക്കു”.
ലൂതർ സമാധാനിപ്പിച്ചു.
പെട്ടെന്ന് അവരുടെ സംഭാഷണം മുറിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം കയറി വന്നു.
“ഹലോ “
അവർ ഇരുവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു .
“എന്നാൽ ഞാൻ അങ്ങോട്ട് കച്ചവടം നടക്കട്ടെ സുഹൃത്തേ, ഞാൻ കുറച്ച് മത്സ്യം വാങ്ങട്ടെ “
ലൂതർ മാർക്കിനോട് പറഞ്ഞു ശരി പോയി വരു.
ശേഷം മാർക്ക് തന്റെ ഉപഭോക്താവിനെ സ്വാഗതം ചെയ്തു
” വരു മാഡം ഏതു തരത്തിലുള്ള ശിൽപ്പങ്ങളാണ് വേണ്ടത്?”
അദ്ദേഹം ബഹുമാനത്തോടുകൂടി ചോദിച്ചു. ചെറുപുഞ്ചിരിയോടെ അവൾ മറുപടി നൽകി,
“എനിക്ക് ഇവയൊന്നുമല്ല വേണ്ടത് പുതിയ ഒരു ശിൽപ്പമാണ് വേണ്ടത് “.
ഇതുകേട്ട മാർക്ക് പറഞ്ഞു
“തീർച്ചയായും കുറച്ച് ദിവസം വേണ്ടതുണ്ട്, അല്ല മാഡം ഏതുതരം ശിൽപ്പമാണ് വേണ്ടത് എന്ന് പറഞ്ഞില്ലല്ലോ?”
ഇതു കേട്ടതും അവൾ വീണ്ടും പുഞ്ചിരിച്ചു എന്നീട്ട് തുടർന്നു
” എനിക്ക് താങ്കളുടെ മകന്റെ രൂപമുള്ള ശിൽപ്പമാണ് വേണ്ടത് .”
മനസ്സിനുള്ളിൽ പെട്ടെന്ന് ഒരു മിന്നൽ പിണറേറ്റപോലെ മാർക്ക്
അൽപ്പനേരം നിശബ്ദനായി, അൽപ്പം കഴിഞ്ഞ് അദ്ധേഹം തുടർന്നു
“ലീയുടെ യോ?”.
മാർക്ക് അമ്പരപ്പോടെ ചോദിച്ചു.
“അതെ അച്ഛാ ലീയുടെ തന്നെ “
അവൾ മറുപടി നൽകി, തുടർന്ന് ബാഗിൽ നിന്ന് കുറച്ച് പണം അദ്ധേഹത്തിനു നൽകി
“ഇതു വാങ്ങു, പണിക്കൂലിയേക്കാൾ അധികമുണ്ട് ഒരു മകൾ തരുന്ന പോലെ കരുതിയാൽ മതി”..
അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ പണം സ്വീകരിച്ചു.
“അല്ല മോൾടെ പേര് പറഞ്ഞില്ലല്ലോ?”
ഇതു കേട്ടതും അവൾ മറുപടി നൽകി
“ഞാൻ ലിയ, ഫ്ലവർ ഗാർഡന്റെ അടുത്താണ് താമസം. “
അവൾ പുഞ്ചിരിച്ചു. മാർക്ക് തുടർന്നു ,
” അല്ല ലീ മോനേ എങ്ങിനെ അറിയാം” ?
ഇതു കേട്ട ‘ലിയ’ തെല്ലൊന്നു പതറി ,
” അത് അത് ,ഞാൻ പറഞ്ഞത് വൈകരുതേ”
അവൾ വിഷയം മാറ്റിക്കൊണ്ട് യാത്ര ചോദിച്ച് നടന്നു നീങ്ങി.ദൂരേക്ക് നടന്നകലുന്ന ലിയയേ നോക്കി മാർക്സ് സ്വയം പറഞ്ഞു,
“ആരായിരിക്കാം ആ കുട്ടി
ചിലപ്പോൾ കൂട്ടുകാരി ആയിരിക്കും, “.
