രചന : ബിന്ദു കുറ്റിപ്പാല ✍️
ഒരു ദിവസം
ആരും കാണാതൊരു
കുന്നു കേറണം
പെൺശരീരശാസ്ത്ര നിരൂപണം
നടത്താനാളില്ലാത്തിടത്തെത്തണം
അവിടെനിക്കെൻ്റെ
ഇഷ്ടത്തിനിരിക്കണം
അവിടിരുന്നാകാശം നോക്കി
ഉച്ചിയിൽ കൈവച്ചുറക്കെക്കൂവണം
താഴെനിന്നെന്നൊച്ച കേട്ട്
അവർ ഞെട്ടണം
കുന്നിനപ്പുറം പച്ചപുതച്ച താഴ്‌വാരത്തിലേയ്ക്ക്
ഉടുപ്പില്ലാതെ ഊളിയിടണം
എന്നുടലിലുരുമ്മുന്ന
പുൽനാമ്പുകളാൽ
ഇക്കിളി പൂണ്ടുലയണം
മഞ്ഞിറ്റുമിരവിലെൻ മെയ്
പുണരും വെൺനിലാവിനെ
നാണമില്ലാതാ താരകൾ
കണ്ടു കൊതിച്ചോട്ടെ
പുലരിയെത്തും മുന്നെ
ആലസ്യമാർന്ന മിഴികളിൽ
നിർവൃതിയുടെ തുടുപ്പേറ്റിയാ
കുളിരരുവിയിൽ
എനിക്കൊന്നു മുങ്ങിനീരണം
മതി’…… കുന്നിനപ്പുറം പോകാം
അവിടെൻ്റെ ഒറ്റമുറിയിൽ
മുഷിഞ്ഞ ചേലയിലെന്നെ
പൊതിഞ്ഞെടുത്ത്
കുലസ്ത്രീയായി
നടിക്കാനുള്ളതാണ്……

