രചന : സെഹ്റാൻ✍

കമ്പാർട്ട്‌മെന്റിൽ എനിക്കെതിരെ
സുന്ദരിയായൊരു പെൺകുട്ടി!
പ്രായം പതിനെട്ട്?
പത്തൊമ്പത്?
ചെറിയ സ്കർട്ട് ധരിച്ച അവൾ
കാലുകളകത്തി വെച്ചിരിക്കുന്നു.
അവളുടെ തുടയിടുക്കിൽ
ഒരു റെസ്റ്റോറന്റ്.
വൃത്താകൃതിയുള്ള മേശക്കിരുവശവും
കോഫി നുണയുന്നവർ,
പുറത്തെ പുൽത്തകിടിയിൽ
ഇളവെയിൽ കൊള്ളുന്നവർ,
മധ്യവയസ്ക്കരായ പുരുഷൻമാർ.
സ്ത്രീകൾ, കുട്ടികൾ….
തെളിവാർന്ന ആകാശം.
കാറ്റിൽ തലയാട്ടുന്ന വൃക്ഷങ്ങൾ…
റെസ്റ്റോറന്റിനു ചേർന്നുള്ള
വീഥിയിലൂടെ ബൈക്കിൽ
പായുന്ന യുവകമിതാക്കൾ.
ബൈക്കുകളുടെ ഇരമ്പം. പുക…
തെരുവോരത്ത് നിവർത്തിവെച്ച
തടിയൻപുസ്തകം.
ഒരുപറ്റം വൃദ്ധരത് ശ്രദ്ധാപൂർവ്വം
വായിക്കുന്നു.
പരസ്പരം തർക്കിക്കുന്നു.
ചർച്ചകൾക്ക് തുടക്കമിടുകയാവാം.
ആകാശത്ത് വട്ടമിടുന്നൊരു
ഹെലികോപ്റ്റർ പൊടുന്നനെ
ഇടതടവില്ലാതെ ബോംബുകൾ
വർഷിക്കാൻ തുടങ്ങുന്നു.
റെസ്റ്റോറന്റിൽ കോഫി
നുണയുന്നവർ,
പുൽത്തകിടിയിൽ ഇളവെയിൽ
കൊള്ളുന്നവർ,
പുരുഷൻമാർ,
സ്ത്രീകൾ,
കുട്ടികൾ,
വൃദ്ധർ.
ഏവരും ഇപ്പോൾ ജഢങ്ങൾ.
ചിതറിത്തെറിച്ച ജഢങ്ങൾ.
തെരുവിൽ നിവർത്തിവെച്ച
പുസ്തകത്തിന്റെ ഹൃദയത്തിൽ
കരിഞ്ഞൊരു ദ്വാരം.
വെടിമരുന്നിന്റെ ഗന്ധം.
പുക.
പൊടിപടലങ്ങൾ…
പെൺകുട്ടി കാലുകൾ
കൂട്ടിവെയ്ക്കുന്നു.
കാഴ്ചകൾ മുറിയുന്നു.
തീവണ്ടിയിപ്പോൾ
തിരക്കേറിയൊരു സ്റ്റേഷനിൽ.
ആൾക്കൂട്ടത്തിന്റെ ഇരമ്പം.
മടുപ്പിക്കുന്ന വിയർപ്പുഗന്ധവും,
അസഹ്യമായ വായ്നാറ്റവും
പേറുന്നവർ.
തിരക്കിനിടയിലൂടെ പെൺകുട്ടിയുടെ
പാദങ്ങൾ മാത്രം കാണാം.
കറുത്ത നിറമുള്ള, ഉയരമുള്ള
പാദരക്ഷകൾ.
വെളുത്ത നഖങ്ങൾ.
നഖങ്ങളിൽ കൂടുകൂട്ടിയിരിക്കുന്ന
പ്രാവുകൾ.
മിനുമിനുപ്പാർന്ന അവയുടെ
മുട്ടകൾ.
തിരക്കിനിടയിലും കേൾക്കാവുന്ന
ആ കുറുങ്ങലുകൾ…
🔷🔷🔷

സെഹ്റാൻ

By ivayana