സമയം വൈകുന്നേരത്തോടടുക്കുന്നു മാർക്ക് തന്റെ കച്ചവടം മതിയാക്കി ശിൽപ്പങ്ങളെല്ലാം എടുത്തു വെച്ചു.
“തണുത്ത കാറ്റ് വേഗം വീട്ടിലെത്തണം കുറച്ച് മത്സ്യം പോകുന്ന വഴിക്ക് വാങ്ങാം”.
സ്വയം പിറുപിറുത്തു കൊണ്ട് അദ്ധേഹം അന്നത്തെ കച്ചവടം മതിയാക്കി വീടു ലക്ഷ്യമാക്കി നടന്നു നീങ്ങി.
ഇരുണ്ട പ്രകാശത്തിൽ അവ്യക്തമായ യാത്രക്കാരുടെ രൂപം കണ്ടാൽ മഞ്ഞു കൊണ്ട് നിർമ്മിച്ച രൂപങ്ങളാണെന്ന് തോന്നും. മാർക്ക് അൽപ്പം ക്ഷീണിതനാണെങ്കിലും തന്റെ പ്രിയ പത്നി ഭക്ഷണം ഒന്നും കഴിച്ചു കാണില്ല എന്ന ചിന്തയിൽ ധൃതിയിൽ നടന്നു നീങ്ങി, ഒപ്പം ചന്തയിൽ നിന്നു വാങ്ങിയ മീനുമായി.
വിവിധ വർണ്ണങ്ങളിലുള്ള മത്സ്യങ്ങൾ, അന്ത്യശ്വാസം വലിച്ചുവെങ്കിലും കണ്ടാൽ ജീവനുള്ള പോലെ തോന്നിക്കുന്നവ അവയുടെ ശരീരത്തിൽ മഞ്ഞു തുള്ളികൾ പറ്റിപിടിച്ചിരിക്കുന്നു, വാലിൻ തുമ്പത്തുപിടിച്ച മാർക്ക്ന്റെ കൈകളുടെ ചലനത്തിനനുസരിച്ച് ചലിക്കുന്ന മത്സ്യങ്ങളെ കണ്ടാൽ അവയെല്ലാം നൃത്തം അഭ്യസിച്ചവയാണെന്ന് തോന്നിപ്പോക്കും.
“ഹൊ എന്തൊരു തണുപ്പ് ,അൽപ്പം കൂടെ നടക്കാനുണ്ടല്ലോ”
മാർക്ക് കോൺഗ്രീറ്റ് പാതയിലൂടെ വേഗത്തിൽ നടന്നു നീങ്ങി…
അദ്ധേഹം വീടിന്റെ മുന്നിൽ എത്തിയതും നിരാശനായി.
” അവൾ ഇന്നും ?”
അലക്ഷ്യമായി വലിച്ചെറിഞ്ഞ പൂച്ചട്ടികൾ, ചിലത് പൊട്ടിയിട്ടുണ്ട് അതിലെ ചെടികൾ പറിച്ചെറിഞ്ഞിട്ടുണ്ട്, കൈയ്യിലെ മത്സ്യവുമായി മാർക്ക് വേഗത്തിൽ അകത്തേക്ക് നടന്നു.
“ലിസാ….ഡിയർ… “
മാർക്ക് തന്റെ പ്രിയതമ എവിടെ എന്നറിയാതെ തെല്ലു ഉത്കണ്ഠയിൽ വിളിച്ചു .
വിശാലമായ ഹാളിലേക്ക് പ്രവേശിച്ച മാർക്ക് ചുറ്റുമൊന്നു നോക്കി .
അടുക്കി വെച്ച സാധനങ്ങളെല്ലാം അവിടിവിടെയായി വലിച്ചെറിഞ്ഞ നിലയിൽ
ചിതറിക്കിടക്കുന്നു. നെരിപ്പോടിന്റെ അരികിൽ ചാരുകസേരയിൽ ഇരിക്കുന്ന തന്റെ പ്രിയപത്നിയെ നോക്കി അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
കൈയ്യിലെ മത്സ്യങ്ങൾ ഡൈനിംഗ് ടേബിളിൽ വച്ചുകൊണ്ട് അദ്ദേഹം കണ്ണുകൾ തുടച്ചു .
