രചന : അഷ്‌റഫലി തിരൂർക്കാട്✍

വിശപ്പു സഹിക്കാൻ വയ്യാതെ അയാൾ ആ തെരുവിലൂടെ വേച്ചു വേച്ചു നടന്നു. മുകളിൽ ജ്വലിക്കുന്ന സൂര്യൻ, താഴെ ചുട്ടുപൊള്ളുന്ന റോഡ്, നഗ്നപാദനായ അയാൾ ഒരു തണലിനായി കൊതിച്ചു.
അല്പം നടന്നപ്പോൾ വലിയൊരു മരം കണ്ടു. അയാൾ തന്റെ ഭാണ്ഡവും തലയ്ക്കു വെച്ച് മരച്ചുവട്ടിൽ തളർന്നുറങ്ങി.


ആ ഉറക്കത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു.വൃദ്ധയായ ഒരു സ്ത്രീ നടക്കാൻ പോലുമാകാതെ വയറു വിശന്നു കരയുന്നു. അയാൾ ഞെട്ടിയുണർന്നു.
മരിച്ചുപോയ അമ്മയെ പോലെ ഒരു സ്ത്രീയാണ് സ്വപ്നത്തിൽ വന്നത്. അയാൾ ആകെ പരിഭ്രാന്തനായി. അയാൾ അവിടെ നിന്നും എണീറ്റ് വീണ്ടും നടക്കാൻ തുടങ്ങി.
അപ്പോഴതാ ഒരു കാക്ക ഒരു തളിക കൊത്തിതിയെടുത്ത് അയാൾക്ക്‌ മുന്നിൽ ഇട്ട് പറന്നകന്നു അയാൾ അതെടുത്തു നോക്കി. അത്‌ കാലിയായിരുന്നു എങ്കിലും അയാൾ അത് കയ്യിലെടുത്തു, ‘എന്തെങ്കിലും കിട്ടിയാൽ കഴിക്കാമല്ലോ’, അയാൾ ചിന്തിച്ചു.
കുറച്ചു ദൂരം നടന്നപ്പോൾ മറ്റൊരു കാക്ക ഒരു മരക്കൊമ്പിലിരുന്ന് കരയുന്നു, അയാൾ മുകളിലേക്ക് നോക്കി, ആ കാക്ക ഒരു പൊതി താഴെ ഇട്ട് പറന്നകന്നു.

അയാൾ അത് തുറന്നു നോക്കി. പൊതി നിറയെ ഭക്ഷണം! അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു പോയി. അയാൾ അത് തളികയിൽ ഇട്ട് ഭക്ഷിക്കാൻ തുടങ്ങി. പെട്ടെന്ന് അയാളുടെ മനസ്സിൽ സ്വപ്നത്തിലെ സ്ത്രീയുടെ ചിത്രം തെളിഞ്ഞു. അയാൾ ആ ഭക്ഷണവുമായി മുന്നോട്ടു നടന്നു അപ്പോൾ ഒരു മൺകുടിലിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. അയാൾ ആ തളികയുമായി അവിടെ എത്തി. അത് ആ സ്ത്രീക്കു നൽകി. അവർ ആർത്തിയോടെ അത് കഴിക്കുന്നത് കണ്ടപ്പോൾ അയാൾക്ക്‌ സന്തോഷമായി.


അയാൾ വീണ്ടും തിരിച്ചു നടന്നു. രാത്രിയായപ്പോൾ അയാൾ ഒരു കടത്തിണ്ണയിൽ ഇരുന്നു. വിശപ്പു സഹിക്കാൻ പറ്റുന്നില്ല. അയാൾ ചുറ്റും നോക്കി. ഒരു നായ എന്തോ കടിച്ചു പിടിച്ച് അയാളുടെ അടുത്തേക്കെത്തി അയാൾ അത്‌ ശ്രദ്ധിച്ചു. മുമ്പ് കണ്ട അതേ തളിക!


ആ നായ അത്‌ താഴെ ഇട്ട് നടന്നകന്നു. അയാൾ അതെടുത്തു കയ്യിൽ വെച്ചു. ദൂരെ ഇരുട്ടിൽ നിന്നൊരാൾ ഒരു ഭക്ഷണപ്പൊതിയുമായി വന്ന് ആ തളികയിൽ വെച്ച് തിരിച്ചു പോയി.അയാളത് വേഗം കഴിക്കാൻ തുടങ്ങി. അപ്പോഴതാ നേരത്തെ കണ്ട നായ വിശന്ന കണ്ണുകളുമായി അയാളെ നോക്കുന്നു. അയാൾ ബാക്കി ഭക്ഷണം ആ നായക്ക് നൽകി ഉറങ്ങാൻ കിടന്നു. രാവിലെ അയാൾ നടക്കാൻ തുടങ്ങി. അടുത്തു കണ്ട ഒരു കുളത്തിൽ ഇറങ്ങി മുഖം കഴുകുമ്പോൾ ഒരു ഭാഗത്ത്‌ എന്തോ ഇളകുന്നതായി അയാൾ കണ്ടു.മുമ്പത്തെ തളിക! അപ്പോഴാണ് അയാൾ അതിനെ കുറിച്ച് ഓർത്തത്.

