രചന : ശ്രീനിവാസൻ വിതുര ✍

“നിങ്ങൾക്ക് വെയിലാറിയതിന് ശേഷംപോയാൽപ്പോരേ”?
ഭഭ്രയുടെ വാക്കുകൾ വകവയ്ക്കാതെ ഞാൻപുറത്തേയ്ക്ക് നടന്നു.വീടും സ്ഥലവും മകൻ വിൽക്കാനൊരുങ്ങുന്നു. സ്ഥലംനോക്കാൻ പാർട്ടി വന്ന് പോയതിന് ശേഷമാണ് ഞാനറിയുന്നതുതന്നെ, മുപ്പത് വർഷത്തെ അധ്യാപനവൃത്തിയിലൂടെ നിരവധി പേർക്ക് അറിവ്പകർന്ന് കൊടുത്തു. പലരും ഉന്നതിയിലെത്തി.

പക്ഷേ, സ്വന്തം മകന്റെ കാര്യത്തിൽമാത്രം പിഴവുപറ്റി. അവന്റെ ഇഷ്ടത്തിന് ഒരു പെണ്ണിനേയും വിളിച്ചുകൊണ്ട് വന്ന് പ്രത്യേകം താമസ്സമായി, അച്ഛന്റെയും അമ്മയുടേയും സുഖ വിവരങ്ങൾ പോലും അന്വേഷിക്കാറില്ല, കുറച്ച് നാളുകൾക്ക് മുമ്പാണ് അവന് ഒരു ബിസ്സിനസ്സ് തുടങ്ങാൻ ബാങ്കിൽ നിന്നും വായ്പയെടുക്കണമെന്നും, അതിന് ജാമ്യംകൊടുക്കാൻ വീടും സ്ഥലങ്ങളും അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്നും പറഞ്ഞ് വന്നത്. ഭദ്രയുടെ നിർബന്ധത്തിന് വഴങ്ങി എല്ലാം അവന്റെ പേർക്കെഴുതിവച്ചു. പക്ഷേ, ഇങ്ങനെയവൻ ചെയ്യുമെന്ന് മനസ്സിൽ കരുതിയതല്ല. എന്തെങ്കിലും ചെയ്ത് രക്ഷപ്പെടുന്നെങ്കിൽ പെടട്ടെ എന്ന് കരുതി. എന്നാൽ അവന്റെ ഉദ്ദേശ്യം ഇതായിരുന്നു . ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. വല്ലവിധേനയും അതിൽകയറിപ്പറ്റി. കണ്ടക്ടറുടെ കൈയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി ഒരുഭാഗത്തായി ഒതുങ്ങിനിന്നു.


“സാർ ഇവിടിരിക്കണം”
ഞാൻ നോക്കുമ്പോൾ എനിക്ക് വേണ്ടി സീറ്റൊഴിച്ചിട്ട് ഭവ്യതയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ.
ഞാനവിടെയിരുന്നു.
“സാറിനെന്നെ മനസ്സിലായോ” ?
” ഇല്ല “
“ഞാൻ രഘുറാമാണ്, വിതുര സ്കൂളിൽവച്ച് സാറെന്നെ പഠിപ്പിച്ചിട്ടുണ്ട് “
എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഞാൻ നടന്നു.
“നല്ലൊരു പാർട്ടി വന്നിട്ടുണ്ട് , നല്ല വിലയുംതരും, അതാണ് കൊടുക്കാമെന്ന് കരുതിയത് , അച്ഛനും അമ്മയ്ക്കും ഇവിടെ വന്ന് താമസിക്കാമല്ലോ”
എന്നെ കണ്ടപാടെ അരുൺ പറഞ്ഞു.


“ഞങ്ങളുടെ മരണംവരെയെങ്കിലും ആ വീട്ടിൽകഴിയണമെന്നുണ്ട്, അതുവരെ നിനക്കത് കൊടുക്കാതിരുന്നുകൂടെ”
” അച്ഛനെന്തറിഞ്ഞിട്ടാ ഇങ്ങനെ സംസാരിക്കുന്നത്,ഞാൻ അഡ്വാൻസ് വാങ്ങിക്കഴിഞ്ഞു. ഇനി പിൻമാറാൻ കഴിയില്ല”
ഒന്നുംപറയാതെ ഞാൻ തിരിഞ്ഞു നടന്നു.
മനസ്സ് ഇളകിമറിയുകയാണ്. തറവാട് വിട്ടിറങ്ങേണ്ടിവരുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തലചുറ്റുന്നതുപോലെതോന്നി.
ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം മകൻ വിളിച്ചു.


” അച്ഛാ ആധാരം കഴിഞ്ഞു നാളെത്തന്നെ വീടൊഴിഞ്ഞ് കൊടുക്കണം”
രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല, രാവിലെ തന്നെ, മകൻ ഏർപ്പാട് ചെയത വണ്ടിയിൽ ജോലിക്കാർ സാധനങ്ങൾ ഓരോന്നായി കയറ്റാൻ തുടങ്ങി. വരാന്തയിലെ ചാരു കസേരയിൽ നെഞ്ച്തകർന്ന് ഞാനിരുന്നു. സമീപത്തായി കരഞ്ഞുകലങ്ങിയ മുഖത്തോടെ ഭദ്രയും. പെട്ടന്നാണ് ഒരു മാരുതി സ്വിഫ്റ്റ് കാർവന്ന് നിന്നത്, കാറിൽ നിന്നും രണ്ടുപേർ പുറത്തിറങ്ങി. ഒരാളെ കണ്ടുപരിചയമുള്ളതായിട്ട് തോന്നി.
“സാർ ,എന്നെ മറന്നുപോയോ?, ഞാൻ രഘുറാം …..,കുറച്ചു ദിവസം മുമ്പ് ബസ്സിൽ വച്ച് കണ്ടതോർക്കുന്നില്ലേ?, ഞാനാണീ സ്ഥലം വാങ്ങിയത്”
ഞാനയാളെതന്നെ നോക്കിയിരുന്നു.


“സാറിന്റെ വീടാണന്നറിയില്ലായിരുന്നു. ഇന്നലെയാണ് എല്ലാവിവരങ്ങളും ഞാൻ മനസ്സിലാക്കുന്നത്.ഞാനീ വീട് ആർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാമെന്ന് കരുതിയിരുന്നതാണ്, സാറിന് വിരോധമില്ലങ്കിൽ എത്രകാലം വേണമെങ്കിലും,ഇവിടെ താമസിക്കാം”
രഘുറാമിന്റെ വാക്കുകൾ അവിശ്വസനീയതയോടെ ഞാൻ കേട്ടിരുന്നു.

ശ്രീനിവാസൻ വിതുര

By ivayana