“ലിസാ “
ഇടറിയ ശബ്ദത്തിൽ അദ്ധേഹം പതിയെ വിളിച്ചു.
ശബ്ദം കേട്ടയുടനെ തന്നെ അവൾ തിരിഞ്ഞു നോക്കി.
“മോൻ വന്നോ… മോനേ ലീ…. “
ഇരിപ്പിടത്തിൽ നിന്ന് പെട്ടെന്നവൾ ചാടി എഴുന്നേറ്റുകൊണ്ട് അദ്ധേഹത്തിന്റെ അടുത്തേക്കു പാഞ്ഞു.
“എവിടെ എന്റെ മോൻ, രാവിലെ മത്സ്യം വാങ്ങാൻ പോയതാ, കാണുന്നില്ലല്ലോ, എവിടെയാ ലീ … ലീ …..”
ലിസ അവിടെ ആകാംക്ഷയോടെ പരതി.
“അവൻ വന്നില്ല അല്ലേ?” അവൾ വിതുമ്പി.
എന്തു പറയണമെന്നറിയാതെ മാർക്ക് അൽപ്പനേരം മൗനമായി .
“ലിസ അവനെ ഞാൻ ചന്തയിൽ നിന്നു കണ്ടു, കച്ചവടവുമായി ബന്ധപ്പെട്ട് തിരക്കിലാണ്, ദേ നോക്കു നിനക്കവൻ വാങ്ങി തന്നയച്ചതാണ് “
മേശപ്പുറത്തിരുന്ന മത്സ്യത്തെ ചൂണ്ടി കാണിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ലിസ അവിടേക്ക് സൂക്ഷിച്ചു നോക്കി, പതിയെ അടുത്തേക്കു നടന്നു..
സൂക്ഷ്മമായി നോക്കി .
“വേണ്ട എനിക്കിതൊന്നും വേണ്ട എനിക്കെന്റെ മോനേ കാണണം, അവൻ വരാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കില്ല” ലിസ വിതുമ്പി.
നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് മാർക്ക് അവളെ ആശ്വസിപ്പിച്ചു.
” ഡിയർ എന്താണിത് നമ്മുടെ ലീമോൻ വരും, നീ ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞാൽ അവൻ വിഷമിക്കില്ലെ? ഭക്ഷണമെല്ലാം കഴിച്ച് സന്തോഷമായി ഇരിക്കണം കേട്ടോ “
ശരിയെന്നഭാവത്തിൽ ലിസ തലയാട്ടി.
ചിതറിക്കിടക്കുന്ന പുസ്തകങ്ങളും അടുക്കിപ്പെറുക്കി വയ്ക്കാൻ തുടങ്ങി.
അതിനിടയിൽ ഡയറിയുടെ ഇടയിൽ നിന്ന്
ഒരു ഫോട്ടോ താഴെ വീണു.
“എന്താണിത്? ഇതു ലീയുടെ ഡയറി ആണല്ലോ? “
അദ്ധേഹം താഴെ വീണ ഫോട്ടോ എടുത്തു നോക്കി. മാലാഖ പോലൊരു പെൺകുട്ടി, മാർക്ക് ഡയറി മറിച്ചു നോക്കി.
” നീ കാണും എന്നിലൂടെ ” എന്ന വാചകം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.കൂടാതെ തന്റെ ഇരു കണ്ണുകളും ദാനംചെയ്യുന്നു എന്ന സാക്ഷ്യപത്രവും.
തുടർന്നുള്ള കുറിപ്പുകൾ അദ്ധേഹം വായിച്ചു തുടങ്ങി.
” ഞാൻ സമൂഹത്തിൽ ഒറ്റപ്പെട്ടു ,ആളുകൾ അറപ്പോടെ നോക്കി കളിയാക്കുന്നു. ജീവിക്കാൻ മോഹമുണ്ട് പക്ഷേ…..
കൂടെനിന്നവർ ഇവർ മാത്രം
ലിറ്റിൽ സാനിയയും അവളുടെ അമ്മ ലിയയും…”
അദ്ധേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“മോനേ ” …. മൈ ഡിയർ ….