അയാൾ അത് വീണ്ടും കയ്യിൽ എടുത്തു.മുന്നോട്ടു നടക്കുമ്പോൾ അയാൾ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണസാധനങ്ങൾ കളഞ്ഞിരിക്കുന്നത് കണ്ടു. അയാൾ അത് മെല്ലെ മണ്ണു പറ്റാതെ തളികയിലാക്കി അല്പം കഴിച്ചു. ബാക്കി വന്ന ഭക്ഷണവുമായി നേരത്തെ കണ്ട കുളക്കരയിൽ എത്തി. അയാൾ നോക്കുമ്പോൾ മീനുകൾ കൂട്ടമായി കരയ്ക്കടുത്തേക്ക് വന്നു. അയാൾ കുറേശ്ശെയായി ആ മീനുകൾക്ക്‌ നൽകി. ആ തളിക കഴുകി ഭാണ്ഡത്തിൽ സൂക്ഷിച്ചു. അയാൾ മുന്നോട്ടു നടന്നു. ഒരു മുത്തശ്ശി മാവിൻ ചുവട്ടിലെത്തിയപ്പോൾ അയാൾക്ക്‌ ഒരു പഴുത്ത മാമ്പഴം കിട്ടി. അയാൾ അത്‌ കഴിച്ചുകൊണ്ടിരിക്കെ നേരത്തെ കണ്ട രണ്ടു കാക്കകളിൽ ഒന്ന് മുകളിൽ ഇരുന്നു കരയുന്നു. അയാൾ നോക്കുമ്പോൾ രണ്ടാമത്തെ കാക്ക ഒരു മുള്ളുവേലിയിൽ കെട്ടിയിട്ട നിലയിൽ അനങ്ങാൻ വയ്യാതെ നിൽക്കുന്നു. അയാൾ അതിനെ രക്ഷപ്പെടുത്തി.

അത് സന്തോഷത്തോടെ മരത്തിൽ പറന്നെത്തി. അയാൾ മുന്നോട്ടു നടന്നു. വെയില് കൂടിയപ്പോൾ അയാൾ ഒരു മരത്തണലിൽ കിടന്നു മയങ്ങി. വീണ്ടും അയാൾ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ അയാൾ ഒരു മാലാഖയെ കണ്ടു
നേരത്തെ കണ്ട ഓരോ കഥാപാത്രങ്ങളെയും കുറിച്ച് മാലാഖ പറയാൻ തുടങ്ങി.”ആദ്യം കണ്ട കാക്കകൾ ശരിക്കും രണ്ടു പാവപ്പെട്ട മനുഷ്യർ ആയിരുന്നു. അതിലൊരാൾ വിശപ്പടക്കാൻ അല്പം ഭക്ഷണം മോഷ്ടിച്ചതിന് മറ്റുയുള്ളവരാൽ കൊലചെയ്യപ്പെട്ടതാണ്.മറ്റേയാൾ,പണക്കാർ ഇരിക്കുന്നിടത്ത് കിടന്നതിന്ന് മർദ്ദനമേറ്റ് മരിച്ചു പോയതാണ്.നിങ്ങൾ കണ്ട സ്ത്രീ മകൾ പട്ടിണിക്കിട്ട അമ്മയാണ്.


പിന്നീട് കണ്ട നായ, താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ ആളുകൾ നാടുകടത്തിയ ആളാണ്. ഇരുട്ടിൽ ഭക്ഷണപ്പൊതിയുമായി വന്ന ആൾ ആരോരുമില്ലാതെ, വീടും ഭക്ഷണവുമില്ലാതെ യാതന അനുഭവിച്ച ആളാണ്.കുളത്തിൽ കണ്ട മീനുകൾ ഭക്ഷണം കിട്ടാതെ വിശന്നു മരിച്ച പാവം മനുഷ്യരാണ്. അവസാനം നിങ്ങൾ കണ്ട മുത്തശ്ശിമാവ് ഒരുപാട് പേർക്ക് ഭക്ഷണം നൽകിയ, അഭയം നൽകിയ ഒരു അമ്മയാണ്. മറ്റുള്ളവരെ സഹായിക്കുന്നവർ എപ്പോഴും നന്മയിൽ ആയിരിക്കും ” മാലാഖ പറഞ്ഞു നിർത്തി.
” അപ്പോൾ ആ തളികയോ ? “
അയാൾ ചോദിച്ചു.


” അത് നിങ്ങളെ പോലെയാണ്, അതിനു സ്വന്തമായി മറ്റുള്ളവരുടെ വിശപ്പടക്കാനോ, സഹായിക്കാനോ കഴിയുന്നില്ലെങ്കിലും അതിനു സഹായിച്ചിരുന്ന ഒരാളുടെ പ്രതീകമാണത്. ഇനിയും നന്മയിലായിരിക്കുക, ദൈവം നിങ്ങളെ സഹായിക്കും”. മാലാഖ പറഞ്ഞു.
ഉറക്കമുണർന്നപ്പോൾ മുത്തശ്ശിമാവ് തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. വീണ്ടും വിശന്ന വയറുകൾക്ക്‌ ശമനമേകാൻ അയാൾ തന്റെ ഭാണ്ഡവും ചുമന്നു മുന്നോട്ടു നീങ്ങി.

അഷ്‌റഫലി തിരൂർക്കാട്

By ivayana