അയാൾ ആ ഡയറി നെഞ്ചോടു ചേർത്തുകൊണ്ട് വിതുമ്പി.
സമയം രാത്രി 8 മണി ലിസയേയും കൂട്ടി മാർക്ക് തന്റെ ശിൽപ്പനിർമ്മാണ ഭാഗത്തേക്ക് നടന്നു.വീടിന്റെ ഉള്ളിൽ തന്നെ പ്രത്യേക മുറി സജ്ജമാക്കിയ അദ്ധേഹം അവിടെ തന്നെയാണ് അധികം ജോലികളും ചെയ്യാറുള്ളത് .
ഇരുണ്ട മുറിയിൽ ലൈറ്റ് തെളിയിച്ച് ആ മുറിയിലെ നെരിപ്പോടിനു തീ പകർന്നു.തുടർന്ന് ശിൽപ്പത്തിനുവേണ്ട കല്ലുകൾ സജ്ജമാക്കി അദ്ധേഹം ശിൽപ്പ നിർമ്മാണത്തിൽ മുഴുകി,കൂട്ടിന് ലിസയുമുണ്ട്
എന്താണ് ചെയ്യുന്നതെന്ന് ആ മാതാവിന് മനസ്സിലാകുന്നില്ല, സൂക്ഷിച്ചു നോക്കുന്നുണ്ട്.
ദിവസം 4 കഴിഞ്ഞു പതിവുപോലെ എല്ലാ ദിനങ്ങളും കടന്നുപോയി ശിൽപ്പം തയ്യാറായിക്കഴിഞ്ഞു.ലിസാ ആ പ്രതിമയ്ക്കരികിൽ തന്നെയാണ് എപ്പോഴും.
“എന്താഡിയർ ഇതു? വരൂ.. വന്നു കിടക്കു, സമയം വൈകിയിരിക്കുന്നു”.
മാർക്ക് തന്റെ പത്നിയെ അവിടെ നിന്ന് എഴുന്നേൽപ്പിച്ചു.
പോകുന്ന വഴിക്ക് ആ മാതാവ് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.പുഞ്ചിരിതൂകുന്ന ‘ലി’യുടെ ജീവനുള്ളതെന്ന് തോന്നിക്കുന്ന പ്രതിമ.
മാർക്ക് ലൈറ്റണച്ച് കിടന്നുവെങ്കിലും ഉറക്കം ആ ഇമകളെ തഴുകിയില്ല. അദ്ധേഹം ചിന്തകളിൽമുഴുകി
“നാളെ അവർ പ്രതിമ കൊണ്ടുപോകാൻ വരും
മോന്റെ വിവരങ്ങൾ അവർക്കെന്തായാലും അറിയാതിരിക്കില്ല അവസാനമായി ഒന്നു കാണാൻ പോലും ഞങ്ങൾക്കായില്ല വിവരം മാത്രം ലഭിച്ചു വരട്ടെ ചോദിക്കാം “…
നെടുവീർപ്പിട്ടുകൊണ്ട് അദ്ദേഹം പതിയെ ഉറക്കത്തിലാഴ്ന്നു.
പിറ്റേന്ന് രാവിലെ പതിവുപോലെ ചായയുമായി മാർക്ക് ലിസയുടെ അടുത്തെത്തി.
ലിസ ഇന്ന് പതിവിലും സന്തോഷവതിയാണ് .
“ഓഹ് ഡിയർ സുന്ദരിയായിരിക്കുന്നല്ലോ, പുതിയ വസ്ത്രവുമൊക്കെ ആണല്ലോ?”
പുഞ്ചിരിച്ചു കൊണ്ട് മാർക്ക് പറഞ്ഞു .
ഇതുകേട്ടതും ലിസാ വളരെ ആവേശത്തിൽ മറുപടി നൽകി.
“നിങ്ങളറിഞ്ഞില്ലേ?”
എന്താ?
മാർക്ക് കാര്യം തിരക്കി.
ലിസ തുടർന്നു ,
“ഞാനിന്നലെ പറയാൻ മറന്നു പോയി, മോൻ ഇന്നു വരും “
ലിസ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അദ്ധേഹത്തിന്റെ മുഖത്തു നോക്കി.
നിരാശനായി നിൽക്കുന്ന മാർക്കിനെ കണ്ട് ലിസ വീണ്ടും ചോദ്യമുയർത്തി .
“എന്താ ആലോചിക്കുന്നത്?, ചെല്ലൂ പുതിയ ഡ്രസ്സ് ഇടൂ… “
ശരിയെന്നമട്ടിൽ തലയാട്ടിക്കൊണ്ട് കൈയ്യിലെ കപ്പ് ലിസയ്ക്കു നൽകി.
സമയം കടന്നു പോയി, വീടിന്റെ ഉമ്മറത്ത് ഒരു കുതിരവണ്ടി വന്നുനിന്നു .
ശബ്ദം കേട്ട ഉടൻ ലിസാ ഓടിയെത്തി, മാർക്ക് ആരാണെന്നറിയാൻ പിന്നാലെ എത്തി.
കുതിരവണ്ടിയിൽ നിന്ന് മനോഹരമായി വസ്ത്രം ധരിച്ച രണ്ടുപേർ ഇറങ്ങി.
മാർക്കിനു അവർ മാലാഖമാരേ തോന്നി.
ഓടിയെത്തിയ ലിസയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.
“അതെ ഇതു അവൾ ലിയ ആണല്ലോ”
മാർക്ക് ആ കുഞ്ഞു മാലാഖയെ ശ്രദ്ധിച്ചു
ഫോട്ടോയിൽ കണ്ടതിനേക്കാൾ ഓമനത്തമുള്ള മുഖം, ചുരുണ്ട തവിട്ടു നിറമുള്ള മുടി ആ പിഞ്ചുമുഖത്ത് പുഞ്ചിരി വിടർന്നു. മാർക്ക്അവരുടെ അടുത്തേക്കു നടന്നു.
“മാഡം പറഞ്ഞ ശിൽപ്പം തയ്യാറായിട്ടുണ്ട്, വരു അകത്തോട്ടിരിക്കാം.”
അവരെ സ്വാഗതം ചെയ്തുകൊണ്ട് അദ്ധേഹം
വീടിനകത്തേക്ക് ആനയിച്ചു.
ലിസ ആരാണെന്ന് അറിയാതെ സൂക്ഷിച്ചു നോക്കി.. ലിയ മോളെ വാരിയെടുത്തു.
ആ കുഞ്ഞുപെൺകുട്ടി താഴെ ഇറങ്ങാൻ വാശിപിടിച്ചു.
“എന്താ മോളെ നിനക്ക് പരിചയമില്ലാത്ത സ്ഥലമാ തട്ടിവീഴും “
ലിയ മോളെ ആശ്വസിപ്പിച്ചു.
“എന്താ മാഡം അവൾ നടക്കട്ടെ താഴെ ഇറക്കു കൊച്ചു കുഞ്ഞുങ്ങൾ ഓടിക്കളിക്കേണ്ട പ്രായമാ”
മാർക്ക് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
“അത് വേറൊന്നുമല്ല അവൾക്ക് കാഴ്ച്ചയില്ല”
അൽപ്പനേരം അവിടെ മൂകമായി .
“വരു ഇരിക്കു, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം “
മാർക്ക് അകത്തേക്ക് പോയി.
ലിസ ആ പിഞ്ചുകുഞ്ഞിനെ നോക്കി, ആദ്യം മുഖംചുളിച്ചു, പിന്നീട് പുഞ്ചിരിച്ചു. ഓടിവന്ന് വാരിയെടുത്ത്
അവർ കുഞ്ഞിനെ കെട്ടിപ്പിടിച്ച് മുത്തം നൽകി.
“മാഡം ,ശിൽപ്പമെങ്ങിനെയുണ്ട് നോക്കു ഹാൽഫ്പാർട്ട് ആണ് ഈ ശിൽപ്പം മുഴുവൻ രൂപമില്ല”.
കുടിക്കാൻ പാനീയം നൽകിയതിനു ശേഷം അകത്തുനിന്ന് ശിൽപം ടേബിളിൽ വച്ചു മാർക്ക് കൊണ്ട് പറഞ്ഞു .
“ഇറ്റ്സ് റിയലി ബ്യൂട്ടിഫുൾ “
ലിയ ശിൽപ്പത്തെ തലോടിക്കൊണ്ട് പറഞ്ഞു.
“മോളെ ലീ എവിടെയാണ് ,മരിച്ചു എന്ന വാർത്തയല്ലാതെ ഒന്നുമറിയില്ല ഞങ്ങൾക്ക്,
ദേ ഇതു നോക്കു ഈ ഡയറിയിൽ നിങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ടല്ലോ?, പറയു എവിടെയാ അവൻ?”.
മാർക്കിന്റെ കണ്ണുകൾ നിറഞ്ഞു .
ഡയറി മറിച്ചു നോക്കിക്കൊണ്ട് നിറകണ്ണുകളോടെ ലിയ പറഞ്ഞു.
“അത്….. സത്യമാണ് അച്ഛാ ‘ലീ ‘ നമ്മെവിട്ട് പോയി എന്ന വാർത്ത സത്യമാണ്.
ഒരു ആക്സിഡന്റ് ആയിരുന്നു. ഫ്ലവർ ഗാർഡനിൽ ഇടയ്ക്കിടെ വരുമായിരുന്ന ‘ ലീ ‘ മോളേ കാണുകയും അവർ തമ്മിൽ നല്ല കൂട്ടാവുകയും ചെയ്തു ,അവൾക്ക് കാഴ്ച്ചയില്ലാത്തത് ലീ യെ വല്ലാതെ അലട്ടിയിരുന്നു. ഒടുവിൽ അദ്ധേഹത്തിന്റെ ഒരു കണ്ണ് മോൾക്ക് നൽകാൻ അദ്ദേഹം തീരുമാനിക്കുകയും സാക്ഷ്യപത്രത്തിൽ ഒപ്പ് നൽകി തരികയും ചെയ്തു.അങ്ങനെ ഇരിക്കെ ഒരുനാൾ മോള്
ശ്രദ്ധവെട്ടിച്ച് തിരക്കേറിയ റോഡിലേക്ക് ഇറങ്ങുകയും ലീ രക്ഷിക്കാനായി മോളെ റോഡിനരികിലേക്ക് തള്ളിയിട്ടു .പക്ഷേ ആദ്ധേഹത്തോട് ദൈവം കരുണ കാണിച്ചില്ല വലിയ ചരക്കുവണ്ടി ……. “
മുഴുവനാക്കും മുൻപേ അവൾ വിങ്ങിപൊട്ടി.
വലിയ ചക്രങ്ങൾക്കിടയിൽ അരഞ്ഞുതീർന്ന ലീയുടെ ശരീരഭാഗങ്ങളിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. തുടർന്ന് നടപടികൾ കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ മുൻവശത്ത് അദ്ദേഹത്തിനു അന്ത്യവിശ്രമമൊരുക്കി.”
ഇതുകേട്ട മാർക്ക് ഞെട്ടിത്തരിച്ചു നിന്നു.
അങ്കിൾ….. ലീ അങ്കിൾ’…….
ഇരുവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു .
പ്രതിമയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ കുഞ്ഞു മാലാഖ വിതുമ്പുകയാണ്.
“നോക്കു അച്ഛാ ലീ യെ അവൾ കാണുന്നു ഉൾക്കാഴ്ച്ചയിലൂടെ “
അദ്ധേഹത്തിന്റെ കണ്ണുകൾ നൽകിയില്ലെങ്കിലും അവൾ നിന്ന് ലീയെ കാണുന്നു.
മാർക്ക് മോളെ വാരി പുണർന്ന് വിതുമ്പുന്നത് ലിയയും മകന്റെ വരവുംകാത്ത് കഴിയുന്ന ലിസയും സാക്ഷ്യംവഹിച്ചു നിന്നു.

By ivayana